വിവാഹ പര്‍ച്ചേസുകാര്‍ക്ക് വന്‍ ആഘാതം, സ്വര്‍ണം ഈ മാസത്തെ പുതു ഉയരത്തില്‍
അന്താരാഷ്ട്ര സ്വര്‍ണ വില പുതിയ റെക്കോഡില്‍, വെള്ളിക്ക് വില മാറ്റമില്ല
വിവാഹ പര്‍ച്ചേസുകാര്‍ക്കും സ്വര്‍ണാഭരണ പ്രിയര്‍ക്കും ആശങ്കയായി സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ വര്‍ധന. ഇന്ന് ഗ്രാം വില 50 രൂപ വര്‍ധിച്ച് 6,710 രൂപയും പവന്‍ വില 400 രൂപ വര്‍ധിച്ച് 53,680 രൂപയുമായി.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങളും കല്ലുവച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,550 രൂപയിലെത്തി.
അതേ സമയം ഇന്നലെ ഗ്രാമിന് ഒരുരൂപ വര്‍ധിച്ച വെള്ളി വില ഇന്ന് അനക്കമില്ലാതെ 92 രൂപയില്‍ തുടരുന്നു.
അന്താരാഷ്ട്ര സ്വര്‍ണ വില കൂടുന്നു
ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 2,531.72 ഡോളറെന്ന പുതിയ റെക്കോഡ് തൊട്ടതാണ് കേരളത്തിലും വില വർധിപ്പിച്ചത്.വ്യാപാരാന്ത്യത്തില്‍ 2,512.98 ഡോളറിലേക്ക് താഴ്‌ന്നെങ്കിലും ഇന്ന് വീണ്ടും തിരിച്ചു കയറി. നിലവിൽ 0.18 ശതമാനം ഉയര്‍ന്ന് 2,517 ഡോളറിലാണ് വ്യാപാരം.
ഡോളര്‍ ദുര്‍ബലമായതും സെപ്റ്റംബറില്‍ അമേരിക്കയില്‍ അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കുമെന്ന നിഗമനങ്ങളുമാണ് സ്വര്‍ണത്തില്‍ റാലിയ്ക്കിടയാക്കിയത്. ഇന്നലെ ഡോളര്‍ ഏഴ് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. വെള്ളിയാഴ്ചത്തെ ഫെഡറല്‍ റിസര്‍വിന്റെ കമന്റുകള്‍ക്കായി ട്രേഡര്‍മാര്‍ കാത്തിരിക്കുന്നതാണ് ഡോളറില്‍ ഇടിവുണ്ടാക്കിയത്.
ഒരു പവന്‍ സ്വര്‍ണത്തിന് എന്തു കൊടുക്കണം?
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നികുതിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ചാര്‍ജുമടക്കം ഏറ്റവും കുറഞ്ഞവില 58,108 രൂപയാണ്. ഓരോ ജുവലറിയിലും പണിക്കൂലി വ്യത്യസ്തമായതിനാല്‍ നിരക്കും വ്യത്യാസപ്പെട്ടിരിക്കും.