സ്വര്‍ണം വീണ്ടും കരുത്താര്‍ജിക്കുന്നു, രണ്ട് ദിനം കൊണ്ട് 1040 രൂപയുടെ വര്‍ധന

വെള്ളി വിലയിലും മുന്നേറ്റം

Update:2024-11-19 10:45 IST

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും കുതിപ്പ്. ഗ്രാം വില 70 രൂപ വര്‍ധിച്ച് 7,065 രൂപയും പവന്‍ വില 560 രൂപ ഉയര്‍ന്ന് 56,520 രൂപയുമായി. രണ്ട് ദിവസം കൊണ്ട് 1,040 രൂപയുടെ വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5,830 രൂപയായി. വെള്ളി വിലയും ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 99 രൂപയായി.
രാജ്യാന്തര വിലയുടെ ചുവടു പിടിച്ചാണ് കേരളത്തിലും സ്വര്‍ണ വില മുന്നേറുന്നത്. ഇന്നലെ ഔണ്‍സ് വില 1.99 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് 2,622 ഡോളറിലാണ് വ്യാപാരം.

വില ഉയരാൻ കാരണം 

ഡോളര്‍ ദുര്‍ബലമായതും മറ്റ് കറന്‍സികള്‍ ലാഭമെടുപ്പ് നടത്തിയതുമാണ് സ്വര്‍ണത്തെ ഉയര്‍ത്തുന്നത്.
യു.എസില്‍ നിന്ന് വീണ്ടും പലിശ നിരക്കുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടായേക്കുമോ എന്നാണ് നിക്ഷേപകര്‍ കാതോര്‍ക്കുന്നത്. സ്വര്‍ണ വില ഉയര്‍ത്തുന്നതില്‍ ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് കുറയ്ക്കല്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. സെപ്റ്റംബറിനു ശേഷം ഇതു വരെ 0.75 ശതമാനത്തോളം കുറവ് അടിസ്ഥാന പലിശ നിരക്കുകളില്‍ വന്നിട്ടുണ്ട്. ഡിസംബറില്‍ വീണ്ടുമൊരു കാല്‍ ശതമാനം കുറവു വരുത്തിയേക്കുമെന്നാണ് പ്രതീക്ഷകള്‍. അടുത്തിടെ യു.എസില്‍ നിന്ന് പുറത്തുവന്ന കരുത്തുറ്റ സാമ്പത്തിക കണക്കുകള്‍ കടുതല്‍ നിരക്ക് വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലുകളിലേക്കും നിക്ഷേപകരെ എത്തിക്കുന്നുണ്ട്.
ഇതിനൊപ്പം മിഡില്‍ ഈസ്റ്റിലെ യുദ്ധമുള്‍പ്പെടെയുള്ള ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സ്വര്‍ണത്തെ ബാധിച്ചേക്കാം.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വരുമെന്ന് ഉറപ്പായതിനു പിന്നാലെ സ്വര്‍ണ വിലയില്‍ വലിയ ഇടിവുണ്ടായിരുന്നു. റെക്കോഡ് വിലയില്‍ നിന്ന് 7 ശതമാനത്തിലധികം താഴേക്ക് പോയിരുന്നു.
കേരളത്തിലും കല്യാണ പര്‍ച്ചേസുകാര്‍ക്കുള്‍പ്പെടെ ആശ്വാസം പകര്‍ന്ന് നവംബറില്‍ സ്വര്‍ണ വില പവന് 4,160 രൂപ വരെ ഇടിഞ്ഞിരുന്നു. ഇത് വില്‍പ്പന ഉയരാന്‍ ഇടയാക്കുകയും ചെയ്തു. നിരവധിപേര്‍ കുറഞ്ഞ വിലയില്‍ ബുക്കിംഗ് അവസരം പ്രയോജനപ്പെടുത്തുകയും ചെയ്തു. 
Tags:    

Similar News