തുടര്‍ച്ചയായ വമ്പന്‍ കയറ്റങ്ങള്‍ക്കു ശേഷം വിശ്രമമെടുത്ത് സ്വര്‍ണം, സെഞ്ച്വറിയടിക്കാന്‍ വെള്ളി
അന്താരാഷ്ട്ര സ്വര്‍ണ വില റെക്കോഡില്‍ നിന്നിറങ്ങി
ആറ് ദിവസം നീണ്ടു നിന്ന കുതിപ്പിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഇടവേളയെടുത്തു. ഗ്രാം വില 7,060 രൂപയിലും പവന്‍ വില 56,480 രൂപയിലും മാറ്റമില്ലാതെ തുടരുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാം വില 5,840 രൂപയില്‍ തുടരുന്നു.
അതേസമയം, വെള്ളി വില തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റത്തിലാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 99 രൂപയായി.
സര്‍വകാല ഉയരത്തിലാണ് സ്വര്‍ണ വിലയുടെ ഇന്നത്തെ വിശ്രമം. പശ്ചിമേഷ്യന്‍ യുദ്ധ ഭീതിയും അമേരിക്കന്‍ പലിശ നിരക്ക് കുറവ് പ്രഖ്യാപനവും അന്താരാഷ്ട്ര വിലയ്‌ക്കൊപ്പം കേരളത്തിലെ വിലയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുതിപ്പുണ്ടാക്കിയിരുന്നു. ഇന്നലെ ഔണ്‍സിന് 2,670.60 ഡോളറിലെത്തി റെക്കോഡ് ഇട്ട സ്വര്‍ണം വ്യാപാരാന്ത്യം 2,656.82 ഡോളറിലേക്ക് താഴ്ന്നിരുന്നു, ഇന്ന് രാവിലെ 2,662.31 ഡോളറിലാണ് വ്യാപാരം തുടരുന്നത്. അന്താരാഷ്ട്ര വില റെക്കോഡില്‍ നിന്നിറങ്ങിയതാണ് ഇന്ന് കേരളത്തില്‍ വില മാറ്റമില്ലാതെ തുടരാന്‍ കാരണം.
സ്വര്‍ണാഭരണത്തിന് തീവില
വിവാഹം പോലെ ഉള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങിയേ പറ്റൂ എന്ന് ആവശ്യമുള്ളവര്‍ക്ക് കൈപൊള്ളുന്ന വിലയില്‍ വാങ്ങേണ്ടി വരും. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയാണങ്കിലും ഒരു പവന്‍ ആഭരണത്തിന് ഈ തുക മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 61,136 രൂപയ്ക്ക് അടുത്ത് വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ചും സ്വര്‍ണാഭരണ ശാലകളെ അനുസരിച്ചും പണിക്കൂലിയില്‍ വ്യത്യാസം വരുമെന്ന് മറക്കരുത്.