യു.പി.ഐ ഇടപാടിനെ തുടര്‍ന്ന് അക്കൗണ്ട് മരവിപ്പിക്കല്‍: വ്യാപാരികള്‍ക്ക് ആശ്വാസമായി കോടതി വിധി
ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ വ്യാപാരത്തില്‍ വന്‍ നഷ്ടമാണ് നേരിടുന്നതെന്ന് ഹര്‍ജിക്കാര്‍;
സൈബര്‍ പരാതിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കരുതെന്ന് കേരള ഹൈക്കോടതിയുടെ വിധി. സൈബര്‍ പരാതി സംബന്ധിച്ച അന്വേഷണം എട്ട് മാസത്തിനകം പൂര്‍ത്തീകരിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
യു.പി.ഐ ഇടപാടു നടന്നതിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ട വ്യക്തികള്‍ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
സൈബര്‍ കേസില്‍പെട്ട ഒരു പ്രതി യു.പി.ഐ വഴി വ്യാപാരികളുടെ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് അധികൃതര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ വ്യാപാരത്തില്‍ വന്‍ നഷ്ടമാണ് നേരിടുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ (NCCP) വരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നത്. കേരളത്തിലെ നിരവധി വ്യാപാരികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഹൈക്കോടതി വിധി.
അതേസമയം, മുഴുവന്‍ ബാങ്ക് അക്കൗണ്ടും മരവിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് ചോദിച്ചു. ഏതെങ്കിലും ഒരു ഇടപാട് നടന്നതുമായി ബന്ധപ്പെട്ടാവും പരാതി ഉയര്‍ന്നത്. ആ തുക മാത്രമേ മരവിപ്പിക്കാന്‍ പാടുള്ളൂ. നിശ്ചിത സമയത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി ആ തുകയും വിട്ടുകൊടുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഹര്‍ജിക്കാരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കേണ്ടതുണ്ടോയെന്നും അങ്ങനെയെങ്കില്‍ എത്ര കാലത്തേക്കെന്നും ബാങ്കുകളെ അറിയിക്കാനും കോടതി പോലീസിന് നിര്‍ദേശം നല്‍കി. അങ്ങനെ ചെയ്തില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാതന്ത്ര്യമുണ്ടെന്നും വിധിയില്‍ പറയുന്നു.