ഇത് ഒരു നിഷയുടെ കഥയല്ല, ഒരുപാട് നിഷമാരുടേതാണ്

ട്രെയിനില്‍ വനിതകള്‍ അടക്കമുള്ളവരുടെ തൂങ്ങിയാത്ര കേരളത്തിലെ നിത്യക്കാഴ്ച

Update:2024-10-03 20:22 IST

പാലാരിവട്ടത്തെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണ് മാരാരിക്കുളം സ്വദേശിനി നിഷ. വൈകിട്ട് ഓഫീസില്‍ നിന്നിറങ്ങിയാല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഒരു ഓട്ടപ്പാച്ചിലാണ്. സ്‌റ്റേഷനിലെത്തുമ്പോഴേക്കും കായംകുളം പാസഞ്ചര്‍ നിറഞ്ഞു കവിഞ്ഞിട്ടുണ്ടാവും. അകത്തേക്ക് കയറി നില്‍ക്കാന്‍ മല്ലയുദ്ധം തന്നെ വേണ്ടിവരും. കൈയൂക്കുള്ളവര്‍ അകത്തു കയറും. പക്ഷേ, ഈ തിരക്ക് സഹിച്ചിട്ടായാലും നിഷക്ക് വേഗം വീടെത്തിയേ തീരൂ. വീട്ടില്‍ പ്രായമായ അമ്മയും മൂന്ന് വയസുകാരന്‍ കുഞ്ഞും മാത്രം. അമ്മക്കാണെങ്കില്‍ തീരെ വയ്യ. അതോര്‍ക്കുമ്പോള്‍ ഒറ്റച്ചാട്ടത്തിന് നിഷ വണ്ടിയുടെ ഡോര്‍ പിടിയില്‍ തൂങ്ങും. ട്രെയിനിന്റെ വേഗം കൂടുന്നതിനൊത്ത് ഡോറിനോടു ചേര്‍ന്ന കമ്പിയില്‍ പിടി മുറുകും. ജീവന്‍ വാരിപ്പിടിച്ചൊരു യാത്രയാണത്.

ഇത് ഒരു നിഷയുടെ മാത്രം കഥയല്ല. എറണാകുളത്തു നിത്യവും ജോലിക്ക് വന്നുപോകുന്ന ഒരുപാട് നിഷമാരുടെ ദുരിത കഥയാണ്. വന്ദേഭാരത് തുടങ്ങിയപ്പോള്‍ വലിയ കരഘോഷമാണ് ഉയര്‍ന്നതെങ്കില്‍, ഈ നിഷമാര്‍ കൂടുതല്‍ ദുരിതത്തിലാവുകയാണ് ചെയ്തത്. വന്ദേഭാരത് തുടങ്ങിയ ശേഷം, ഒരു മുക്കാല്‍ മണിക്കൂര്‍ കൂടി വൈകുന്ന സ്ഥിതിയിലായി അവര്‍. എറണാകുളത്ത് നിന്ന് 6.25ന് എടുക്കുന്ന ട്രെയിന്‍ കുമ്പളത്തു കൊണ്ടുപോയി അര മണിക്കൂറിലധികം വന്ദേഭാരതിനായി പിടിച്ചിടും. വന്ദേഭാരതിന് വേണ്ടി ട്രെയിന്‍ പുറപ്പെടുന്ന സമയം ആറില്‍ നിന്ന് ആറര ആക്കിയത് കൂടാതെയാണ് ഈ പിടിച്ചിടല്‍. രാവിലെ ആലപ്പുഴയില്‍ നിന്നെടുക്കുന്ന ട്രെയിനും പലയിടത്തും പിടിച്ചിട്ടാണ് എറണാകുളത്തെത്തുന്നത്. തുറവൂര്‍ സ്റ്റേഷനില്‍ എന്നും അര മണിക്കൂറിലധികം എറണാകുളത്തു നിന്നുള്ള പാസഞ്ചര്‍ കടന്നു പോകാനായി പിടിച്ചിടാറുണ്ട്. ഈ രണ്ട് ട്രെയിനുകളെയും ആശ്രയിക്കുന്ന ഓരോരുത്തര്‍ക്കും പറയാന്‍ നിരവധി കഥകളുണ്ട്. പിന്നെ സ്ഥിരം കണ്ടു മുട്ടുന്ന കൂട്ടുകാരുമായി ദുരിതം പങ്കുവച്ച് ഓരോ ദിവസവും തള്ളി നീക്കുന്നുവെന്നു മാത്രം.

കൊച്ചിയെ ഉണര്‍ത്തുന്ന അയല്‍ നാട്ടുകാര്‍

എറണാകുളത്ത് തൊഴിലെടുക്കാന്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്നത് തൊട്ടടുത്ത ജില്ലയായ ആലപ്പുഴയില്‍ നിന്നാണ്. ആലുപ്പുഴയെ അപേക്ഷിച്ച് കൂടുതല്‍ സ്ഥാപനങ്ങള്‍ എറണാകുളത്താണ്. സര്‍ക്കാര്‍ ഓഫീസുകളും കൂടുതല്‍ എറണാകുളത്താണ്. ആലപ്പുഴ, കോട്ടയം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ നിന്നും മറ്റുമായി എത്തുന്ന ജീവനക്കാരാണ് യഥാര്‍ഥത്തില്‍ എറണാകുളത്തെ പല സ്ഥാപനങ്ങളെയും നിലനിര്‍ത്തുന്നത്.
രാവിലെ ആലപ്പുഴയില്‍ നിന്ന് ഏറനാട് എക്സ്പ്രസ് എത്തുന്നതോടെയാണ് കൊച്ചി നഗരം ഉണരുന്നതെന്നു പറയാം. പിന്നീട് ഒമ്പതു മണിയോടെ പാസഞ്ചറും എത്തുമ്പോള്‍ ആലുപ്പുഴയുടെ നല്ലൊരു ഭാഗം എറണാകുളത്തായി കഴിയും. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ആലപ്പുഴക്കാരുടെ എറണാകുളത്തേക്കുള്ള യാത്ര പക്ഷേ, അതികഠിനം. ഹൈവേ വീതികൂട്ടലും തുറവൂര്‍-അരൂര്‍ ആകാശ പാതയുടെ നിര്‍മാണവും ചേര്‍ന്നപ്പോള്‍ റോഡ് യാത്രയ്ക്ക് മണിക്കൂറുകളെടുക്കുന്ന സാഹചര്യം. ഇതോടെ റോഡ് മാര്‍ഗം വന്നിരുന്നവര്‍ കൂടി ട്രെയിനുകളെ ആശ്രയിച്ചു തുടങ്ങി. ട്രെയിനുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലും അധികം യാത്രക്കാരെയാണ് ഇപ്പോള്‍ ഓരോ ദിവസവും കയറ്റുന്നത്. ഇത്രയും തിങ്ങി നിറഞ്ഞെത്തുന്ന ട്രെയിനുകള്‍ വന്ദേഭാരതിനു വേണ്ടി പിടിച്ചിടുക കൂടി ചെയ്താലോ? ഈ ദ്രോഹമാണ് റെയില്‍വേ ചെയ്യുന്നതെന്നാണ് യാത്രക്കാരുടെ നിത്യസങ്കടം. തിരക്കേറിയ ട്രെയിനില്‍ ആളുകള്‍ കുഴഞ്ഞു വീഴുന്നത് ഇപ്പോള്‍ പതിവായി. പല തവണ ട്രെയിന്‍ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പരാതിയും ധര്‍ണയുമൊക്കെ നടത്തി. പക്ഷേ, എന്തു പ്രയോജനം? ഇന്ത്യന്‍ റെയില്‍വേക്കോ, കേരള സര്‍ക്കാരിനോ, കേരളത്തിലെ എം.പിമാര്‍ക്കോ കൂസലില്ല. ട്രെയിന്‍ യാത്രക്കാര്‍ മനുഷ്യരാണെന്ന പരിഗണന പോലും കിട്ടുന്നില്ലെന്ന് യാത്രക്കാര്‍ പറയും.

ജോലി ഉപേക്ഷിക്കേണ്ട സ്ഥിതിയില്‍ സ്ത്രീകള്‍

സ്ത്രീകളെ കൂടുതലായി തൊഴില്‍ രംഗത്തേക്കു കൊണ്ടുവന്ന് ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്നവരൊന്നും, സ്ത്രീകള്‍ ജോലിക്ക് എത്താന്‍ നടത്തുന്ന പെടാപ്പാട് കാണുന്നില്ല. രാവിലെ വീട്ടുജോലി ഒതുക്കി, കുട്ടികളെ സ്‌കൂളിലയച്ച് ഓടിക്കിതച്ചെത്തുന്ന വീട്ടമ്മമാര്‍ക്ക് ട്രെയിനില്‍ കയറിപ്പറ്റാന്‍ ചില്ലറ കായികാധ്വാനം പോര. ആലപ്പുഴയില്‍ നിന്നെടുക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ ചേര്‍ത്തല സ്റ്റേഷനെത്തും മുമ്പുതന്നെ സീറ്റുകളും കവിഞ്ഞ് ഡോര്‍ വരെ ആളുണ്ടാകും. പിന്നീടുള്ള സ്റ്റേഷനുകളില്‍ നിന്നുള്ളവര്‍ ഉന്തിത്തള്ളി ഒരു കണക്കിനാണ് നില്‍ക്കുന്നത്. സ്ത്രീകള്‍ക്കായി രണ്ട് ബോഗികള്‍ ആണുള്ളത്. പക്ഷെ ഇതില്‍ കൊള്ളാവുന്നതിന്റെ പലമടങ്ങാണ് വനിതാ യാത്രക്കാര്‍. അവര്‍ക്ക് ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ പുരുഷന്മാരോട് ഇടിച്ചുനില്‍ക്കേണ്ട സ്ഥിതി. ഗര്‍ഭിണികള്‍ക്കും ശാരീരിക അവശതകള്‍ ഉള്ളവര്‍ക്കുമൊന്നും സീറ്റിന് അടുത്തേക്ക് പോലും എത്താനാകാവില്ല. ഈ കഷ്ടപ്പാടുകള്‍ക്കിടയില്‍ ജോലി വേണ്ടെന്നു വെക്കുന്നതിനെക്കുറിച്ചു പോലും സ്ത്രീ യാത്രക്കാര്‍ പരസ്പരം സംസാരിക്കുന്നു. വീട്ടു ജോലിയുടെയും ഓഫീസ് ജോലിയുടെയും പതിവു സമ്മര്‍ദങ്ങള്‍ക്കൊപ്പമാണ് നേരെ ചൊവ്വേ യാത്ര ചെയ്യാന്‍ പറ്റാത്ത ഉന്തിത്തള്ളല്‍.

ജീവന്‍ പ്രശ്‌നമല്ല, റെയില്‍വേക്ക് വേണ്ടത് വരുമാനം

കേരളത്തില്‍ നിന്ന് മികച്ച വരുമാനമാണ് ഇന്ത്യ റെയില്‍വേയ്ക്ക് കിട്ടുന്നത്. ഒമ്പത് പ്രധാന റെയില്‍വേ സ്റ്റേഷനുകളുടെ മാത്രം വരുമാനം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1,470 കോടി രൂപയിലധികമാണെന്ന് അടുത്തിടെ റെയില്‍വേ ഇന്ത്യ പുറത്തു വിട്ട കണക്കുകള്‍ കാണിക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ വരുമാനം വര്‍ധിച്ചിട്ടുമുണ്ട്. കണക്കുകളിങ്ങനെയാണെങ്കിലും യാത്രക്കാരുടെ സൗകര്യങ്ങളെക്കുറിച്ച് റെയില്‍വേയ്ക്ക് യാതൊരു ആശങ്കയുമില്ലാത്ത മട്ടാണ്. പാസഞ്ചര്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരുടെ അവസ്ഥ ദിവസം ചെല്ലുംതോറും കൂടുതല്‍ ദുരിതമയമാവുകയാണ്. സതേണ്‍ ഡിവിഷനു കീഴില്‍ വരുന്ന മിക്ക ട്രെയിനുകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണെന്ന് അടുത്തിടെ വന്ന പല വാര്‍ത്തകളും കാണിക്കുന്നു. ഏറ്റവും കൂടുതല്‍ ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്നതാകട്ടെ, ആലപ്പുഴ ജില്ലയില്‍ നിന്ന് എറണാകുളത്തേക്ക് ദിവസവും യാത്ര ചെയ്യുന്നവര്‍.
ട്രെയിനുകള്‍ തമ്മിലുള്ള സമയദൈര്‍ഘ്യമാണ് യാത്രാക്കാരുടെ തിരക്ക് വര്‍ധിപ്പിക്കുന്നത്. രാവിലെ ഏറനാട് പോയി കഴിഞ്ഞാല്‍ പിന്നെ ആലപ്പുഴയില്‍ നിന്നെടുക്കുന്ന പാസഞ്ചര്‍ മാത്രമാണ് എറണാകുളത്തേക്കുള്ളത്. വൈകിട്ടാണെങ്കില്‍ നാല് മണിക്ക് പാസഞ്ചറും 4.25ന് ഏറനാടും പോയാല്‍ പിന്നെ 6.25 വരെ കാത്തിരിക്കണം. ഇവയുടെ സമയം പുനഃക്രമീകരിച്ചാലും പരിഹാരം കാണാനാകുമെന്ന് യാത്രാക്കാര്‍ നിര്‍ദേശിക്കുന്നു. അതേ പോലെ തിരുവനന്തപുരത്ത് നിന്നെടുക്കുന്ന വന്ദേ ഭാരതിന്റെ സമയം ക്രമീകരിച്ച് പാസഞ്ചര്‍ പിടിച്ചിടുന്നത് ഒഴിവാക്കാമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇതിനോടെല്ലാം റെയില്‍വേ മുഖം തിരിച്ചു നില്‍ക്കുന്നു.

മെമുവിനായി നീണ്ട കാത്തിരിപ്പ്

ഹ്രസ്വദൂര യാത്രകള്‍ക്കായാണ് മെമു വണ്ടികള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇത്രയേറ യാത്രാ ദുരിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തിന് അനുവദിച്ചത് പുതിയൊരു മെമു ട്രെയിന്‍ മാത്രമാണ്. നിലവില്‍ 12 മെമു ട്രെയിനുകളാണ് കേരളത്തില്‍ ഓടിക്കുന്നത്. ഇതില്‍ എട്ടു വണ്ടികള്‍ ആഴ്ചയില്‍ അറ്റകുറ്റപ്പണിക്കായി കയറ്റും. കേരളത്തിലെ അഞ്ച് വണ്ടികള്‍ക്ക് 12 റേക്ക് (കാര്‍) ആണ്. അഞ്ചെണ്ണത്തിന് എട്ട് റേക്കും. 12 റേക്ക് ത്രീ ഫെയ്സ് മെമുവില്‍ ഇരുന്നും നിന്നും 3,600 ഓളം പേര്‍ക്ക് യാത്ര ചെയ്യാം. പക്ഷെ അതിലും ഒരുപാട് യാത്രാക്കാരാണ് കയറുന്നത്. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നതിന് തടസമുണ്ടെങ്കില്‍ നിലവിലുള്ള ട്രെയിനില്‍ കൂടുതല്‍ റേക്കകുള്‍ അനുവദിച്ചാലും മതിയെന്നാണ് യാത്രക്കാര്‍ പറയുന്നത്. എന്നാല്‍ അതിനും തടസങ്ങള്‍ നിരത്തുകയാണ് റെയില്‍വേ. എല്ലാറ്റിനുമിടയില്‍ ഒരുപാട് നിഷമാര്‍ ഗത്യന്തരമില്ലാതെ ഡോറിനോടു ചേര്‍ന്ന കമ്പികളില്‍ ദിവസം രണ്ടു നേരമെന്ന കണക്കില്‍ തൂങ്ങിയാത്ര നടത്തുന്നു.
Tags:    

Similar News