'ജുന്‍ജുന്‍വാല' നിക്ഷേപമുള്ള ഈ കേരള കമ്പനിക്ക് ചൈനീസ് കരാര്‍; ഓഹരികളില്‍ നേട്ടം
പുതിയ ബ്രാന്‍ഡുമായി ചൈനീസ് വിപണിയിലേക്ക്; ഷാങ്ഹായ് കമ്പനിയുമായി ധാരണ, ആദ്യ വര്‍ഷം ₹100 കോടിയുടെ വരുമാനം ലക്ഷ്യം
കേരളം ആസ്ഥാനമായ പ്രമുഖ മത്സ്യക്കൃഷി, സമുദ്രോത്പന്ന കയറ്റുമതി കമ്പനിയായ കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സും (Kings Infra Ventures) ചൈനീസ് കമ്പനിയായ ഷാങ്ഹായ് ആര്‍.എസ്.എഫ് (Shanghai RSF) ട്രേഡിംഗും തമ്മില്‍ സഹകരിക്കുന്നു.
'കിംഗ്‌സ് റിഷിഫു' (KINGS RISHIFU) എന്ന ചെമ്മീന്‍ (Shrimps) ബ്രാന്‍ഡ് സംയുക്തമായി സൃഷ്ടിച്ച് ചൈനീസ് വിപണിയില്‍ വില്‍ക്കുന്നതിനുള്ള ദീര്‍ഘകാല കരാറാണ് ഷാങ്ഹായ് കമ്പനിയില്‍ നിന്ന് കിംഗ്‌സ് ഇന്‍ഫ്രയ്ക്ക് ലഭിച്ചത്. ധാരണാപത്ര പ്രകാരം (MoU) സെപ്റ്റംബര്‍ മുതല്‍ 5-8 കണ്ടെയ്‌നറുകള്‍ പ്രതിമാസം ചൈനയിലേക്ക് കയറ്റുമതി ചെയ്യും. ഇത് പിന്നീട് പ്രതിവര്‍ഷം 200 കണ്ടെയ്‌നറുകളായി ഉയര്‍ത്തും.
₹100 കോടി വരുമാനം
പ്രീമിയം ഉത്പന്നങ്ങളിലൂടെ ആദ്യ വര്‍ഷം 100 കോടി രൂപയുടെ വരുമാനമാണ് സഹകരണത്തിലൂടെ കിംഗ്‌സ് ഇന്‍ഫ്രയും ഷാങ്ഹായ് ആര്‍.എസ്.എഫും ലക്ഷ്യമിടുന്നത്. ധാരണാപത്ര പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണസജ്ജമാകുന്നതോടെ 200 കോടി രൂപയുടെ വാര്‍ഷിക വരുമാനം നേടാനാകുമെന്നും പ്രതീക്ഷിക്കുന്നു.
ജപ്പാന്‍ ആസ്ഥാനമായുള്ള ജപ്പാന്‍ ഫുഡ് സര്‍വീസസ് കമ്പനിയുടെ ചൈനീസ് ഉപസ്ഥാപനമാണ് സമുദ്രോത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ഷാങ്ഹായ് ആര്‍.എസ്.എഫ്.
കരാര്‍ ഒപ്പിടുന്നതിന്റെ ഭാഗമായി ഷാങ്ഹായ് കമ്പനി സി.ഇ.ഒ കിംഗ്‌സ് ഇന്‍ഫ്രയുടെ ഫാമും സംസ്‌കരണ കേന്ദ്രവും സന്ദര്‍ശിച്ച് ഗുണനിലവാരം കണ്ടറിഞ്ഞിരുന്നു. കെമിക്കലുകളോ ആന്റിബയോട്ടിക്കുകളോ ചേര്‍ക്കാത്ത സമുദ്രോത്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്.
രാജേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള കമ്പനി
പ്രമുഖ ഓഹരി നിക്ഷേപകനായിരുന്ന (Value Investor), അന്തരിച്ച രാകേഷ് ജുന്‍ജുന്‍വാലയുടെ സഹോദരന്‍ രാജേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള കമ്പനിയാണ് കിംഗ്‌സ് ഇന്‍ഫ്ര. അദ്ദേഹത്തിന് 1.02 ശതമാനം (2.40 ലക്ഷം ഓഹരികള്‍) ഓഹരികളാണ് കിംഗ്‌സ് ഇന്‍ഫ്രയിലുള്ളത്.
ഓഹരി മുന്നോട്ട്
ചൈനീസ് കമ്പനിയില്‍ നിന്നുള്ളതിന് പുറമേ അമേരിക്കയിലേക്ക് വനാമി ചെമ്മീന്‍ കയറ്റുമതി ചെയ്യാനുള്ള ഓര്‍ഡറും വൈകാതെ കിംഗ്‌സ് ഇന്‍ഫ്രയ്ക്ക് ലഭിക്കുമെന്നാണ് സൂചനകള്‍. കമ്പനിയുടെ ഓഹരികള്‍ ഇന്നൊരുവേള 5.76 ശതമാനം വരെ ഉയര്‍ന്ന് 123.50 രൂപയിലെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്കത്തെ വ്യാപാര സെഷനില്‍ 3.14 ശതമാനം നേട്ടവുമായി 119.95 രൂപയിലാണ് ഓഹരികളുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 61.24 കോടി രൂപ വരുമാനം നേടിയ കമ്പനിയാണ് കിംഗ്‌സ് ഇന്‍ഫ്ര. മുന്‍വര്‍ഷത്തെ 41.12 കോടി രൂപയേക്കാള്‍ 48.92 ശതമാനം അധികമാണിത്. ലാഭം 2.96 കോടി രൂപയില്‍ നിന്ന് 92.81 ശതമാനം ഉയര്‍ന്ന് 5.72 കോടി രൂപയിലും എത്തിയിരുന്നു. 285 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയുമാണ് കിംഗ്‌സ് ഇന്‍ഫ്ര.