ലോഡ് ഷെഡിംഗ് ഉടന്‍ വരുമോ? മെസേജ് അയച്ച് കെ.എസ്.ഇ.ബി

വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്‌

Update:2023-09-02 14:49 IST

മണ്‍സൂണ്‍ മഴ വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ പീക്ക് അവറില്‍ വൈദ്യുത ഉപയോഗം പരമാവധി കുറയ്ക്കാന്‍ അഭ്യര്‍ത്ഥനയുമായി കെ.എസ്.ഇ.ബി. വൈദ്യുത നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന് രാത്രി ഏഴ് മണി മുതല്‍ 11 മണിവരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാനാണ് കെ.എസ്.ഇബിയുടെ നിര്‍ദേശം.

മഴ തീരെ കുറഞ്ഞ സാഹചര്യത്തില്‍ ലോഡ് ഷെഡിംഗ് നടപ്പാക്കേണ്ടി വരുമെന്ന് വെള്ളിയാഴ്ച സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ കെ.എസ്.ഇ.ബി സൂചന നല്‍കിയിരുന്നു. ജലവൈദ്യുത നിലയങ്ങളുടെ റിസര്‍വോയറുകളില്‍ ആവശ്യത്തിന് വെള്ളമില്ല. കൂടാതെ ഉയര്‍ന്ന ഉപഭോഗവും വൈദ്യുതിക്ഷാമവും ലഭ്യതയിലെ കുറവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
മഴയില്ലാത്ത മണ്‍സൂണ്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് മണ്‍സൂണ്‍ കാലത്താണ്. സാധാരണ ഈ സമയങ്ങളില്‍ ശരാശരി പ്രതിദിന വൈദ്യുത ഉപയോഗം 7.5 ലക്ഷം യൂണിറ്റ് ആണ്. എന്നാല്‍ മഴ കുറഞ്ഞതോടെ പ്രതിദിന ഉപയോഗം 8.5-8.6 ലക്ഷം യൂണിറ്റായി. ഇത് പരിഹരിക്കാന്‍ ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്.
ആദ്യമായാണ് ആഗസ്റ്റ് മാസത്തില്‍ ഇത്രയും കൊടും വരള്‍ച്ച രേഖപ്പെടുത്തുന്നത്. 6 സെന്റീമീറ്റര്‍ മഴ മാത്രമാണ് കഴിഞ്ഞ മാസം ലഭിച്ചത്. സാധാരണ 2.6 സെന്റീമീറ്റര്‍ മഴ ലഭിച്ചിരുന്ന സ്ഥാനത്താണിത്.
Tags:    

Similar News