അന്ന് ജഗന്‍ വഴിമുടക്കി, യൂസഫലിയുടെ പിണക്കം തീര്‍ത്ത് സി.ബി.എന്‍; ലുലുവിന്റെ വന്‍ പ്രോജക്ട് ആന്ധ്രയിലേക്ക്‌

അഞ്ച് വര്‍ഷത്തിന് ശേഷമാണ് ലുലുവിന്റെ മടങ്ങി വരവ്

Update:2024-09-30 11:57 IST

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി

എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് അഞ്ച് വര്‍ഷത്തിനു ശേഷം വീണ്ടും ആന്ധാപ്രദേശിലേക്ക്. ആന്ധ്രാ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ ക്ഷണപ്രകാരം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.

2019ല്‍ ടി.ഡി.പി സര്‍ക്കാരിന്റെ കാലത്ത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍, ഷോപ്പിംഗ് മാള്‍, വിശാഖപട്ടണത്ത് ആഡംബര ഹോട്ടല്‍ എന്നിവ സ്ഥാപിക്കാനുള്ള 2,200 കോടിയുടെ പദ്ധതികള്‍ ലുലു ഗ്രൂപ്പ് ആന്ധ്രയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് അധികാരത്തിലെത്തിയ ജഗ്‌മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലെത്തിയ സര്‍ക്കാര്‍ വിശാഖപട്ടണത്ത് ടി.ഡി.പി സര്‍ക്കാര്‍ അനുവദിച്ച 13.8 ഏക്കര്‍ രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് റദ്ദാക്കുകയായിരുന്നു.
ഇതോടെ പദ്ധതികളില്‍ നിന്ന് പിന്മാറിയ ലുലുഗ്രൂപ്പ് ഇനി ആന്ധ്രയില്‍ നിക്ഷേപത്തിനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ പരിഭവങ്ങള്‍ മറന്ന് ചന്ദ്രബാബു നായിഡുവിന്റെ ക്ഷണം സ്വീകരിക്കുകയാണ് ലുലുഗ്രൂപ്പ്. ചന്ദ്രബാബു തന്നെയാണ് ട്വിറ്ററിലൂടെ ലുലു ഗ്രൂപ്പുമായുള്ള കൂടികാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

മള്‍ട്ടിപ്ലക്‌സും ഷോപ്പിംഗ് മാളും

സഹകരണത്തിന്റെ ഭാഗമായി വിശാഖപട്ടണത്ത് എട്ട് സ്‌ക്രീനുകളുള്ള ഐമാക്‌സ് മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ ഉള്‍ക്കൊള്ളുന്ന ഷോപ്പിംഗ് മാള്‍ തുറക്കും. തിരുപ്പതിയിലും വിജയവാഡയിലും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങും. കൂടാതെ അത്യാധുനിക ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ധാരണയായി.

ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷറഫ് അലി, ലുലു ഇന്ത്യ ഡയറക്ടര്‍ എ.വി ആനന്ദ് റാം, ഇന്ത്യ സി.ഇ.ഒയും ഡയറക്ടറുമായ എം.എ നിഷാദ്, ഡയറക്ടര്‍ ഫഹാസ് അഷറഫ്, സി.ഒ.ഒ രജിത്ത് രാധാകൃഷണന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഇന്ത്യയിൽ വൻ വിപുലീകരണം 

800 കോടി ഡോളര്‍ വാര്‍ഷിക വരുമാനവും 7,000ത്തിലധികം ജീവനക്കാരുമുള്ള ലുലുഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ്, ഷോപ്പിംഗ് മോളുകള്‍, ഇറക്കുമതിയും വിതരണവും, ട്രേഡിംഗ്, ഷിപ്പിംഗ്, ഐ.ടി തുടങ്ങിയ മേഖലകളിൽ സജീവമാണ്. സൗദി അറേബ്യ, ഖത്തര്‍, ബഹറിന്‍, കുവൈത്ത്, ഒമാന്‍, ഈജിപ്ത്, മലേഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ 25 രാജ്യങ്ങളില്‍ ലുലു ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. കൂടാതെ യൂറോപ്പ്, യു.എസ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ വിതരണ കമ്പനികളുമുണ്ട്.
ഇന്ത്യയില്‍ നിലവില്‍ എട്ട് നഗരങ്ങളിലാണ് ലുലു മാളുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, തൃപ്രയാര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലും ബംഗളൂരു, ലഖ്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലുമാണ് മാളുകളുള്ളത്. കോട്ടയത്തെ മാള്‍ അധികം വൈകാതെ തുറക്കും. ഗുജാറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ലുലു ഗ്രൂപ്പ് ഷോപ്പിംഗ് മാളുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

Similar News