നിവേദനം ഫലിച്ചില്ല; കേരളത്തിലെ ആദ്യ കേന്ദ്ര സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവ്

ഏറ്റെടുക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശവും പരിഗണിക്കപ്പെട്ടില്ല; ജീവനക്കാര്‍ തുലാസില്‍

Update:2023-10-10 12:57 IST

Image : HIL India

ജീവനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും നിവേദനങ്ങളും ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങളും ഫലിച്ചില്ല; കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനം എന്നന്നേക്കുമായി അടച്ചുപൂട്ടാനുള്ള ഉത്തരവ് വന്നു. ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡിന്റെ (ഹില്‍ ഇന്ത്യ/HIL India) എറണാകുളം ഏലൂര്‍ ഉദ്യോഗമണ്ഡലിലെ പ്ലാന്റ് ഒക്ടോബര്‍ 10നകം അടച്ചുപൂട്ടാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ദേശമാണ് ന്യൂഡല്‍ഹിയിലെ മുഖ്യ കാര്യാലയത്തില്‍ നിന്ന് ലഭിച്ചത്. കൊച്ചിയിലെ പ്ലാന്റിനൊപ്പം പഞ്ചാബിലെ ഭട്ടിന്‍ഡയിലെ പ്ലാന്റും അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

1956ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഹില്‍ ഇന്ത്യ കീടനാശിനി നിര്‍മ്മാണ സ്ഥാപനമാണ്. പിന്നീട് വളം നിര്‍മ്മാണത്തിലേക്കും ചുവടുവച്ചു. 2015വരെ ഹില്‍ ഇന്ത്യയുടെ ഏറ്റവും ലാഭത്തിലുള്ള യൂണിറ്റായിരുന്നു കൊച്ചിയിലേത്. പിന്നീട് എന്‍ഡോസള്‍ഫാന്‍, ഡി.ഡി.റ്റി എന്നിവയുടെ നിരോധനവും വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും തിരിച്ചടിയായതോടെ പ്ലാന്റ് നഷ്ടത്തിലായി. നീതി ആയോഗിന്റെ നിര്‍ദേശ പ്രകാരമാണ് പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നത്. 100 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള സ്ഥാപനമാണിത്.
ജീവനക്കാര്‍ തുലാസില്‍
70ലധികം സ്ഥിരം ജീവനക്കാര്‍ ഹില്‍ ഇന്ത്യ കൊച്ചി യൂണിറ്റിലുണ്ടായിരുന്നു. അടച്ചുപൂട്ടലിന്റെ ഭാഗമായി ഇവരില്‍ 30പേരെ മുംബയിലെ യൂണിറ്റിലേക്ക് മാറ്റി. നിലവില്‍ ഒരുവര്‍ഷത്തിലേറെയായി പ്ലാന്റില്‍ ഉത്പാദനം നടക്കുന്നില്ലെങ്കിലും 44 ജീവനക്കാരുണ്ട്.
ഇവരുടെ ഭാവി സംബന്ധിച്ച് തീരുമാനങ്ങളൊന്നുമില്ല. വി.ആര്‍.എസ് പാക്കേജ് വേണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. കഴിഞ്ഞ 11 മാസമായി ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും കുടിശികയാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റെടുക്കല്‍ നീക്കവും നിവേദനങ്ങളും ഫലിച്ചില്ല
കേന്ദ്രം വില്‍പനയ്ക്കുവച്ച കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ (എച്ച്.എന്‍.എല്‍/HNL) സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഈ കമ്പനിയെ പിന്നീട് കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (KPPL) എന്ന പുത്തന്‍ കമ്പനിയായി പുനരുജ്ജീവിപ്പിച്ചു.
സമാനരീതിയില്‍ ഹില്‍ ഇന്ത്യയെ ഏറ്റെടുക്കാമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് ഉള്‍പ്പെടെ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. പ്ലാന്റ് അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ട് എച്ച്.ഐ.എല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര വളം മന്ത്രി മന്‍സൂഖ് മാണ്ഡവ്യക്കും സഹമന്ത്രി ഭഗ്‌വന്ത് ഖുബയ്ക്കും പലവട്ടം നിവേദനം നല്‍കിയെങ്കിലും ഫലം കണ്ടില്ല.
ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവ ആണെന്നതിനാല്‍ ഹില്‍ ഇന്ത്യയുടെ കൊച്ചി യൂണിറ്റിനെ കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണക്കമ്പനിയായ ഫാക്ടുമായി ലയിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച ആവശ്യമോ നിര്‍ദേശമോ ലഭിച്ചിട്ടില്ലെന്ന് ഫാക്ട് അധികതൃതര്‍
ധനംഓണ്‍ലൈന്‍.കോമിനോട്
പറഞ്ഞു.
പൊലിയുന്ന പെരുമ
സ്വന്തമായി പ്ലാന്റ്, മെഷീനറികള്‍, വിദഗ്ദ്ധ ജീവനക്കാര്‍ എന്നിവയുള്ള സ്ഥാപനമാണ് ഹില്‍ ഇന്ത്യയുടെ കൊച്ചി യൂണിറ്റ്. അധികമായി വലിയ നിക്ഷേപമില്ലാതെ തന്നെ കൂടുതല്‍ മികവുറ്റ ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കാനും കഴിയുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാവസായിക ആവശ്യത്തിന് 34.27 ഏക്കര്‍, വാണിജ്യാവശ്യത്തിന് 8.95 ഏക്കര്‍, പാട്ടത്തിനെടുത്ത 13.98 ഏക്കര്‍ എന്നിങ്ങനെ സ്ഥലവും കമ്പനിക്കുണ്ട്.
Tags:    

Similar News