₹2,400 കോടിയുടെ ഖരമാലിന്യ പദ്ധതിക്ക് തുടക്കം

നഗരസഭകള്‍ക്ക് അടിസ്ഥാന സൗകര്യ വികസന ഗ്രാന്റായി 1,200 കോടി രൂപ

Update:2023-08-19 18:13 IST

ഖര മാലിന്യ സംസ്‌കരണത്തിനായി 2,400 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 20) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളം ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നിര്‍വഹിക്കും.

അത്യാധുനികവും ശാസ്ത്രീയവുമായ കേരള ഖരമാലിന്യ പരിപാലന പദ്ധതിയാണ് (Kerala Solid Waste Management Project/KSWMP) നഗരസഭകളിലൂടെ നടപ്പാക്കുകയെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ചടങ്ങില്‍ മന്ത്രി പി. രാജീവ് ആധുനിക മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയുടെ രൂപരേഖ പ്രകാശിപ്പിക്കും. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട സമഗ്ര പരാതി പരിഹാര സംവിധാനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും.
മാലിന്യമുക്തം നവകേരളം
സംസ്ഥാന സര്‍ക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' കാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ നഗരങ്ങളിലെ ഖരമാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ലോകബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് എന്നിവയുടെ ധനസഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതാണ് 'മാറ്റം' എന്ന് പേരിട്ടിരിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി.
93 നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭകള്‍ക്ക് അടിസ്ഥാന സൗകര്യ വികസന ഗ്രാന്റായി 1,200 കോടി രൂപ നല്‍കും. ഈവര്‍ഷം 300 കോടി രൂപയുടെ ഉപ പദ്ധതികളും ഈ നഗരസഭകളില്‍ തുടങ്ങും. ലോക നിലവാരത്തിലുള്ള പദ്ധതി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
നിരീക്ഷിക്കാന്‍ ക്യാമറ, വാട്‌സാപ്പ്
നടപ്പുവര്‍ഷം 19 വന്‍കിട മാലിന്യക്കൂമ്പാരങ്ങള്‍ വൃത്തിയാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഓരോ നഗരസഭയിലും സോളിഡ് വേസ്റ്റ് എന്‍ജിനിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 350 സാങ്കേതിക വിദഗ്ദ്ധരെയും പദ്ധതിയുടെ ഭാഗമായി നിയമിച്ചിട്ടുണ്ട്. കേന്ദ്രീകൃത നിരീക്ഷണത്തിന് ക്യാമറകളും വാട്‌സാപ്പും മൊബൈല്‍ നമ്പറും സമഗ്ര പരാതി പരിഹാര സംവിധാനവും ഉള്‍പ്പെടെയുണ്ട്.
ഒന്നാംഘട്ടത്തിലെ നേട്ടം
മാലിന്യമുക്ത കേരളത്തിന്റെ ഒന്നാംഘട്ടം പിന്നിട്ടപ്പോഴേക്കും വാതില്‍പ്പടി മാലിന്യശേഖരണം 48 ശതമാനത്തില്‍ നിന്ന് 78 ശതമാനമായെന്ന് മന്ത്രി പറഞ്ഞു. 1,034 തദ്ദേശ സ്ഥാപനങ്ങള്‍ക്കായി 2,290 കോടി രൂപയാണ് നടപ്പുവര്‍ഷം (2023-24) അനുവദിച്ചിട്ടുള്ളത്. 422 സ്ഥാപനങ്ങള്‍ 90-100 ശതമാനം ലക്ഷ്യം നേടിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
Tags:    

Similar News