ഇങ്ങനെ ചെയ്താല്‍ ഏത് മേഖലയിലെ സംരംഭകനും വിജയിക്കാം, ബ്രാന്റ് മൂല്യവും നേടാം
മാറിയ കാലത്തിനൊത്ത് പഠന വിഷയങ്ങള്‍ പുതുക്കണമെന്നും കെ. രാധാകൃഷ്ണന്‍
ചുവടു വെക്കുന്ന മേഖലയില്‍ ആഴത്തിലുള്ള അറിവും നൈപുണ്യവും നേടുകയാണ് ഏതു മേഖലയിലും ഒരു സംരംഭകനെ വിജയത്തിലേക്കും മുന്നേറ്റത്തിലേക്കും നയിക്കുന്നതെന്ന് ടാറ്റ സ്റ്റാര്‍ ക്വിക്ക് ഡയറക്ടറും റിലയന്‍സ് റീട്ടെയില്‍ മുന്‍ സി.ഇ.ഒയുമായ കെ. രാധാകൃഷ്ണന്‍.
ഏതു ബിസിനസിനുമുള്ള ഇടം വിശാലമായ ഇന്ത്യയില്‍ ഉണ്ട്. എന്നാല്‍ ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന സംരംഭകനാണ് മുന്നേറാന്‍ കഴിയുക. അതിന് ഉതകുന്ന വിധത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയും അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കാന്‍ സാധിക്കുകയും വേണം -അദ്ദേഹം പറഞ്ഞു. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍ നടന്ന ടൈക്കോണ്‍ കേരളയില്‍ റീട്ടെയില്‍ സംരംഭങ്ങളുടെ പുതു സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ വിഭവങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തില്‍ ബ്രാന്റ് നാമം എത്തിച്ച, ഇന്ത്യയില്‍ ഉടനീളം അറിയപ്പെടുന്ന എത്ര ഇന്ത്യന്‍ കമ്പനിയുണ്ടെന്ന് പരിശോധിക്കേണ്ടതാണ്. വിദേശ വ്യവസായങ്ങളും സ്ഥാപനങ്ങളും ഇന്ത്യന്‍ വിപണി കൈയ്യടക്കുന്നത് അന്താരാഷ്ട്ര സാങ്കേതിക വിദ്യകളുടെ മത്സരക്ഷമത കൊണ്ടു മാത്രമല്ല, ബ്രാന്‍ഡിംഗില്‍ ഇന്ത്യന്‍ കമ്പനികള്‍ പിന്നോക്കമായതു കൊണ്ടു കൂടിയാണ്. ബിസിനസ് വളര്‍ത്തുന്നതില്‍ എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിന്റേതല്ല. അടിസ്ഥാന ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നതിനു വേണ്ട അടിസ്ഥാനമൊരുക്കുകയും ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നതില്‍ സഹായിക്കുകയുമാണ് സര്‍ക്കാറിന്റെ ദൗത്യം.
ബ്രാന്റ് മൂല്യമുള്ള കമ്പനികള്‍ കുറവ്
ഒപ്പം മറ്റൊന്നു കൂടിയുണ്ട്: അമേരിക്കയില്‍ നിന്നുള്ള ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ മേധാവിത്തം നേടുന്നു. ഇന്ത്യന്‍ ആപ്പിള്‍ ഇത്തരത്തില്‍ വിദേശത്തോ ഇന്ത്യയില്‍ തന്നെയോ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നില്ല. ഇക്കാര്യങ്ങളില്‍ ഉല്‍പാദകരെ വളര്‍ത്തിയെടുക്കുന്നതില്‍ സഹായിക്കാന്‍ സര്‍ക്കാറിന് കഴിയും. നമ്മുടെ കാലഹരണപ്പെട്ട സിലബസുകള്‍ പുതിയ കാലത്തിന് അനുസരിച്ച് പരിഷ്‌കരിക്കണം. അത് നടക്കാതെ വരുമ്പോള്‍, കാറുകളില്‍ ഇന്നില്ലാത്ത കാര്‍ബറേറ്ററുകളെക്കുറിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ പഠിച്ചു കൊണ്ടിരിക്കുന്നു. സംരംഭകനിലേക്ക് എത്തുമ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പോരായ്മയായി പ്രതിഫലിക്കുന്നു. ഒരുപാട് സംരംഭങ്ങള്‍ ഉള്ളപ്പോള്‍ തന്നെ ബ്രാന്റ് മൂല്യമുള്ള ബിസിനസുകളുടെ എണ്ണം നന്നെ കുറഞ്ഞു പോവുകയും ചെയ്യുന്നു. റീട്ടെയില്‍ മേഖല ക്വിക്ക് കൊമേഴ്‌സിലൂടെയും മറ്റും മുന്നേറുമ്പോള്‍ തന്നെ പരമ്പരാഗത ചില്ലറ വില്‍പനക്കാര്‍ക്കുള്ള ഇടം നിലനില്‍ക്കുന്നുണ്ടെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.