അമേരിക്കന്‍ തൊഴില്‍ കണക്കില്‍ തട്ടി വീണ്ടും ഉയര്‍ന്ന് സ്വര്‍ണം, കയറ്റം തുടര്‍ന്ന് വെള്ളി
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കണം ഇത്രയും തുക
അന്താരാഷ്ട്ര സ്വര്‍ണവിലയുടെ ചുവടുപിടിച്ച് കേരളത്തിലും വിലയില്‍ മുന്നേറ്റം. ഇന്ന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 6,760 രൂപയിലെത്തി. പവന് 240 രൂപ ഉയര്‍ന്ന് 54,080 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 100 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്.
18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 20 രൂപ കൂടി 5,620 രൂപയിലെത്തി. വെള്ളിവില ഇന്ന് രണ്ട് രൂപയാണ് ഉയര്‍ന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വെള്ളിവിലയും ഉയരുന്നത്. അന്താരാഷ്ട്ര വെള്ളി വില ഔണ്‍സിന് 31.25 ഡോളറിലാണ്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വെള്ളി ഉപയോഗം വര്‍ധിക്കുന്നതാണ് വില ഉയര്‍ത്തുന്നത്.
അമേരിക്കയില്‍ നിന്നുള്ള തൊഴില്‍ കണക്കുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. പ്രതീക്ഷിച്ചത്ര മികച്ചതല്ല ഇത്. പലിശ നിരക്ക് ഉടന്‍ കുറയ്ക്കാന്‍ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിനെ ഇത് പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. പലിശ നിരക്ക് കുറയ്ക്കുകയാണെങ്കില്‍ കടപ്പത്രങ്ങളില്‍ നിന്നും മറ്റും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് പണമൊഴുക്കും. ഇത് വീണ്ടും വിലവര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.
ഇന്ന് ഒരു പവന്‍ വാങ്ങാന്‍ നല്‍കേണ്ടത്
സ്വര്‍ണാഭരണത്തിന് മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും കൊടുക്കണം. ഇന്നത്തെ നിരക്കു പ്രകാരം 58,600 രൂപയെങ്കിലും കൊടുത്താലെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.