യൂണികോൺ കമ്പനികളുടെ ക്ലബ്ബിലേക്ക് യുഎസ്ടി ഗ്ലോബലും

Update: 2018-06-28 05:31 GMT

യുഎസ്ടി ഗ്ലോബൽ യൂണികോൺ കമ്പനികളുടെ പട്ടികയിലേക്ക്. സിംഗപ്പൂർ സർക്കാരിനു കീഴിലുള്ള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടെമാസെക് ഹോൾഡിങ്സിൽ നിന്ന് 1700 കോടി രൂപ നിക്ഷേപം നേടിയാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്.

ഒരു ബില്യൻ (100 കോടി) ഡോളറിന് മുകളിൽ മൂല്യമുള്ള സ്വകാര്യ കമ്പനികളെയാണ് യൂണികോണായി കണക്കാക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, സോമാറ്റോ എന്നിവ ഈയിടെ യൂണികോൺ ക്ലബ്ബിൽ ചേർന്ന സ്റ്റാർട്ട്അപ്പുകളാണ്.

നിക്ഷേപം കൂടുതൽ സ്റ്റാർട്ട്അപ്പുകളെ സഹായിക്കാൻ ഉപയോഗിക്കുമെന്നു യുഎസ്ടി ഗ്ലോബൽ ചെയർമാൻ പരസ് ചന്ദാരിയ, സിഇഒ സാജൻ പിള്ള, സിഎഫ്ഒ കൃഷ്ണ സുധീന്ദ്ര, സിഒഒ അരുൺ നാരായണൻ, സിഎഒ അലക്സാണ്ടർ വർഗീസ്, ചീഫ് പീപ്പിൾ ഓഫിസർ മനു ഗോപിനാഥ് എന്നിവർ അറിയിച്ചു.

1999 സ്ഥാപിതമായ യുഎസ്ടി ഗ്ലോബൽ അൻപതിലധികം പ്രമുഖ കമ്പനികൾക്കു സാങ്കേതിക സേവനം നൽകിവരുന്നു. കാലിഫോർണിയ ആസ്ഥാനമായ കമ്പനിയ്ക്ക് തിരുവനന്തപുരം, സിംഗപ്പൂർ, ലണ്ടൻ എന്നിവിടങ്ങളിൽ ഓഫീസുകൾ ഉണ്ട്.

സോഫ്റ്റ്ബാങ്ക് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണു ടെമാസെക്.

Similar News