വിപണി നഷ്ടം കുറയ്ക്കുന്നു; ലാഭത്തിലെ ഇടിവില്‍ തട്ടി വോള്‍ട്ടാസ്, കരകയറി ആര്‍.ഇ.സിയും പി.എഫ്.സിയും

ഐ.ടി, ബാങ്ക്, ഓട്ടോ, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകള്‍ നഷ്ടത്തില്‍

Update:2024-05-08 11:16 IST

Image by Canva

താഴ്ന്നു തുടങ്ങി, കൂടുതല്‍ താഴ്ന്ന ഓഹരി സൂചികകള്‍ പിന്നീടു നഷ്ടം കുറച്ചു. ഏഷ്യന്‍ വിപണികളെല്ലാം ഇടിയുകയും യു.എസ് ഫ്യൂച്ചേഴ്‌സ് താഴുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ വിപണി താഴോട്ടു നീങ്ങിയത്.

പി.എസ്.യു ബാങ്കുകള്‍, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്  എന്നിവ രാവിലെ നേട്ടത്തിലായിരുന്നു. ഐ.ടി, ബാങ്ക്, ഓട്ടോ, ഫാര്‍മ, ഹെല്‍ത്ത്കെയര്‍ തുടങ്ങിയ മേഖലകള്‍ നഷ്ടത്തിലായി.
എയര്‍ കണ്ടീഷണര്‍ വില്‍പന കുതിച്ചു കയറിയ സാഹചര്യത്തില്‍ ഈയിടെ ഓഹരിയില്‍ വലിയ കയറ്റം ഉണ്ടായ വോള്‍ട്ടാസിന്റെ റിസല്‍ട്ട് പ്രതീക്ഷയോളം വന്നില്ല. വിറ്റുവരവ് 42 ശതമാനം കൂടിയെങ്കിലും 
ലാഭത്തില്‍
 19 ശതമാനം ഇടിവുവന്നു. ഓഹരി 10 ശതമാനം വരെ ഇടിഞ്ഞു. 2024ല്‍ 49 ശതമാനം ഉയര്‍ന്ന ശേഷമാണ് ഈ താഴ്ച.
പിഡിലൈറ്റ് ഓഹരി ഇന്നു രാവിലെ ആറു ശതമാനം വരെ ഇടിഞ്ഞു. നാലാം പാദത്തില്‍ ബിസിനസും ലാഭമാര്‍ജിനും ഗണ്യമായി മെച്ചപ്പെട്ടെങ്കിലും ഓഹരി വില്‍ക്കാനാണു സിറ്റി ശിപാര്‍ശ ചെയ്തത്.
സൊനാറ്റ സോഫ്റ്റ്‌വെയര്‍ നാലാംപാദത്തില്‍ വരുമാനം കൂട്ടിയെങ്കിലും അറ്റാദായം കുറഞ്ഞു. ഓഹരിവില 14 ശതമാനം ഇടിഞ്ഞു.
പി.ബി ഫിന്‍ടെക്കിന്റെ മാതൃകമ്പനിയായ പോളിസിബസാര്‍ വരുമാനം കൂട്ടുകയും നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്കു മാറുകയും ചെയ്തു. എന്നാല്‍ ഓഹരി അഞ്ചു ശതമാനം താഴ്ന്നു. പിന്നീടു തിരിച്ചു കയറി നേട്ടത്തിലായി.
സ്‌പെഷാലിറ്റി കെമിക്കല്‍സ് കമ്പനിയായ എസ്.ആര്‍.എഫ് ഇന്നു രണ്ടു ശതമാനത്തോളം താഴ്ന്നു. ബിസിനസ് പ്രതീക്ഷ മോശമാണെന്നു മാനേജ്‌മെന്റ് വിലയിരുത്തിയ സാഹചര്യത്തില്‍ ഇന്നലെ ഈ ഓഹരി ഏഴു ശതമാനം ഇടിഞ്ഞതാണ്.
പ്രോജക്റ്റ് ഫിനാന്‍സിംഗിന്റെ വകയിരുത്തല്‍ വര്‍ധിപ്പിക്കാനുള്ള കരടു നിര്‍ദേശത്തെ തുടര്‍ന്ന് ഇടിഞ്ഞ ആര്‍.ഇ.സിയും പി.എഫ്.സിയും ഏഴു ശതമാനത്തോളം തിരിച്ചു കയറി. ഐ.ആര്‍.ഇ.ഡി.എയും നേട്ടത്തിലാണ്.

രൂപ, സ്വര്‍ണം, ക്രൂഡ്

രൂപ ഇന്നു തുടക്കത്തില്‍ നേട്ടം കാണിച്ചു. രണ്ടു പൈസ കുറഞ്ഞ് 83.49 രൂപയിലാണു ഡോളര്‍ ഓപ്പണ്‍ ചെയ്തത്.

സ്വര്‍ണം ലോകവിപണിയില്‍ 2,318 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 53,000 രൂപയായി.
ക്രൂഡ് ഓയില്‍ സാവധാനം താഴുകയാണ്. ബ്രെന്റ് ഇനം 82.80 ഡോളര്‍ ആയി.

Similar News