ഇന്ത്യയില്‍ അതിദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞു
2005 മുതല്‍ 2021 വരെയുള്ള 15 വര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 42 കോടി പേര്‍
2005 മുതല്‍ 2021 വരെയുള്ള 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ മൊത്തം 41.5 കോടി ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി ഏറ്റവും പുതിയ ഗ്ലോബല്‍ മള്‍ട്ടിഡൈമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് (എം.പി.ഐ) റിപ്പോര്‍ട്ട്. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമും (യു.എന്‍.ഡി.പി) ഓക്സ്ഫെഡ്് യൂണിവേഴ്സിറ്റിയിലെ ഓക്സ്ഫെഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവും (ഒ.പി.എച്ച്.ഐ) ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
ദാരിദ്ര്യത്തിലെ കുറവ് നേട്ടം തന്നെ
യു.എന്‍ കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ ഇന്ത്യ ചൈനയെ മറികടന്ന് 142.86 കോടി ജനങ്ങളുമായി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. ജനസംഖ്യയില്‍ ഒന്നാമത് നില്‍ക്കുന്ന രാജ്യം ദാരിദ്ര്യത്തില്‍ ഗണ്യമായ കുറവ് കാണിക്കുന്നത് ശ്രദ്ധേയമായ നേട്ടമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കണക്കുകള്‍ പറയുന്നത്
2005-06 കാലയളവില്‍ ഇന്ത്യയില്‍ ഏകദേശം 64.5 കോടി പേര്‍ ദാരിദ്ര്യത്തിലായിരുന്നു. ഇത് 2015-16 കാലയളവില്‍ ഏകദേശം 37 കോടിയായും 2019-21 കാലയളവില്‍ 23 കോടിയായും കുറഞ്ഞു. ഇന്ത്യയില്‍ എല്ലാ സൂചകങ്ങളിലുമുള്ള ദാരിദ്ര്യം കുറഞ്ഞുവെന്നും ദരിദ്രരായ സംസ്ഥാനങ്ങളും പിന്നോക്ക ജാതി വിഭാഗങ്ങളിലെ കുട്ടികളും മറ്റ് ജനങ്ങളും ഏറ്റവും വേഗത്തില്‍ സമ്പൂര്‍ണ്ണ പുരോഗതി കൈവരിച്ചതായും റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ അതിദരിദ്രരും പോഷകാഹാര ലഭ്യത കുറഞ്ഞവരുമായ ആളുകള്‍ 2005-06 കാലയളവിലെ 44.3 ശതമാനത്തില്‍ നിന്ന് 2019-21ല്‍ 11.8 ശതമാനമായി കുറയുകയും ശിശുമരണ നിരക്ക് ഈ കാലയളവുകളില്‍ 4.5 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായി കുറയുകയും ചെയ്തു.ദരിദ്രരും പാചക ഇന്ധനം ഇല്ലാത്തവരും 52.9 ശതമാനത്തില്‍ നിന്ന് 13.9 ശതമാനമായി കുറഞ്ഞു.
കുടിവെള്ള ലഭ്യത കുറവിന്റെ കാര്യത്തില്‍ അതിദരിദ്രരായ ആളുകളുടെ എണ്ണം 16.4 ശതമാനത്തില്‍ നിന്ന് 2.7 ശതമാനമായി കുറഞ്ഞു. വൈദ്യുതി ലഭ്യതയുടെ അഭാവത്തിന്റെ കാര്യത്തില്‍ 29 ശതമാനത്തില്‍ നിന്ന് 2.1 ശതമാനമായി കുറഞ്ഞു. ഭവന നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ഇത് 44.9 ശതമാനത്തില്‍ നിന്ന് 13.6 ശതമാനമായി കുറഞ്ഞു.
ആഗോളതലത്തില്‍
ഇന്ത്യയുള്‍പ്പെടെ 25 രാജ്യങ്ങളില്‍ ആഗോള എം.പി.ഐ 15 വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇതില്‍ കംബോഡിയ, ചൈന, കോംഗോ, ഹോണ്ടൊറസ്, ഇന്‍ഡോനേഷ്യ, മൊറോക്കോ, സെര്‍ബിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും ഉള്‍പ്പെടുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് 110 രാജ്യങ്ങളിലായി 610 കോടി ജനങ്ങളില്‍ 110 കോടി പേര്‍ (18%) കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. സബ്-സഹാറന്‍ ആഫ്രിക്ക (53.4 കോടി), ദക്ഷിണേഷ്യ (38.9 കോടി) എന്നിവിടങ്ങളില്‍ ആറില്‍ അഞ്ച് പേരും ദരിദ്രരാണ്.
ദരിദ്രരില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും (73 കോടി പേര്‍) ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് ജീവിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ദരിദ്രരില്‍ പകുതിയും (56.6 കോടി) 18 വയസ്സിന് താഴെയുള്ള കുട്ടികളാണ്. കുട്ടികളിലെ ദാരിദ്ര്യ നിരക്ക് 27.7% ആണ്, മുതിര്‍ന്നവരില്‍ ഇത് 13.4% ആണ്. ദാരിദ്ര്യം പ്രധാനമായും ഗ്രാമപ്രദേശങ്ങളെ ബാധിക്കുന്നു, 84% ദരിദ്രരും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നു. ലോകത്തിലെ എല്ലാ പ്രദേശങ്ങളിലുമുള്ള നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങള്‍ ദരിദ്രമാണ്.