കനേഡിയൻ പൗരത്വം സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധന

Update: 2018-12-26 07:00 GMT

ഒരു വർഷത്തിനിടയിൽ കനേഡിയൻ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ 50 ശതമാനം വർധന. 2018 ജനുവരി-ഒക്ടോബർ കാലയളവിൽ 15,000 ഇന്ത്യക്കാരാണ് കാനഡയിലെ പൗരന്മാരായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

2017 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 50 ശതമാനം കൂടുതലാണ്. കനേഡിയൻ പൗരത്വത്തിന് അപേക്ഷ നൽകിയവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാർക്കാണ്. ഒന്നാം സ്ഥാനം ഫിലിപ്പൈൻസിനും.

ഈ വർഷം ഇതുവരെ 1.39 ലക്ഷം സ്ഥിരതാമസക്കാരാണ് കനേഡിയൻ പൗരത്വം നേടിയത്. ഇതിൽ 11 ശതമാനം പേരും ഇന്ത്യക്കാരാണ്.  2017 ൽ സ്ഥിരതാമസക്കാരായത് 51,000 ഇന്ത്യക്കാരാണ്.     

ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കനേഡിയൻ പൗരത്വം നേടിയത് 2015 ലാണ്; 28,000 പേർ. ഇതിന് ശേഷം രണ്ട് വർഷത്തോളം തണുത്ത പ്രതികരണമായിരുന്നു. എന്നാലിപ്പോൾ വീണ്ടും ആ ട്രെൻഡ് തിരികെ എത്തിയിരിക്കുന്നു.

ഒക്ടോബർ 2017 മുതൽ കനേഡിയൻ പൗരത്വത്തിന് അപേക്ഷ നൽകുന്നതിനുള്ള യോഗ്യത നേടാൻ കൂടുതൽ എളുപ്പമായിരിക്കുകയാണ്. മുൻപ് ഒരു പ്രവാസിക്ക് പൗരത്വം നേടുണമെങ്കിൽ അയാൾ കാനഡയിലേക്ക് കുടിയേറിപ്പാർത്തതിന് ശേഷമുള്ള ആറ് വർഷത്തിൽ നാല് വർഷമെങ്കിലും കാനഡയിൽ തന്നെ താമസിച്ചിരിക്കണം. ഇപ്പോൾ ഇത് അഞ്ച് വർഷത്തിൽ മൂന്ന് വർഷം എന്നാക്കി ചുരുക്കി.

കനേഡിയൻ പൗരനായിക്കഴിഞ്ഞാൽ സർക്കാർ ജോലിക്ക് അപേക്ഷ നൽകാനൊക്കെ സാധിക്കും. മാത്രമല്ല, കനേഡിയൻ പാസ്പോർട്ട് ഉള്ളവർക്ക് യുഎസിൽ ജോലി ചെയ്യാനായുള്ള ട്രേഡ് നാഷണൽ വിസക്ക് അപേക്ഷിക്കാം. എച്ച് 1ബി വിസയ്ക്ക് തുല്യമാണെങ്കിലും യുഎസിൽ ട്രേഡ് നാഷണൽ വിസക്ക് അനുവദിക്കാവുന്ന വിസയുടെ എണ്ണത്തിന്റെ കാര്യത്തിൽ വാർഷിക പരിധിയൊന്നുമില്ല. കിട്ടാനും എളുപ്പമാണ്.

Similar News