ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയില്‍ വീണ്ടും കുതിപ്പ്; ചൈനയിലേക്കുള്ള ഒഴുക്ക് കുറയുന്നു

റഷ്യന്‍ എണ്ണ വാങ്ങാന്‍ മത്സരിച്ച് റിലയന്‍സും നയാരയും; സൗദി, ഇറാക്ക്, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞു

Update: 2024-05-02 07:00 GMT

Image : Canva

അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കുകളെ ഗൗനിക്കാതെ റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡോയില്‍ വന്‍തോതില്‍ ഒഴുകുന്നു. കഴിഞ്ഞമാസം (ഏപ്രില്‍) പ്രതിദിനം 1.72 മില്യണ്‍ ബാരല്‍ വീതം റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങിയെന്നും ഇത് കഴിഞ്ഞ 9 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിയാണെന്നും വിപണി നിരീക്ഷകരായ വോര്‍ട്ടെക്‌സയുടെ കണക്കുകള്‍ വ്യക്തമാക്കി. മാര്‍ച്ചിനെ അപേക്ഷിച്ച് 26 ശതമാനം അധികവുമാണ് കഴിഞ്ഞമാസത്തെ റഷ്യന്‍ എണ്ണ ഇറക്കുമതി.
അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍., ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍) എന്നിവയ്ക്ക് പുറമേ സ്വകാര്യ എണ്ണക്കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയാര എനര്‍ജി എന്നിവയും വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടുകയാണ്.
റിലയന്‍സും നയാരയും ചേര്‍ന്ന് പ്രതിദിനം 7.70 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് ഏപ്രിലില്‍ വാങ്ങിയത്. ഇത് കഴിഞ്ഞ ഒരുവര്‍ഷത്തെ ഏറ്റവും ഉയരമാണ്.
ഇന്ത്യന്‍ ഓയിലും ബി.പി.സി.എല്ലും എച്ച്.പി.സി.എല്ലും സംയുക്തമായി വാങ്ങിയത് പ്രതിദിനം 1.02 മില്യണ്‍ ബാരല്‍ വീതമാണ്. ഇതാകട്ടെ കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിയുമാണ്.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇറക്കുമതി താഴേക്ക്
യുക്രെയ്ന്‍ വിഷയത്തില്‍ അടുത്തിടെ റഷ്യന്‍ എണ്ണയ്ക്കുമേല്‍ അമേരിക്ക വിലക്ക് കടുപ്പിച്ചിരുന്നു. എന്നാല്‍, ഇത് സൊക്കോല്‍ (Sokol) എന്ന ഇനത്തെയാണ് കൂടുതലായി ബാധിക്കുന്നതെന്നതിനാല്‍ ഇന്ത്യക്ക് തിരിച്ചടിയല്ല.
യുറാല്‍ (URAL) ഉള്‍പ്പെടെയുള്ള മറ്റ് ഇനം ക്രൂഡോയിലുകളാണ് ഇന്ത്യ കൂടുതലായും റഷ്യയില്‍ നിന്ന് വാങ്ങുന്നത്.
ഇന്ത്യയുടെ പരമ്പരാഗത എണ്ണ സ്രോതസ്സുകളായിരുന്ന ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി കുറയുന്ന ട്രെന്‍ഡാണ് കഴിഞ്ഞമാസം കണ്ടത്. ഇറാക്കില്‍ നിന്നുള്ള ഇറക്കുമതി കഴിഞ്ഞമാസം പ്രതിദിനം 10.9 ലക്ഷം ബാരലില്‍ നിന്ന് 7.76 ലക്ഷമായി കുറഞ്ഞു.
സൗദി അറേബ്യയില്‍ നിന്നുള്ള പ്രതിദിന ഇറക്കുമതി 7.68 ലക്ഷം ബാരലില്‍ നിന്ന് 6.80 ലക്ഷം ബാരലിലേക്കും യു.എ.ഇയില്‍ നിന്നുള്ളത് 4.42 ലക്ഷം ബാരലില്‍ നിന്ന് 2.60 ലക്ഷം ബാരലിലേക്കും താഴ്ന്നു.
ഗള്‍ഫില്‍ നിന്നുള്ളതിനേക്കാള്‍ ഡിസ്‌കൗണ്ട് നിരക്കിലാണ് നിലവില്‍ റഷ്യന്‍ എണ്ണ ഇന്ത്യക്ക് ലഭിക്കുന്നത്. ഇത് വരും മാസങ്ങളിലും തുടരാനാണ് സാധ്യതയെന്നതിനാല്‍ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഒഴുക്ക് കൂടുമെന്നാണ് വിലയിരുത്തലുകള്‍.
അതേസമയം, സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന ചൈന റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചിട്ടുണ്ട്. ഇതും ഇന്ത്യക്ക് കൂടുതല്‍ എണ്ണ ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാക്കാന്‍ റഷ്യയെ പ്രേരിപ്പിച്ചേക്കും.
Tags:    

Similar News