ശ്രീലങ്കയുടെ മൂന്ന് വിമാനത്താവളങ്ങള്‍ അദാനിയുടെ കൈകളിലേക്ക്
അദാനിയുടെ ഉന്നം ബണ്ഡാരനായകെ വിമാനത്താവളവും
ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് ശ്രീലങ്കയിലെ മൂന്ന് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന നിയന്ത്രണം സ്വന്തമാക്കാനൊരുങ്ങുന്നു. ഇന്ത്യക്ക് പുറത്തുള്ള വിമാനത്താവങ്ങളുടെ നിയന്ത്രണം സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ആദ്യ നീക്കവുമാണിത്.
ശ്രീലങ്കയിലേക്കുള്ള അന്താരാഷ്ട്ര കവാടം എന്ന പെരുമയുള്ള കൊളംബോയിലെ ബണ്ഡാരനായകെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കൊളംബോയിലെ തന്നെ റത്മലാന എയര്‍പോര്‍ട്ട്, തുറമുഖ നഗരമായ ഹമ്പന്‍തോട്ടയിലെ മട്ടാല രജപക്‌സ എയര്‍പോര്‍ട്ട് എന്നിവയുടെ നിയന്ത്രണമാണ് അദാനി ഗ്രൂപ്പ് ഉന്നംവയ്ക്കുന്നത്. അദാനി ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ്, ആഭ്യന്തര രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവമൂലം ഏറെ തിരിച്ചടി നേരിട്ട ശ്രീലങ്കന്‍ ടൂറിസം മെല്ലെ നേട്ടത്തിലേക്ക് കരകയറുകയാണ്. കൊവിഡ് കാലത്ത് നിശ്ചലമായിരുന്ന ടൂറിസം മേഖലയ്ക്ക് ഉണര്‍വേകിക്കൊണ്ട് 2023ല്‍ 14.8 ലക്ഷം വിദേശ വിനോദസഞ്ചാരികളാണ് ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കയുടെ ജി.ഡി.പിയില്‍ വലിയ പങ്ക് വഹിക്കുന്ന മേഖലയുമാണ് ടൂറിസം.
സഞ്ചാരികളുടെ ഒഴുക്ക് ശക്തമായതോടെ, വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ആലോചനയിലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് നിയന്ത്രണം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള ചര്‍ച്ചകള്‍.
കടലും ആകാശവും
ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് ടെര്‍മിനല്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അദാനി ഗ്രൂപ്പിന് കീഴിലെ തുറമുഖ കമ്പനിയായ അദാനി പോര്‍ട്‌സ്. ഇതിനായി അമേരിക്കന്‍ സര്‍ക്കാരിന് കീഴിലെ ഡെവലപ്‌മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് 5,000 കോടി രൂപയുടെ വായ്പയും അദാനി പോര്‍ട്‌സ് ഉറപ്പാക്കിയിരുന്നു. പദ്ധതിയോട് അനുബന്ധിച്ച് 500 മെഗാവാട്ടിന്റെ കാറ്റാടിപ്പാടവും (Windfarm) അദാനി ഗ്രൂപ്പ് ശ്രീലങ്കയില്‍ സ്ഥാപിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ശ്രീലങ്കയിലെ പ്രമുഖമായ മൂന്ന് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന നിയന്ത്രണവും നേടാന്‍ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.
അദാനിയുടെ ആകാശം
തിരുവനന്തപുരം അടക്കം ഇന്ത്യയിലെ എട്ട് പ്രമുഖ വിമാനത്താവളങ്ങള്‍ ഇപ്പോള്‍ അദാനി ഗ്രൂപ്പിലെ അദാനി എയര്‍പോര്‍ട്‌സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡാണ് നിയന്ത്രിക്കുന്നത്. തിരുവനന്തപുരം, അഹമ്മദാബാദ്, ലക്‌നൗ, ജയ്പൂര്‍, ഗുവഹാത്തി, മംഗളൂരു എന്നീ വിമാനത്താവളങ്ങളുടെ നിയന്ത്രണച്ചുമതല കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സ്വന്തമാക്കുകയാണ് അദാനി ഗ്രൂപ്പ് ചെയ്തത്. അതേസമയം, മുംബൈ വിമാനത്താവളത്തില്‍ 73 ശതമാനം ഓഹരി പങ്കാളിത്തമുണ്ട് അദാനി ഗ്രൂപ്പിന്. നവി മുംബൈ വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികളും അദാനിയുടെ കൈവശമാണ്.