സ്ഥലക്കച്ചവടത്തിനും ജി എസ് ടി കൊടുക്കണോ?

നികുതി വെട്ടിപ്പിന് പ്രത്യക്ഷമായോ പരോക്ഷമായോ കൂട്ടുനിന്നാല്‍ ജി എസ് ടി നിയമത്തിലെ വ്യവസ്ഥകള്‍ സംരംഭകര്‍ക്ക് കുരുക്കാകും

Update:2021-04-10 12:00 IST

ഒരു തട്ടിപ്പും നടത്താതെ ബിസിനസ് ചെയ്ത ഞാന്‍ എന്റെ സ്വന്തം സ്ഥലം വിറ്റുകിട്ടിയ കാശിന് വരെ ജിഎസ്ടി അടക്കേണ്ടി വന്നു. ഇവിടെ എങ്ങനെ ബിസിനസ് ചെയ്യും?

വിദേശത്തുനിന്ന് നാട്ടിലെത്തി ബിസിനസ് നടത്തിയ ഒരു വ്യക്തി അടുത്തിടെ എന്നോട് പങ്കുവെച്ച പരിഭവമാണിത്. ജിഎസ്ടി നിയമത്തില്‍ സ്ഥലം വില്‍പ്പനയ്ക്ക് നികുതി ബാധ്യത ഇല്ല. പക്ഷേ ഈ പ്രവാസി സംരംഭകന്റെ സ്ഥലം വിറ്റുകിട്ടിയ പണത്തിന് ജിഎസ്ടി അടക്കേണ്ടി വരുമെന്നാണ് പരിതപിക്കുന്നത്.
ഞാന്‍ കാരണം തിരക്കി. ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയ ശേഷം തുടങ്ങിയ ബിസിനസ് ചെറിയ എന്‍ജിനീയറിംഗ് വര്‍ക്ക്‌ഷോപ്പാണ്. കൂടെ വെല്‍ഡിംഗ് ഇലക്ട്രോഡിന്റെ ഒരു ഏജന്‍സിയും ആരംഭിച്ചു. വെല്‍ഡിംഗ് റോഡിന്റെ ഏജന്‍സി ലഭിക്കുന്നതിന് ജി എസ് ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായതിനാല്‍ അതെടുത്തു. സിജിഎസ്ടി, എസ്ജിഎസ്ടി ഇനത്തിലായി 18 ശതമാനം നികുതി, മാസാമാസം ഇന്‍പുട്ട് തുക കിഴിച്ച് കൃത്യമായി അടക്കുകയും ചെയ്തു.
അതിനിടെ ഇദ്ദേഹം സ്ഥലം വിറ്റ വകയില്‍ 34 ലക്ഷം രൂപ ബാങ്ക് എക്കൗണ്ടില്‍ വന്നു. അതേ ദിവസം തന്നെ ഭാര്യയുടെ പേരില്‍ സഹകരണബാങ്കില്‍ 40 ലക്ഷം രൂപ നിക്ഷേപിച്ചു. ഇന്‍കംടാക്‌സ് അധികാരികളുടെ പരിശോധനയില്‍ സഹകരണ ബാങ്കിലെ 40 ലക്ഷം രൂപ 'Unexplained income' ആയതിനാല്‍ ഇന്‍കം ടാക്‌സ് അടയ്ക്കാന്‍ നിര്‍ബന്ധിതനായി. ഈ 40 ലക്ഷം രൂപ അനധികൃത സമ്പാദ്യമായതിനാല്‍ ജിഎസ്ടി പലിശയും പിഴപ്പലിശയും അടയ്ക്കാന്‍ നോട്ടീസ് വരാനിടയുണ്ടെന്ന് ടാക്‌സ് കണ്‍സള്‍ട്ടന്റിന്റെ മുന്നറിയിപ്പാണ് അദ്ദേഹത്തെ നിരാശനാക്കിയിരിക്കുന്നത്.
ഞാന്‍ ഒന്നുകൂടി ചുഴിഞ്ഞുചോദിച്ചപ്പോള്‍ കാര്യം വ്യക്തമായി. സ്ഥലം വിറ്റപ്പോള്‍ ശരിക്കും ലഭിച്ചത് 74 ലക്ഷം രൂപയാണ്. അതില്‍ 34 ലക്ഷം ആധാരത്തില്‍ കാണിച്ചു. ബാങ്ക് വഴി കൈമാറ്റം ചെയ്തു. ബാക്കി 40 ലക്ഷം രേഖകളില്ലാതെ വാങ്ങി. അത് ചെറിയ തുകകളായി സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു. ഇന്‍കം ടാക്‌സ് പരിശോധനയില്‍ സ്രോതസ് കാണിക്കാന്‍ പറ്റാത്തതിനാല്‍ Unexplained നികുതി ഇനത്തില്‍ ഇന്‍കംടാക്‌സ് അടച്ചു തലയൂരി. പക്ഷേ അപ്പോഴാണ് അടുത്ത പ്രശ്‌നം തലപൊക്കിയത്.
അനധികൃത സ്വത്ത് കണ്ടാല്‍ കുടുങ്ങും
ഭൂമി വില്‍പ്പനയുടെ തുക കാണിച്ചാല്‍ ജി എസ് ടി അടയ്‌ക്കേണ്ട. എന്നാല്‍ അനധികൃതമായി കിട്ടിയ തുക ഏതെന്ന് തെളിയിക്കേണ്ട ബാധ്യത നികുതിദായകനുണ്ട്. അത് തെളിയിക്കാതെ ഇരുന്നാല്‍ ജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 2 (31) പ്രതിപാദിക്കുന്ന 'Supply' യുടെ ഭാഗമായ പ്രതിഫലമായി അതിനെ കാണും. 'പ്രതിഫലം' എന്നു തന്നെ അത്തരം തുകകളെ കണക്കെഴുതേണ്ടി വരുമെന്ന് സാരം.
ഒരു പരിശോധനാ സ്ഥലത്ത് കണ്ട കാഷ് ബാലന്‍സ് ആ നികുതി ദായകന്റെ ഡെ ബുക്കിലോ കാഷ് ബുക്കിലോ മറ്റ് രേഖകളിലോ പെടാത്തതോ അല്ലെങ്കില്‍ അനധികൃതമല്ല എന്ന് തെളിയിക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ ആ പണം നികുതി വകുപ്പിന് പിടിച്ചെടുക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ അടുത്തകാലത്ത് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം അത്തരത്തില്‍ വന്‍തുകകള്‍ പരിശോധനയിലൂടെ പിടിച്ചെടുത്തിട്ടുണ്ട്.
ജി എസ് ടി നിയമം കണക്ക് സൂക്ഷിക്കുന്നവരുടെ കൂടെ നില്‍ക്കുന്ന നിയമമാണ്. അതുകൊണ്ട് ഒരു നികുതി ദായകന്‍ ജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 35 (1) പ്രകാരമുള്ള രേഖകള്‍ സൂക്ഷിച്ചിരിക്കണം.
ജി എസ് ടി നിയമം കണക്ക് എഴുതി, ഇന്‍വോയ്‌സ് കൊടുത്ത് കച്ചവടം ചെയ്യുന്നവരെയും റിട്ടേണുകള്‍ സമയ ബന്ധിതമായി സമര്‍പ്പിക്കുകയും നികുതി കൃത്യമായി അടയ്ക്കുന്നവരെയും മാത്രമേ സംരക്ഷിക്കൂ. നികുതി വെട്ടിപ്പിന് പ്രത്യക്ഷമായോ പരോക്ഷമായോ കൂട്ടുനിന്നാല്‍ അവരെല്ലാം പെട്ടുപോകാന്‍ സാധ്യതയുണ്ട്.
ജി എസ് ടി കുടിശ്ശിക വന്നാല്‍ സ്ഥലം പോലും വില്‍ക്കാന്‍ പറ്റില്ല
നികുതി കുടിശ്ശിക വന്നാല്‍ ജി എസ് ടി നിയമത്തിലെ 83ാം വകുപ്പ് പ്രകാരം പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റിന് വിധേയമാക്കാന്‍ നികുതി വകുപ്പിലെ കമ്മിഷണര്‍ക്ക് ഒരു ഉത്തരവ് മാത്രം മതി. 81ാം വകുപ്പ് പ്രകാരം ജി എസ് ടി കുടിശ്ശിക ഉള്ള ആളുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ കൈമാറ്റം നിലനില്‍ക്കുന്നതല്ല. സര്‍ക്കാരിലേക്ക് അടക്കാനുള്ള നികുതി തുകയ്ക്ക് കൈമാറ്റം ചെയ്ത വസ്തുവിന് ചാര്‍ജ് ഉണ്ടായിരിക്കും.
ഭൂമി രജിസ്‌ട്രേഷന്‍ നടക്കുന്ന സബ് രജിസ്ട്രാര്‍ ഓഫീസിന്റെ രേഖകളിലോ വില്ലേജിലെ ബിടിആറിലോ ആ ബാധ്യത രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ പോലും, ആ വസ്തു കൈമാറ്റം അസാധുവാണ്.
ജിഎസ്ടി നിയമത്തിന്റെ ഈ കുരുക്കുകള്‍ മനസ്സിലാക്കി സത്യസന്ധതയോടെ ബിസിനസ് ചെയ്തില്ലെങ്കില്‍ പണി പാളും. മാത്രമല്ല ബിസിനസ് സ്ഥാപനത്തിലോ മറ്റെവിടെയെങ്കിലോ സൂക്ഷിച്ചിരിക്കുന്ന കണക്കില്‍ രേഖപ്പെടുത്താത പണമോ ആഭരണമോ വിലപിടിപ്പുള്ള മറ്റ് വസതുക്കളോ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ പിടിച്ചെടുത്താല്‍ തീര്‍ച്ചയായും വന്‍തുക നികുതി, പലിശ, പിഴ ഇനത്തില്‍ അടക്കേണ്ടി വരികയും ചെയ്യും.


Tags:    

Similar News