അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍: ബാങ്ക് ഓഫ് അമേരിക്ക

Update: 2020-03-20 13:00 GMT

അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതി വീണതായി ബാങ്ക് ഓഫ്
അമേരിക്ക. നിക്ഷേപകര്‍ക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ''സമ്പദ് വ്യവസ്ഥ, ലോകത്തിലെ മറ്റിടങ്ങളിലേതു പോലെ, സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണതായി ഞങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ജോലികള്‍ നഷ്ടമാകും. സമ്പത്ത് നശിക്കും. വിശ്വാസം കുത്തനെ ഇടിയും,'' നിക്ഷേപകര്‍ക്കുള്ള സന്ദേശത്തില്‍ ബാങ്ക് ഓഫ് അമേരിക്ക പറയുന്നു.

സാമ്പത്തിക മാന്ദ്യത്തെ സംബന്ധിച്ച പ്രസ്താവനകളില്‍ നിന്ന് വിട്ടുനിന്നിരുന്ന ബാങ്ക് ഓഫ് അമേരിക്ക കോറോണ വൈറസ് ബാധ മൂലമുണ്ടായിരിക്കുന്ന മാന്ദ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അമേരിക്കയ്ക്കും സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ''ഇതൊരു കനത്ത വീഴ്ചയാണ്. ജോലികള്‍ നഷ്ടമാകും. സമ്പത്ത് നഷ്ടമാകും. വിശ്വാസം
കുത്തനെ ഇടിയും,'' കത്തില്‍ ബാങ്ക് ഓഫ് അമേരിക്ക യു എസ് ഇക്കണോമിസ്റ്റ് മിഷേല്‍ മെയര്‍ വ്യക്തമാക്കുന്നു. രണ്ടാം പാദത്തില്‍ സമ്പദ് വ്യവസ്ഥയില്‍ 12 ശതമാനം ഇടിവാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ ജിഡിപിയില്‍ 0.8 ശതമാനം
ഇടിവുണ്ടാകുമെന്നും കണക്കുകൂട്ടുന്നു.

തൊഴിലില്ലായ്മ നിരക്ക് ഇരട്ടിയാകും. രണ്ടാം പാദത്തിലെ ഓരോ മാസത്തിലും ഏകദേശം ഒരു ദശലക്ഷം ജോലികള്‍ വരെ നഷ്ടമാകും. രണ്ടാം പാദത്തില്‍ മൊത്തം 3.5 ദശലക്ഷം ജോലികള്‍ നഷ്ടപ്പെടുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക പറയുന്നത്. കോറോണ ബാധയെ തുടര്‍ന്ന് യാത്രകള്‍ക്ക് പൂര്‍ണമായ വിലക്ക് വരുകയും ബിസിനസുകള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ രാജ്യാന്തര വിപണികള്‍ കനത്ത തിരിച്ചടി നേരിടുകയാണ്. ഈ സ്ഥിതി ഗുരുതരമാവുകയേ ഉള്ളൂവെന്ന് മെയര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഏപ്രിലിലും സ്ഥിതി രൂക്ഷമായിരിക്കും. സമ്പദ് വ്യവസ്ഥയില്‍ തിരിച്ചുവരവ് വളരെ പെട്ടെന്ന് സാധ്യമല്ല. ജൂലൈ മാസത്തോടെ ഒരു പക്ഷേ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടേക്കാമെന്നും അവര്‍ വ്യക്തമാക്കുന്നു. ''ഇടിവ് എന്തായാലും വളരെ തീവ്രമായിരിക്കും,'' മെയെര്‍ പറയുന്നു. ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന അതിദ്രുത തീരുമാനങ്ങളിലൂടെ മാത്രമേ ഈ
അവസ്ഥയ്ക്ക് എന്തെങ്കിലും മാറ്റം വരുത്താന്‍ സാധിക്കൂവെന്ന് മെയര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും അടച്ചുപൂട്ടലില്‍

അതിനിടെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നടപടികളിലേക്ക് കടക്കുകയാണ്. മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ അവശ്യസേവന രംഗത്തുള്ളവ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടും. മുംബൈ, പൂനൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലെയെല്ലാം ഓഫീസുകളും സ്ഥാപനങ്ങളും അടച്ചിടാനാണ് നിര്‍ദേശം. ബാങ്കുകളും അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളും മാത്രമേ തുറന്നുപ്രവര്‍ത്തിക്കൂ. സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ജീവനക്കാര്‍
മാത്രമേ ജോലിക്കെത്തൂ. മഹാരാഷ്ട്രയില്‍ 52 പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News