ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 6.5% മാത്രം, 8.5 ശതമാനമെന്ന കണക്ക് തെറ്റെന്ന് രഘുറാം രാജന്‍
ഇടത്തരം വരുമാനക്കാർ തൊഴിലിനായി നെട്ടോട്ടമോടുന്നു
ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാനിര്‍ണയത്തിലെ 'തെറ്റുകള്‍' തിരുത്തിയാല്‍ യഥാര്‍ത്ഥ വളര്‍ച്ചാനിരക്ക് 6-6.5 ശതമാനം മാത്രമായിരിക്കുമെന്നും നിലവിലെ 8-8.5 ശതമാനമെന്ന കണക്ക് ശരിയല്ലെന്നും റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍. 2047ഓടെ വികസിത രാജ്യമാവുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം കാണാന്‍ ഇന്ത്യ ശരാശരി 9-10 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കണം. ഇത് പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ കെല്ലോഗ് ബിസിനസ് സ്‌കൂളില്‍ നടന്നൊരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്‍ ഇതേ പരിപാടിയില്‍ നടത്തിയ പ്രഭാഷണത്തിന് മറുപടിയായാണ് രാജന്‍ ഇക്കാര്യം പറഞ്ഞത്. കൊവിഡിന് ശേഷം ഇന്ത്യ ഓരോ വര്‍ഷവും ശരാശരി 7 ശതമാനം ജി.ഡി.പി വളര്‍ച്ച നേടി മുന്നേറുകയാണെന്ന് സുബ്രഹ്‌മണ്യന്‍ പറഞ്ഞിരുന്നു.
ഇന്ത്യ 7 ശതമാനം വളരുന്നുണ്ടെങ്കില്‍ അത് പണപ്പെരുപ്പം, തൊഴില്‍, വേതനം എന്നിവയില്‍ പ്രതിഫലിക്കാത്തതെന്തെന്ന് രാജന്‍ ചോദിച്ചു. ഒരു രാജ്യം 7 ശതമാനമൊക്കെ വളരുകയാണെങ്കില്‍ ഉറപ്പായും തൊഴിലും വേതനവും ഉയരും. എന്നാല്‍, ഇത് രണ്ടും ഇന്ത്യയില്‍ കാണുന്നില്ല. രാജ്യത്ത് കാര്‍ഷികരംഗത്ത് തൊഴില്‍ വര്‍ധനയുണ്ട്. മാനുഫാക്ചറിംഗില്‍ ഇല്ലെന്നും രാജന്‍ പറഞ്ഞു.
തൊഴില്‍ വിപണി ദുര്‍ബലം
ഇന്ത്യയുടെ തൊഴില്‍ വിപണി ദുര്‍ബലമാണെന്ന വിമര്‍ശനവും ഡോ. രാജന്‍ ഉന്നയിച്ചു. ഇന്ത്യയില്‍ കൂടുതല്‍ യുവാക്കളും സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ശ്രമിക്കുകയാണ്. മാനുഫാക്ചറിംഗ് രംഗത്തെ വളര്‍ച്ച അതിന്റെ മൂലധന രംഗത്ത് മാത്രമാണ്; തൊഴിലവസരങ്ങള്‍ ഉയരുന്നില്ല.
ടൂവീലര്‍, കാര്‍ വിപണിയില്‍ ഡിമാന്‍ഡ് കൂടിയിട്ടില്ലെന്നും വളര്‍ച്ചാനിരക്ക് തീരെക്കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് രണ്ട് മുഖങ്ങളാണുള്ളത്. ഒന്ന്, ഇന്ത്യ ചൈനയ്ക്ക് ബദലാവുന്നുവെന്നും ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറി തുറക്കുന്നുവെന്നും നമ്മള്‍ പറയുന്നു. രണ്ടാമത്തെ മുഖം, തൊഴിലിനായി നെട്ടോട്ടമോടുന്ന മധ്യ-ഇടത്തരം വരുമാനക്കാരാണെന്നും രാജന്‍ പറഞ്ഞു.