ലോകത്ത് അതിവേഗം വളരുന്ന ടെക്ക് ഹബ്ബായി ബെംഗളൂരു
ലണ്ടന്‍, പാരീസ് എന്നിവയെ മറികടന്നാണ് ഇന്ത്യന്‍ നഗരം മുന്നിലെത്തിയത്
വെഞ്ച്വര്‍ കാപിറ്റല്‍ നിക്ഷേപത്തില്‍ 2016 മുതല്‍ ലോകത്തിലെ അതിവേഗം വളരുന്ന ടെക്ക് ഹബ്ബായി ബെംഗളൂര്‍. യൂറോപ്യന്‍ നഗരങ്ങളായ ലണ്ടന്‍, മ്യൂണിച്ച്, ബെര്‍ലിന്‍, പാരീസ് എന്നിവയേക്കാള്‍ മുന്നിലാണ് ബെംഗളൂരുവിന്റെ സ്ഥാനം. ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രമായ മുംബൈയാണ് ആറാം സ്ഥാനത്തുള്ളത്. ലണ്ടനില്‍ പുറത്തിറക്കിയ പുതിയ ഗവേഷണ പ്രകാരമുള്ള കണക്കാണിത്.
കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലെ നിക്ഷേപം 2016 ല്‍ 1.3 ബില്യണ്‍ ഡോളറില്‍ നിന്ന് 2020 ല്‍ 7.2 ബില്യണ്‍ ഡോളറായി 5.4 മടങ്ങ് വര്‍ധിച്ചതായി ഡീല്‍റൂം.കോ ഡാറ്റ വിശകലനം ചെയ്ത ലണ്ടനിലെ ഇന്റര്‍നാഷണല്‍ ട്രേഡിംഗ് ഏജന്‍സിയായ ലണ്ടന്‍ & പാര്‍ട്ണര്‍മാര്‍ വ്യക്തമാക്കി.
മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയില്‍ ഇതേ കാലയളവില്‍ 0.7 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 1.2 ബില്യണ്‍ ഡോളറായി 1.7 മടങ്ങ് വര്‍ധനയുണ്ടായി.
യുകെ തലസ്ഥാനമായ ലണ്ടന്‍ 2016 നും 2020 നും ഇടയില്‍ മൂന്ന് മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തി, 3.5 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 10.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
'വെഞ്ച്വര്‍ കാപിറ്റല്‍ നിക്ഷേപത്തില്‍ അതിവേഗം വളരുന്ന ആഗോള ടെക് ഹബ്ബുകളില്‍ ബെംഗളൂരുവും ലണ്ടനും സ്ഥാനം നേടി എന്നത് അതിശയകരമാണ്. ഈ രണ്ട് മഹാനഗരങ്ങളും സംരംഭകത്വത്തിലും നവീകരണത്തിലും പരസ്പര ശക്തി പങ്കിടുന്നു. ടെക്ക് നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും രണ്ട് പ്രദേശങ്ങളിലും ബിസിനസ്സ് നടത്തുന്നതിന് ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കുന്നു' ലണ്ടന്‍ ആന്റ് പാര്‍ട്‌ണേഴ്‌സിന്റെ ഇന്ത്യയിലെ മുതിര്‍ന്ന പ്രതിനിധി ഹെമിന്‍ ഭാരുച്ച് പറഞ്ഞു.
'യൂറോപ്യന്‍ യൂണിയനുമായുള്ള യു കെ ഗവണ്‍മെന്റിന്റെ അടുത്തിടെയുള്ള ബ്രെക്സിറ്റ് കരാര്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും ലണ്ടനിലേക്കുള്ള നിക്ഷേപകര്‍ക്കും നിശ്ചയദാര്‍ഢ്യം നല്‍കുന്നു, വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ ബിസിനസുകളെ യു കെ തലസ്ഥാനത്തേക്ക് സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെ ടെക് വെഞ്ച്വര്‍ കാപിറ്റലിസ്റ്റ് നിക്ഷേപങ്ങളില്‍ ആറാം സ്ഥാനത്താണ് ബെംഗളൂരു. ആഗോള പട്ടികയില്‍ ബീജിംഗ്, സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്, ഷാങ്ഹായ്, ലണ്ടന്‍ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ലോക റാങ്കിംഗില്‍ മുംബൈ 21-ാം സ്ഥാനത്താണ്.
ബെംഗളൂരുവിനും ലണ്ടനും പിന്നില്‍, അതിവേഗം വളരുന്ന മറ്റ് ടെക് ഹബ്ബുകളില്‍ രണ്ട് ജര്‍മ്മന്‍ നഗരങ്ങളായ മ്യൂണിച്ച്, ബെര്‍ലിന്‍ ഫ്രഞ്ച് തലസ്ഥാനമായ പാരീസ് എന്നിവയാണ്. ഇവ മൂന്നും 2016-2020 കാലയളവില്‍ നിക്ഷേപം ഇരട്ടിയേക്കാള്‍ വര്‍ധിപ്പിച്ചു.
മഹാമാരിയെ തുടര്‍ന്ന് എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി രംഗം നിക്ഷേപകര്‍ക്ക് ഒരു മികച്ച മേഖലയായി ഉയര്‍ന്നു. ലണ്ടന്‍ കഴിഞ്ഞ വര്‍ഷം എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയര്‍ നിക്ഷേപങ്ങളില്‍ 82 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.