ബിനാന്‍സിന്റെ നേതൃത്വത്തില്‍ ഈ രാജ്യത്ത് ക്രിപ്‌റ്റോ ഹബ്ബ് ഒരുങ്ങുന്നു

ബ്ലോക്ക്‌ചെയിന്‍, വെബ്3 മേഖലയില്‍ നിന്നുള്ള നിക്ഷേപമാണ് ലക്ഷ്യം

Update: 2022-09-08 03:30 GMT

പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനാന്‍സുമായി സഹകരിച്ച് പ്രത്യേക സാമ്പത്തിക മേഖല ഒരുക്കാന്‍ നൈജീരിയ. അടുത്തിടെ coingecko നടത്തിയ ഒരു പഠനത്തില്‍ ലോകത്തെ most crypto curious ( ക്രിപ്റ്റോ ജിജ്ഞാസ) രാജ്യമായി നൈജീരിയയെ തെരഞ്ഞെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിനാന്‍സിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.

നൈജീരിയ എക്‌പോര്‍ട്ട് പ്രൊസസിംഗ് സോണ്‍ അതോറിറ്റിയുടെ സഹകരണത്തോടെയാവും ക്രിപ്‌റ്റോയ്ക്ക് വേണ്ടിയുള്ള പ്രത്യേക സാമ്പത്തിക മേഖല ഒരുങ്ങുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ നൈജീരിയയുടേത് ആണ്. ബ്ലോക്ക്‌ചെയിന്‍, വെബ്3 മേഖലയില്‍ നിന്നുള്ള നിക്ഷേപമാണ് ക്രിപ്‌റ്റോ ഹബ്ബിലൂടെ നൈജീരിയ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലായാല്‍ ക്രിപ്‌റ്റോയ്ക്ക് വേണ്ടി പ്രത്യേക മേഖല നിലവില്‍ വരുന്ന ആദ്യ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായി നൈജീരിയ മാറും.

നേരത്തെ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് ബിറ്റ്‌കോയിന് നിയമപരമായ അംഗീകാരം(legal tender) നല്‍കിയിരുന്നു. വടക്കേ അമേരിക്കയിലെ എല്‍സാല്‍വദോറിന് ശേഷം ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ അംഗീകരിച്ച രണ്ടാമത്തെ രാജ്യമാണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്.

2021ല്‍ ഏകദേശം 13 ദശലക്ഷം നൈജീരിയക്കാര്‍ ക്രിപ്‌റ്റോ നിക്ഷേപം നടത്തിയെന്നാണ് ഗവേഷണ സ്ഥാപനമായ ട്രിപിള്‍-എയുടെ വിലയിരുത്തല്‍. രാജ്യത്തെ ആകെ ജനസംഖ്യയുടെ 6.3 ശതമാനം ആണ് ക്രിപ്‌റ്റോ നിക്ഷേപകര്‍. നൈജീരിയ, കെനിയ, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ക്രിപ്‌റ്റോ വിപണി ഒന്നിച്ചെടുത്താല്‍ ഒരു വര്‍ഷം കൊണ്ട് ഏകദേശം 1200 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.

Tags:    

Similar News