കണക്കുതെറ്റിച്ച് അമേരിക്കന്‍ പണപ്പെരുപ്പം; സ്വര്‍ണം ഇടിഞ്ഞു, ബോണ്ടും ഡോളറും കുതിച്ചു, ഓഹരികളില്‍ വിറ്റൊഴിയാന്‍ തിരക്ക്
പലിശഭാരം ഉടനൊന്നും കുറയ്ക്കാന്‍ സാധ്യതയില്ല; വെള്ളി വിലയും ഇടിഞ്ഞു, കേരളത്തില്‍ നാളെ സ്വര്‍ണം, വെള്ളി വിലകള്‍ താഴ്‌ന്നേക്കും
പ്രതീക്ഷകള്‍ തെറ്റിച്ച് അമേരിക്കയുടെ ജനുവരിയിലെ ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (CPI/Consumer Price Index) ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കുതിച്ചുയര്‍ന്ന് ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (US Treasury Bind Yiled). ഇതോടെ രാജ്യാന്തര സ്വര്‍ണം, വെള്ളി വിലകള്‍ ഇടിഞ്ഞു. യു.എസ് ഓഹരി വിപണികള്‍ വില്‍പന സമ്മര്‍ദ്ദത്തിലും അകപ്പെട്ടിരിക്കുകയാണ്.
ഡിസംബറില്‍ 3.4 ശതമാനമായിരുന്നു അമേരിക്കന്‍ പണപ്പെരുപ്പം. ജനുവരിയില്‍ ഇത് 2.9 ശതമാനത്തിലേക്ക് താഴുമെന്നാണ് നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍, കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റിച്ച് പണപ്പെരുപ്പം ജനുവരിയില്‍ 3.1 ശതമാനത്തിലെത്തി.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വ് 2024ല്‍ മൂന്ന് തവണയെങ്കിലും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന് പണപ്പെരുപ്പം കുറയണമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രണ്ട് ശതമാനമെന്ന നിയന്ത്രണരേഖയില്‍ നിന്ന് ഇപ്പോഴും ബഹുദൂരം ഉയരെയാണ് പണപ്പെരുപ്പം എന്നതിനാല്‍ സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത തീരെയില്ലാതായി. ഇതോടെയാണ് ഡോളറും ബോണ്ട് യീല്‍ഡും കുതിച്ചുമുന്നേറിയത്.
രാജ്യാന്തര സ്വര്‍ണവില 2,000 ഡോളറിന് താഴെ
നിക്ഷേപകര്‍ ഡോളര്‍ സൂചികയിലേക്കും ബോണ്ടിലേക്കും ശ്രദ്ധമാറ്റിയതോടെ സ്വര്‍ണത്തിന്റെയും ഓഹരികളുടെയും ഡിമാന്‍ഡ് ഇടിഞ്ഞു. കഴിഞ്ഞവാരം ഔണ്‍സിന് 2,050 ഡോളറിന് മുകളിലായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇപ്പോഴുള്ളത് 1,991 ഡോളറില്‍. ഇന്ന് രാജ്യാന്തര വ്യാപാരം ആരംഭിച്ചയുടന്‍ ഒറ്റയടിക്ക് ഇടിഞ്ഞത് 27 ഡോളറാണ്. കഴിഞ്ഞയാഴ്ച 23-24 ഡോളര്‍ നിരക്കിലായിരുന്ന രാജ്യാന്തര വെള്ളിവില 22 ഡോളറിലേക്കും ഇടിഞ്ഞിട്ടുണ്ട്. സ്വർണവില ഇനിയും ഇടിഞ്ഞേക്കുമെന്നാണ് വിലയിരുത്തലുകൾ.
ബോണ്ടും ഡോളറും കുതിച്ചു, ഓഹരി കിതയ്ക്കുന്നു
ലോകത്തെ 6 മുന്‍നിര കറന്‍സികള്‍ക്കെതിരായ ഡോളര്‍ ഇന്‍ഡെക്‌സ് ഇന്ന് 0.55 ശതമാനം ഉയര്‍ന്ന് 104.704ലെത്തി. 10-വര്‍ഷ യു.എസ് ട്രഷറി യീല്‍ഡ് ആകട്ടെ ഏതാണ്ട് 0.10 ശതമാനം ഉയര്‍ന്ന് 4.269 ശതമാനവുമായി.
പണപ്പെരുപ്പം കണക്കുകൂട്ടല്‍ തെറ്റിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെ യു.എസ് ഓഹരി വിപണികളില്‍ വില്‍പന സമ്മര്‍ദ്ദം ആഞ്ഞടിച്ചു. ഡൗ ജോണ്‍സ് 500 പോയിന്റ്, എസ് ആന്‍ഡ് പി500 1.1 ശതമാനം, നാസ്ഡാക് കോമ്പസൈറ്റ് 1.2 ശതമാനം എന്നിങ്ങനെ നിലംപൊത്തി.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
അമേരിക്കന്‍ ഓഹരി വിപണിയുടെ പ്രകടനം ഇന്ത്യന്‍ ഓഹരി സൂചികകളെയും വലിയതോതില്‍ സ്വാധീനിക്കാറുണ്ട്. നാളെ ഈ വില്‍പന സമ്മര്‍ദ്ദക്കാറ്റ് ഇന്ത്യയിലും അലയടിച്ചേക്കാം. യു.എസ് ബോണ്ട് യീല്‍ഡ് കൂടിയതിനാല്‍ ഇന്ത്യന്‍ ഓഹരി, കടപ്പത്ര വിപണികളില്‍ നിന്ന് വിദേശ നിക്ഷേപം വന്‍തോതില്‍ കൊഴിഞ്ഞേക്കുമെന്ന സൂചനകളുമുണ്ട്.
സ്വര്‍ണം, വെള്ളി വിലകള്‍ കേരളത്തിലും നാളെ താഴാനാണ് സാധ്യതകള്‍. നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യമുള്ളത് 83ലാണ്. ഡോളറിന്റെ മുന്നേറ്റം നാളെ രൂപയ്ക്കുമേലും വലിയ സമ്മര്‍ദ്ദമാകും. ഓഹരി, കടപ്പത്ര വിപണികളില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിഞ്ഞാല്‍ അതും രൂപയെ വലയ്ക്കും.