ബി.എസ്.എന്‍.എല്‍ നിലനില്‍ക്കേണ്ടത് രാജ്യത്തിനാവശ്യം: രവിശങ്കര്‍ പ്രസാദ്

Update:2019-10-18 12:49 IST

ബി.എസ്.എന്‍.എല്‍ നിലനില്‍ക്കുകയെന്നത് രാജ്യത്തിന്റെ തന്ത്രപരമായ താല്പര്യമായി പരിഗണിച്ച് അതിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.ടെലികോം മേഖലയിലെ നിരവധി പ്രശ്‌നങ്ങളാണ് ഒരേ സമയം സര്‍ക്കാര്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ അറിയിച്ചു.

വെള്ളപ്പൊക്കവും ചുഴലിക്കാറ്റും പോലുള്ള ദുന്തങ്ങളുണ്ടാകുമ്പോള്‍ ഏറ്റവുമാദ്യം തന്നെ സൗജന്യമായി രാജ്യത്തിനു സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പാരമ്പര്യം ബി.എസ്.എന്‍.എല്ലിനു സ്വന്തമാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബി.എസ്.എന്‍.എല്‍ ഉണ്ടാക്കുന്ന മൊത്തം വരുമാനത്തിന്റെ 75 ശതമാനവും ജീവനക്കാരുടെ ശമ്പളത്തിലേക്കാണ് പോകുന്നത്. മറ്റു കമ്പനികളാകട്ടെ  5-10 ശതമാനം മാത്രമേ ഇതിനായി മാറ്റിവയ്ക്കുന്നുള്ളൂ - അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ, 3ജി നെറ്റ്‌വര്‍ക്കുകള്‍ക്ക് പകരം 4ജി അവതരിപ്പിക്കുമെന്ന്  ബി.എസ്.എന്‍.എല്‍ അറിയിച്ചു. നഷ്ടപ്പെട്ട ഉപയോക്താക്കളെ തിരിച്ച് പിടിക്കാന്‍ വോള്‍ട്ടി സംവിധാനം സഹിതമുള്ള ബി.എസ്.എന്‍.എല്‍ 4ജി സൌകര്യം വ്യാപകമാക്കിത്തുടങ്ങി. ഇതോടെ നഷ്ടത്തിലോടുന്ന ബി.എസ്.എന്‍.എല്‍ പഴയ പ്രതാപത്തിലേക്ക് മെല്ലെ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ട് തൊഴിലാളികള്‍ക്ക്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായാല്‍ എല്ലാ ഉപയോക്താക്കളും 4ജി സിമ്മിലേക്ക് അപ് ഗ്രേഡ് ചെയ്യേണ്ടതായുണ്ട്. ഇതിനായി സൗജന്യ 4ജി സിം കാര്‍ഡ് നല്‍കും.

നിലവില്‍ ഷിയോമി, വിവോ, നോക്കിയ, സോണി എന്നിവ അടക്കമുള്ള 30 സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ക്കൊപ്പം വോള്‍ട്ടി സേവനം പരീക്ഷിച്ച് വരികയാണ് ബി.എസ്.എന്‍.എല്‍. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവയിലേക്ക് പോയ ഉപയോക്താക്കളെ തിരിച്ച് കൊണ്ടുവരിക ലക്ഷ്യമിട്ടാണ് തിരക്കിട്ട മാറ്റങ്ങള്‍ക്ക് ബി.എസ്.എന്‍.എല്‍ ഒരുങ്ങുന്നത്.

Similar News