വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന ബജറ്റ്: ബൈജൂസ് സ്ഥാപകന്‍

വിദ്യാഭ്യാസ മേഖലയെക്കുറിച്ച് വളരെ പുരോഗമനപരമായ കാഴ്ചപ്പാടാണ് ബജറ്റിനുള്ളത്

Update: 2023-02-02 06:09 GMT

ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഹൃസ്വ, ദീര്‍ഘകാല ആവശ്യങ്ങള്‍ ഒരുപോലെ പരിഗണിക്കുന്നതാണ് 2023 ബജറ്റെന്ന് ബൈജൂസ് സ്ഥാപകനും സിഇഓയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ പിഎം സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ എന്ന പദ്ധതിയിലൂടെ ഏറ്റവും ആധുനികമായ സൗകര്യങ്ങളുള്ള 14,500 സ്‌കൂളുകളാണ് രാജ്യത്ത് ആരംഭിക്കുന്നത്. പുതിയ കാലത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ വേണ്ട കഴിവുകളും അറിവും വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഇവ സഹായിക്കും.

ഏകലവ്യ സ്‌കൂളുകള്‍

വിദ്യാഭ്യാസ മേഖലയെക്കുറിച്ച് വളരെ സമഗ്രവും പുരോഗമനപരവുമായ കാഴ്ചപ്പാടാണ് ഈ ബജറ്റിനുള്ളത്. രാജ്യത്തെ 740 ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കായി 38,800 അദ്ധ്യാപകരെയും അനധ്യാപകരെയും നിയമിക്കുമെന്ന പ്രഖ്യാപനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ അദ്ധ്യാപക പരിശീലനം മെച്ചപ്പെടുത്താനുള്ള തീരുമാനം ഉചിതമാണ്.

നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി

കുട്ടികളുടെ ജീവിതത്തിലും തൊഴില്‍മേഖലകളിലും അര്‍ത്ഥവത്തായ സ്വാധീനം ചെലുത്താന്‍ ഇത് അധ്യാപകരെ സജ്ജരാക്കും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി എന്ന നിലവില്‍, ഈ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനമായി താന്‍ കാണുന്നത് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറിയാണ്. വായന കൂടുതല്‍ ആസ്വാദ്യമാക്കി, പഠനത്തോടുള്ള ഇഷ്ടം വര്‍ധിപ്പിക്കാന്‍ ഇത് തീര്‍ച്ചയായും ഒരു പ്രചോദനമാകും.

സ്റ്റാര്‍ട്ടപ്പ് രംഗത്തിന് ഗുണം

ഡിജിറ്റലൈസ്ഡ് ആയ ഔപചാരിക സമ്പദ്‌വ്യവസ്ഥ എന്ന ആശയത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം ഏറെ മതിപ്പുളവാക്കുന്നതാണ്. പൊതുരംഗത്ത് ഏറ്റവും മികച്ച ഡിജിറ്റല്‍ സേവനങ്ങളും സൗകര്യങ്ങളും നല്‍കാന്‍ വളരെയേറെ നിക്ഷേപം നമുക്ക് ആവശ്യമാണ്. ആഗോളതലത്തില്‍ വേഗത്തിലുള്ള ഉയര്‍ച്ച നേടാന്‍ ഇത് നമ്മുടെ രാജ്യത്തിന് ആവശ്യവുമാണ്. ഇന്ത്യയെ കൂടുതല്‍ ബിസിനസ് സൗഹൃദമാക്കാനും ചെറുകിട സ്ഥാപനങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും ഉദ്ദേശിച്ചുള്ള പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലുണ്ട്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് രംഗത്തിന് ഇത് ഏറെ ഗുണം ചെയ്യുമെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News