സമ്പദ് വ്യവസ്ഥയില്‍ പണമൊഴുക്ക് സാധ്യമാക്കുന്ന ബജറ്റ്
അടിസ്ഥാന സൗകര്യ വികസനത്തിന് നല്‍കിയിരിക്കുന്ന തുക വെച്ച് നോക്കുമ്പോള്‍, ബാങ്ക് വായ്പകള്‍ കുറഞ്ഞത് 16 -17 ശതമാനം നിരക്കിലെങ്കിലും വളരേണ്ടതുണ്ട്. ഇതിനെ സഹായിക്കുന്ന രീതിയില്‍ ബാങ്ക് നിക്ഷേപ സമാഹരണം നടക്കേണ്ടതുണ്ട്
ബജറ്റില്‍ അടിസ്ഥാന വികസന സൗകര്യങ്ങളില്‍ കുറവുണ്ടാവുമെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ ധനമന്ത്രി കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ന്ന് പോന്നിരുന്ന നില തുടരുകയും നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നിന്നും 33 % വര്‍ദ്ധനവോടെ 10 ട്രില്യണ്‍ രൂപ ഈ രംഗത്തേക്ക് മാറ്റിവെക്കുകയും ചെയ്തിരിക്കുന്നു. ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനമാണ് ഇത്. നീക്കം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ഠിക്കുകയും സമ്പത് വ്യവസ്ഥയില്‍ കൂടുതല്‍ പണമൊഴുക്ക് സാധ്യമാക്കുകയും ചെയ്യും.
അതോടൊപ്പം കൃഷി, എംഎസ്എംഇ, മത്സ്യബന്ധനം എന്നീ രംഗങ്ങളിലേക്കും ശ്രദ്ധകൊടുത്തുകൊണ്ട് സാമൂഹിക രാഷ്ട്രീയ പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നു. എമര്‍ജന്‍സി ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം ഒരു വര്‍ഷത്തേയ്ക്ക് കൂടെ തുടരുന്നത് കോവിഡ് ബുദ്ധിമുട്ടുകളില്‍ തുടരുന്ന യൂണിറ്റുകള്‍ക്ക് ആശ്വാസമാകും. 9000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കോവിഡ് മൂലം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന പ്രൊജക്ടുകളില്‍ നഷ്ടപെടുമായിരുന്ന തുകയില്‍ നിന്ന് 95 % തിരിച്ചുനല്‍കുന്നതും ഈ വിഭാഗത്തിനു സന്തോഷം നല്‍കും.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നികുതി ഇളവ് നിക്ഷേപം 15 ലക്ഷത്തില്‍ നിന്നും 30 ലക്ഷ്യത്തിലേക്കു ഉയര്‍ത്തിയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ബഡ്ജറ്റ് നല്‍കിയിരിക്കുന്ന ആശ്വാസം. അതെ സമയം ശമ്പളക്കാര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും നല്‍കിയിരുന്ന അഞ്ചു ലക്ഷം വരുമാനത്തിനുള്ള നികുതി ഒഴിവു ഏഴു ലക്ഷമായി ഉയര്‍ത്തിയതും. നികുതി ഇളവിനുള്ള കുറഞ്ഞ തുക 3 ലക്ഷമായി വര്‍ദ്ധിപ്പിച്ചതും മധ്യവര്‍ഗ്ഗത്തിനുള്ള ബജറ്റ് ആശ്വാസങ്ങളാണ്. നികുതി സ്ലാബുകളില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളും 15 ലക്ഷം വരെയുള്ള വരുമാനക്കാരുടെ നികുതി തുകയില്‍ കുറവ് നല്‍കും.
എന്നാല്‍ 80c റിബേറ്റില്‍ വര്‍ദ്ധനവ് വേണം എന്ന ആവശ്യം ബഡ്ജറ്റ് പരിഗണിച്ചിട്ടില്ല. അത് ഭവന വായ്പ രംഗത്തും മെഡിക്കല്‍ ഇന്‍ഷുറന്‍സ് രംഗത്തും പ്രതീക്ഷിച്ച പിന്തുണ നല്‍കില്ല. ധനക്കമ്മി 5.9 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് ബജറ്റ് എസ്റ്റിമേറ്റ്. ഇത് നടപ്പു സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മിയായ 6.4 ശതമാനത്തില്‍ നിന്ന് കുറവാണ്. ബജറ്റ് നിര്‍ദേശങ്ങള്‍ ആകമാനം നോക്കിയാല്‍ ഇത് വളരെ ശ്രമകരമായ ഒന്നായിരിക്കും.
അടിസ്ഥാന സൗകര്യ വികസനത്തിന് നല്‍കിയിരിക്കുന്ന തുക വെച്ച് നോക്കുമ്പോള്‍, ബാങ്ക് ക്രെഡിറ്റ് കുറഞ്ഞത് 16 -17 ശതമാനത്തില്‍ എങ്കിലും വളരേണ്ടതുണ്ട്. ഇതിനെ സഹായിക്കുന്ന രീതിയില്‍ ബാങ്ക് നിക്ഷേപ സമാഹരണം നടക്കേണ്ടതുണ്ട്. ബാങ്കുകള്‍ക്ക് ഈ ഉദ്യമം തുടര്‍ന്നും വെല്ലുവിളിയായിരിക്കുമെന്നാണ് ബജറ്റ് നിര്‍ദേശങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ബജറ്റ് നിര്‍ദേശങ്ങള്‍ വിവിധ രംഗങ്ങളെ ഏറിയും കുറഞ്ഞും തൊടുന്നതിനാല്‍ തെരഞ്ഞെടുപ്പ് വര്‍ഷം എന്ന പരിഗണനയും ധനമന്ത്രി മനസ്സില്‍ വെച്ചിരിക്കുന്നു എന്ന് പൊതുവെ പറയാം.
(ബാങ്കിംഗ്, ധനകാര്യ വിദഗ്ധനാണ് ലേഖകന്‍)