ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ ബദല്‍ ; 3000 ഇന പട്ടികയുമായി ക്യാംപയിന്‍

Update:2020-06-11 14:29 IST

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതും ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ക്ക് എളുപ്പത്തില്‍ മാറ്റി സ്ഥാപിക്കാവുന്നതുമായ 3,000 ഇനങ്ങളുടെ പട്ടിക തയ്യാറാക്കിയുള്ള നിര്‍ണ്ണായക നീക്കവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്്.വളരെ എളുപ്പത്തില്‍ ഉപേക്ഷിക്കാവുന്ന ചൈനീസ് ഉത്പന്നങ്ങളുടെ പട്ടികയും അവയുടെ ഇന്ത്യന്‍ ബദലും ജനങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത് രാജ്യവ്യാപകമായി ചൈനീസ് ഉത്പന്നങ്ങള്‍ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്.

2021 ഡിസംബറോടെ ഇന്ത്യയിലേക്കുള്ള ചൈനീസ് ഉത്പന്ന ഇറക്കുമതി 13 ബില്യണ്‍ യുഎസ് ഡോളര്‍ കണ്ട് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണമാണ് സിഎഐടി ആരംഭിച്ചിട്ടുള്ളത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയിലാണ് 7 കോടി വ്യാപാരികളെയും 40,000 ട്രേഡ് അസോസിയേഷനുകളെയും പ്രതിനിധീകരിക്കുന്ന സിഎഐടി ബദല്‍ ഉല്‍പ്പന്ന ലിസ്റ്റിനു രൂപം നല്‍കിയത്. 'ഇന്ത്യന്‍ ഉത്പന്നം നമ്മുടെ അഭിമാനം' എന്നാണ് ക്യാംപയിനു നല്‍കിയിരിക്കുന്ന പേര്.

ഫിനിഷ്ഡ് ഗുഡ്‌സ്, അസംസ്‌കൃത വസ്തുക്കള്‍, സ്‌പെയര്‍ പാര്‍ട്‌സ്, ടെക്‌നോളജി ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് നാല് തരം ഇറക്കുമതികളാണുള്ളതെന്ന് വിര്‍ച്വല്‍ പത്രസമ്മേളനത്തില്‍ സിഎഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍ പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ ഫിനിഷ്ഡ് ചരക്കുകളുടെ ഇറക്കുമതി ബഹിഷ്‌കരിക്കാനാണ് വ്യാപാരികളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി നിലവില്‍ 70 ബില്യണ്‍ യുഎസ് ഡോളറാണ്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യവസായ നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള ഘട്ടം ഘട്ടമായുളള പ്രവര്‍ത്തനത്തേക്കുറിച്ച് സിഎഐടി വ്യക്തമാക്കിയത്. ട്രെയിനില്‍ ഉപയോഗിക്കാനുള്ള ഗ്ലാസുകളും തദ്ദേശീയമായി നിര്‍മ്മിച്ച മാസ്‌കുകളും പുറത്തിറക്കി. 2020 ഡിസംബറോടെ രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ വിതരണം ചെയ്യാനുള്ള 5 കോടി ഗ്ലൗസ് നിര്‍മ്മിക്കാനാവുമെന്നാണ് സിഎഐടി വിശദമാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളിലാണ് ചൈനയില്‍ നിന്നുള്ള ഇറക്കുമതി രാജ്യത്ത് ഇത്രയധികമായതെന്നും സിഎഐടി നിരീക്ഷിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News