ചൈനയ്‌ക്കൊപ്പമെത്താന്‍ ഇന്ത്യയ്ക്കാവുമോ?

ആളോഹരി വരുമാനത്തിലും ജി.ഡി.പിയിലും 15 വര്‍ഷവും ഉപഭോക്തൃ ചെലവിടലില്‍ 13 വര്‍ഷവും പിന്നിലാണ് ഇന്ത്യ

Update:2023-10-08 09:00 IST

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നിലയില്‍ 2025ഓടെ ഇന്ത്യ ഏറ്റവും വലിയ നാലാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറും. എന്നാല്‍ പലരും ഉന്നയിക്കുന്ന ഒരു ചോദ്യം ചൈനയ്ക്ക് ഒപ്പമെത്താനോ മറികടക്കാനോ ഇന്ത്യയ്ക്കാവുമോ എന്നതാണ്. ബേണ്‍സ്റ്റൈന്‍ (Bertnsein) അടുത്ത കാലത്ത് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് ചില വിവരങ്ങള്‍ പുറത്തുവിടുന്നുണ്ട്. കയറ്റുമതി രംഗത്ത് ഇന്ത്യ ചൈനയേക്കാള്‍ 17 വര്‍ഷവും പേറ്റന്റിന്റെ കാര്യത്തില്‍ 21 വര്‍ഷവും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്.ഡി.ഐ) കാര്യത്തില്‍ 20 വര്‍ഷവും വിദേശ കരുതല്‍ ധനത്തിന്റെ കാര്യത്തില്‍ 19 വര്‍ഷവും പിന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ആളോഹരി വരുമാനത്തിലും ജി.ഡി.പിയിലും 15 വര്‍ഷവും ഉപഭോക്തൃ ചെലവിടലില്‍ 13 വര്‍ഷവും പിന്നിലാണ് ഇന്ത്യ. ലോക ബാങ്ക്, ഇന്ത്യന്‍-ചൈനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
അഞ്ചാം സ്ഥാനത്ത്
ഒരു പതിറ്റാണ്ടു മുമ്പ് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജി.ഡി.പി) ഇന്ത്യ 11ാം സ്ഥാനത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തോടെ 3.53 ലക്ഷം കോടിഡോളര്‍ ജി.ഡി.പിയുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി എന്നതാണ് ശുഭവാര്‍ത്ത.
ചൈനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി കാരണങ്ങള്‍ നിലവിലുണ്ടെങ്കിലും ചൈനയ്ക്കൊപ്പം എത്താന്‍ ഇന്ത്യയ്ക്ക് ഭഗീരഥ പ്രയത്നം തന്നെ നടത്തേണ്ടി വരും. മാത്രമല്ല അതിന് പതിറ്റാണ്ടുകള്‍ വേണ്ടി വരികയും ചെയ്യും.
2075ഓടെ ചൈനയ്ക്ക് പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് കഴിഞ്ഞ ജൂലൈയില്‍ ഗോള്‍ഡ്മന്‍ സാക്‌സ് പ്രവചിച്ചത്. അന്ന് ഇന്ത്യയുടെ ജി.ഡി.പി 52.5 ലക്ഷം കോടി ഡോളറായി ഉയരും. അതേസമയം ചൈനയുടേത് 57 ലക്ഷം കോടി ഡോളറായിരിക്കും. യു.എസ്.എയുടേത് ഏകദേശം 51.5 ലക്ഷം കോടി ഡോളറായിരിക്കുമെന്നും പ്രവചിക്കുന്നു.
ചൈനയുടെ വളര്‍ച്ച മന്ദീഭവിപ്പിക്കും
ചൈന തളര്‍ച്ച നേരിടുകയാണ് എന്നതാണ് ഇവിടെ പ്രസക്തമായ ഒരു കാര്യം. 2022ലെ ചൈനയുടെ വാര്‍ഷിക,ജി.ഡി.പി വളര്‍ച്ച 3 ശതമാനം മാത്രമാണ്. ഈ വര്‍ഷം അത് ഇന്ത്യയുടേതിനേക്കാള്‍ ഏറെ കുറവായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനയില്‍ ജനന നിരക്കും പൂജ്യമായി താഴ്ന്നിട്ടുണ്ട്. ശമ്പള നിരക്കാകട്ടെ കുത്തനെ കൂടുകയും ചെയ്തു. ഇത് ചൈനയുടെ വളര്‍ച്ച മന്ദീഭവിപ്പിക്കും.വരും വര്‍ഷങ്ങളില്‍ ഇന്ത്യ ചൈനയേക്കാള്‍ വേഗത്തില്‍ വളരുമെന്നാണ് ലോക ബാങ്കിന്റെയും പ്രതീക്ഷ. യു.എസിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ചൈനയുമായി നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍ ആ രാജ്യങ്ങളെ ചൈനയ്ക്ക് പകരം ഇന്ത്യയെ ഉല്‍പ്പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള ഇടയമായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
Tags:    

Similar News