ലോകത്തിന്റെ ഫാക്ടറി സ്ഥാനം ചൈനയില്‍ നിന്ന് തട്ടിയെടുക്കാന്‍ ഇന്ത്യക്കാവുമോ?
ചൈന വിട്ടിറങ്ങുന്ന രാജ്യാന്തര കമ്പനികള്‍ക്ക് സൗകര്യമൊരുക്കാന്‍ ഭൂമി സജ്ജമാക്കി കാത്തിരിക്കുയാണ് ഇന്ത്യ. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ലക്‌സംബര്‍ഗിന്റെ രണ്ടിരട്ടി വലിപ്പമുള്ള സ്ഥലം ഇന്ത്യ ഇതിനായി കണ്ടെത്തിക്കഴിഞ്ഞു. ചൈനയില്‍ നിന്ന് മാറാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച 1000 അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികളെ കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ഈ നീക്കം.
എന്നാല്‍ ഭൂമി ഒരുക്കി വെച്ചാല്‍ ചൈന ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ഫാക്ടറി മാറ്റാന്‍ ഒരുങ്ങുന്നവര്‍ക്ക് ഇന്ത്യ വാഗ്ദത്ത ഭൂമിയാകുമോ? അതിനിടെ ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയിലെ ബിസിനസ് സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന യു എസ് - ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പോലുള്ള ശക്തമായ ലോബി ഗ്രൂപ്പുകള്‍ ചൈനയില്‍ നിന്ന് പുറത്തേക്ക് പോകുന്ന കമ്പനികളെ സ്വീകരിക്കാന്‍ ഇന്ത്യ മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്.
നിലവില്‍ ഇന്ത്യയില്‍ സാന്നിധ്യമുള്ള കമ്പനികള്‍ ചൈനയിലെ പ്ലാന്റ് ആദ്യഘട്ടത്തില്‍ തന്നെ മാറ്റിയേക്കുമെന്നും നിരീക്ഷണമുണ്ട്. എന്നാല്‍ ഭൂമി ലഭിച്ചതുകൊണ്ട് മാത്രം കമ്പനികള്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറെടുക്കില്ലെന്നാണ് ഒരു വിഭാഗം രാജ്യാന്തര ബിസിനസ് നിരീക്ഷകര്‍ പറയുന്നത്.
കമ്പനികളുടെ പ്രൊഡക്ഷന്‍ ലൈനും സപ്ലെ ചെയ്‌നും അത്ര വേഗം ചൈനയില്‍ നിന്ന് മാറ്റിയെടുക്കാനാകില്ല. ഇന്ത്യയില്‍ സ്ഥലം കിട്ടിയാലും ബാക്കിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാകും.
ചൈന രാജ്യാന്തര വമ്പന്മാരെ ആകര്‍ഷിച്ചത് വന്‍കിട പോര്‍ട്ടുകള്‍, വൈദഗ്ധ്യമുള്ള തൊഴിലാളികള്‍, അത്യാധുനിക ലോജിസ്റ്റിക്‌സ് സംവിധാനം, നൂലാമാലകളില്‍ കുരുങ്ങാത്ത ഭരണസംവിധാനം എന്നിവയെല്ലാം കൊണ്ടാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ഇപ്പോഴും അന്യമാണ്. മാത്രമല്ല, ഗ്ലോബല്‍ സപ്ലെ ചെയ്‌നുമായി ഇന്ത്യ ചൈനയെ പോലെ ഇഴുകി ചേര്‍ന്നിട്ടില്ല.
കരാറുകളില്‍ നിന്നുള്ള പിന്മാറ്റവും നയങ്ങളിലെ മാറ്റങ്ങളും ഇന്ത്യക്ക് തിരിച്ചടി
കഴിഞ്ഞ വര്‍ഷം ഇന്ത്യ 12 ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള നിര്‍ണായകമായ ആര്‍ സി ഇ പി കരാറില്‍ നിന്ന് പിന്മാറിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ സംബന്ധിച്ചിടത്തോളം ഈ പിന്മാറ്റം ദോഷകരമാണ്. രാജ്യത്തെ ഉല്‍പ്പാദന, സേവന മേഖല മത്സരാധിഷ്ഠിതമാകാത്തതിനാല്‍ അവയെ സംരക്ഷിച്ചു നിര്‍ത്താന്‍ വേണ്ടി നടത്തിയ പിന്മാറ്റം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യക്ക് തിരിച്ചടിയാകാനാണിട.
മറ്റേതെങ്കിലും ഏഷ്യന്‍ രാജ്യത്ത് വില്‍പ്പന നടത്താന്‍ ഉദ്ദേശിച്ചുകൊണ്ട് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇളവോടെ ആ വിപണിയില്‍ അത് എത്തിക്കാന്‍ ഇപ്പോഴത്തെ ബുദ്ധിമുട്ടാണ്. മാത്രമല്ല പല കമ്പനികളും എവിടെ നിര്‍മിക്കുന്നുവോ അവിടെ തന്നെ വില്‍പ്പന നടത്തുക എന്ന നയത്തിലേക്കാണ് മാറുന്നത്. ഡിമാന്റുള്ളിടത്ത് നിര്‍മാണം നടത്തുന്ന രീതി കമ്പനികള്‍ പിന്തുടരുമ്പോള്‍ ഇന്ത്യയ്ക്ക് എത്രമാത്രം അത് ഗുണകരമാകുമെന്നും കണ്ടറിയണം.
ഏറ്റവും ഉയര്‍ന്ന യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. മികച്ച ജീവിതം അഭിലഷിക്കുന്ന വലിയൊരു സമൂഹവും രാജ്യത്തുണ്ട്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ ഡിമാന്റ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ കമ്പനികള്‍ക്ക് അത് ഗുണകരമാകും. പക്ഷേ അതിനെടുക്കുന്ന കാലയളവാണ് പ്രധാനം.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും ഇന്ത്യയുടെ നയങ്ങളില്‍ സ്ഥിരത കുറവാണ്. ഇത് ബഹുരാഷ്ട്ര കമ്പനികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കുറേക്കൂടി സംരക്ഷിത നയം സ്വീകരിച്ചാല്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അത് ഗുണകരമാവില്ല.
ആത്മനിര്‍ഭര്‍ ഭാരതും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയും
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മനിര്‍ഭര്‍ ഭാരത് എന്ന പദ്ധതിയാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. be vocal for local എന്ന ആഹ്വാനവും ഇന്ത്യന്‍ കരാറുകളില്‍ വിദേശ കമ്പനികള്‍ക്ക് പങ്കെടുക്കാനുള്ള പരിധി ഉയര്‍ത്തിയതും വിദേശ കമ്പനികളില്‍ ഇന്ത്യന്‍ നിലപാടുകളില്‍ സംശയം സൃഷ്ടിക്കുന്നുണ്ട്. നയങ്ങളില്‍ സ്ഥിരത വന്നാല്‍ മാത്രമേ ഇന്ത്യയിലേക്ക് വിദേശ കമ്പനികള്‍ ധൈര്യത്തോടെ കടന്നുവരൂ.
ചൈന ലോകത്തിന്റെ ഫാക്ടറി ആയതും അങ്ങനെയാണ്. ഒരു കമ്യൂണിസ്റ്റ് രാജ്യമായ ചൈന എത്രമാത്രം 'മുതലാളിത്ത' നയങ്ങള്‍ സ്വീകരിച്ചിരുന്നുവെന്ന് ആ രാജ്യത്തെ അടുത്തുനിന്നറിഞ്ഞവര്‍ തുറന്നുപറയുന്നുണ്ട്. എങ്ങനെയാണ് ഒരു വ്യവസായിയെ ചൈന സ്വീകരിക്കുന്നതെന്ന് അറിഞ്ഞാല്‍ ആ തലത്തിലേക്ക് ഇന്ത്യ എത്താന്‍ ഇനിയുമേറെ ദൂരം നടക്കണം. അതിന് സര്‍ക്കാര്‍ നയങ്ങള്‍ മാത്രമല്ല, പൊതുസമൂഹത്തിന്റെ മനോഭാവവും ഏറെ മാറേണ്ടതുണ്ട്.
ഇന്ത്യയല്ലെങ്കില്‍ പിന്നെ ആര്‍ക്ക്?
ചൈനയ്‌ക്കെതിരെ രാജ്യാന്തരതലത്തിലെ പ്രതിഷേധം ശക്തിയാര്‍ജ്ജിക്കാനും അതിന്റെ പ്രത്യാഘാതം പലതലത്തിലുണ്ടാകാനും സാധ്യത നിലനില്‍ക്കുമ്പോള്‍ അതിന്റെ ഗുണം ആര്‍ക്കൊക്കെ ലഭിക്കുമെന്നതും രാജ്യാന്തരതലത്തില്‍ ഉറ്റുനോക്കുന്ന കാര്യമാണ്.
വിയറ്റ്‌നാം, ബംഗ്ലാദേശ്, സൗത്ത് കൊറിയ, തായ് വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാവും കൂടുതല്‍ സാധ്യത. സൗത്ത് കൊറിയയും തായ്് വാനും ഹൈടെക് സംവിധാനങ്ങളുള്ള രാജ്യങ്ങളാണ്. വിയറ്റ്‌നാമും ബംഗ്ലാദേശും അക്കാര്യത്തില്‍ അത്രയ്ക്ക് പുരോഗതി നേടിയിട്ടില്ല. പക്ഷേ ഇന്ത്യയുമായി തുലനം ചെയ്യുമ്പോള്‍ ബംഗ്ലാദേശ് അമ്പരിപ്പിക്കുന്ന വിധത്തിലാണ് വ്യവസായ സൗഹൃദമാകുന്നത്. കോവിഡ് ബാധ കൈകാര്യം ചെയ്തതില്‍ പോലും ബംഗ്ലാദേശ് സ്വീകരിച്ച നിലപാടുകള്‍ ഇന്ത്യയെ നാണിപ്പിക്കും. മതതീവ്രവാദികളെ അടിച്ചൊതുക്കി, വ്യാവസായിക രംഗത്ത് അനുകൂല നിലപാടുകള്‍ സ്വീകരിച്ച് ബംഗ്ലാദേശ് നടത്തുന്ന മുന്നേറ്റം ഇന്ത്യക്ക് ഭീഷണിയാണ്.
2018 ജൂണില്‍ യു എസ് - ചൈന വ്യാപാരയുദ്ധം തുടങ്ങുന്നതിനു മുമ്പേ വിയറ്റ്‌നാമില്‍ നിന്നുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ 50 ശതമാനവും തായ് വാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ 30 ശതമാനവും വര്‍ധനയുണ്ടായതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയ്ക്ക് ഈ അവസരം വിനിയോഗിക്കാന്‍ സാധിച്ചിരുന്നില്ല. വിദേശ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണി ഉറപ്പാക്കാന്‍ സാധിക്കാത്തതും ആ കമ്പനികളുടെ ലോക വിപണിയിലേക്കുള്ള കയറ്റുമതി ഹബ്ബാകാന്‍ സാധിക്കാത്തതുമായിരുന്നു ഇതിന് കാരണം.
അതിനിടെ രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ കാലഹരണപ്പെട്ട നയങ്ങള്‍ മാറ്റാന്‍ ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. പക്ഷേ തൊഴില്‍ നിയമം, നികുതി ഘടന എന്നിവയില്‍ തുടരുന്ന സങ്കീര്‍ണ സ്വഭാവം ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ തിരിച്ചടിയാകും.
സോഴ്‌സിംഗ് മുതല്‍ അന്തിമ ഉല്‍പ്പന്നം വരെയുള്ള ശ്രേണിയില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നവരാണ് ആഗോള കോര്‍പ്പറേറ്റുകള്‍. തോന്നുപോലെ തൊഴില്‍ ചട്ടങ്ങളും മോശം തൊഴില്‍ സാഹചര്യങ്ങളും അവരെ ആകര്‍ഷിക്കാന്‍ ഉതകില്ലെന്ന് ഇന്ത്യയും രാജ്യത്തെ സംസ്ഥാനങ്ങളും തിരിച്ചറിയണം.
ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, നയങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍, ആഗോളതലത്തിലെ വ്യാപാരക്കരാറുകളില്‍ പങ്കാളിത്തം വഹിക്കല്‍ എന്നിവയെല്ലാം കൊണ്ടുമാത്രമേ ഇന്ത്യയ്ക്ക് ചൈനയ്ക്ക് പകരമായി ഉയര്‍ന്നുവരാന്‍ സാധിക്കൂ. അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രി നല്ല സുഹൃത്താണെന്ന് പറയുന്നതുകൊണ്ട് കോര്‍പ്പറേറ്റുകള്‍ വരണമെന്നില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline