ആഗോള സാമ്പത്തിക പ്രതിസന്ധി: സ്വര്‍ണം വാങ്ങിക്കൂട്ടി കേന്ദ്രബാങ്കുകള്‍; മുന്നില്‍ തുര്‍ക്കിയും ഇന്ത്യയും ചൈനയും

കേന്ദ്രബാങ്കുകള്‍ തുടര്‍ച്ചയായ 17-ാം മാസമാണ് കരുതല്‍ സ്വര്‍ണശേഖരം ഉയര്‍ത്തുന്നത്

Update: 2024-05-05 08:16 GMT

Image : Canva

ആഗോള സമ്പദ്‌രംഗത്ത് പണപ്പെരുപ്പം ഉയര്‍ത്തുന്ന വെല്ലുവിളി, ഉയര്‍ന്നതലത്തില്‍ തുടരുന്ന പലിശഭാരം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ പടര്‍ത്തുന്ന ആശങ്കയ്ക്കിടെ കേന്ദ്രബാങ്കുകള്‍ ആശ്വാസം കണ്ടെത്തുന്നത് സ്വര്‍ണത്തില്‍. കരുതൽ വിദേശനാണയ ശേഖരത്തിൽ സാധാരണയായി വാങ്ങിച്ചേർക്കാറുള്ള വിദേശ കറൻസികളുടെ പ്രകടനം നിലവിലെ സാഹചര്യത്തിൽ അനിശ്ചിതത്വം വിതറുന്നതിനിടെയാണ്, സുരക്ഷിത താവളമെന്നോണം സ്വര്‍ണം വാരിക്കൂട്ടാന്‍ കേന്ദ്രബാങ്കുകള്‍ മത്സരിക്കുന്നത്.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ആഗോളതലത്തില്‍ രേഖപ്പെടുത്തിയ ആകെ സ്വര്‍ണ ഡിമാന്‍ഡായ 1,238 ടണ്ണില്‍ 23 ശതമാനവും വാങ്ങിക്കൂട്ടിയത് കേന്ദ്രബാങ്കുകളാണ്.
മാര്‍ച്ചുപാദത്തില്‍ ഇന്ത്യയുടെ റിസര്‍വ് ബാങ്കടക്കം 10 രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ കൂടുതല്‍ സ്വര്‍ണം വാങ്ങി കരുതല്‍ സ്വര്‍ണശേഖരം ഉയര്‍ത്തി. ഇതില്‍ 30 ടണ്‍ സ്വര്‍ണം വാങ്ങിയ സെന്‍ട്രല്‍ ബാങ്ക് ഓഫ് തുര്‍ക്കിയാണ് ഒന്നാമത്. ചൈനയുടെ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന 29 ടണ്ണുമായി തൊട്ടടുത്തുണ്ട്. ഇന്ത്യയുടെ റിസര്‍വ് ബാങ്കാണ് മൂന്നാമത്; വാങ്ങിയത് 19 ടണ്‍.
തുടര്‍ച്ചയായ 17-ാം മാസം
ലോകത്തെ കേന്ദ്രബാങ്കുകള്‍ തുടര്‍ച്ചയായ 17-ാം മാസമാണ് കരുതല്‍ സ്വര്‍ണശേഖരം ഉയര്‍ത്തുന്നത്. കേന്ദ്രബാങ്കുകളുടെ മൊത്തം കരുതല്‍ സ്വര്‍ണശേഖരം 2,262 ടണ്ണിലുമെത്തിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു.
റിസര്‍വ് ബാങ്ക് പൊതുവേ സ്വര്‍ണശേഖരം ഉയര്‍ത്തുന്നതില്‍ നിന്ന് അകന്നുനിന്നിരുന്നു. എന്നാല്‍, ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലങ്ങളില്‍ റിസര്‍വ് ബാങ്കും സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് പതിവ്.
2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിന് പിന്നാലെ 2009ല്‍ റിസര്‍വ് ബാങ്ക് ഒറ്റയടിക്ക് വാങ്ങിക്കൂട്ടിയത് 200 ടണ്‍ സ്വര്‍ണമായിരുന്നു.
സ്വര്‍ണവിലക്കുതിപ്പിനും വഴിവച്ചു
രാജ്യാന്തര സ്വര്‍ണവില കഴിഞ്ഞപാദത്തില്‍ കുതിച്ചുയരാന്‍ വഴിവച്ചൊരു മുഖ്യകാരണം കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ കരുതല്‍ സ്വര്‍ണശേഖരം ഉയര്‍ത്തിയതാണ്. 2023ല്‍ ഔണ്‍സിന് 2,000 ഡോളര്‍ നിലവാരത്തിന് താഴെയായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ കുതിച്ചത് 2,070 ഡോളറിലേക്കായിരുന്നു. ഇക്കഴിഞ്ഞമാസമാകട്ടെ വില 2,400 ഡോളര്‍ ഭേദിക്കുന്നതും ദൃശ്യമായി.
എന്തുകൊണ്ട് സ്വര്‍ണം വാരിക്കൂട്ടുന്നു?
ആഗോള സാമ്പത്തികരംഗം നിരവധിയായ വെല്ലുവിളികളിലൂടെ കടന്നുപോകുകയാണ്. പണപ്പെരുപ്പം, യുദ്ധം എന്നിങ്ങനെ പ്രതിസന്ധികള്‍ ധാരാളം. കേന്ദ്രബാങ്കുകളുടെ കരുതല്‍ വിദേശ നാണയശേഖരത്തിലേക്ക് (Forex Reserve) അവര്‍ സാധാരണയായി കൂട്ടിച്ചേര്‍ക്കാറുള്ളത് കൂടുതലായും വിദേശ കറന്‍സികളാണ്; പ്രത്യേകിച്ച് ഡോളര്‍.
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കറന്‍സികള്‍ വാങ്ങിക്കൂട്ടുന്നത് ഭദ്രമല്ലെന്ന് പല കേന്ദ്രബാങ്കുകളും കരുതുന്നു. ഇതോടെയാണ്, പ്രതിസന്ധിക്കാലത്ത് സുരക്ഷിത നിക്ഷേപമെന്ന പെരുമയുള്ള സ്വര്‍ണത്തിലേക്ക് ശ്രദ്ധമാറിയത്. 
സ്വര്‍ണത്തില്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാം. അനിവാര്യഘട്ടങ്ങളില്‍ വിറ്റുമാറുകയും ചെയ്യാം. ഇന്ത്യ, ചൈന, തുര്‍ക്കി എന്നിവയ്ക്ക് പുറമേ കഴിഞ്ഞപാദത്തില്‍ സ്വര്‍ണം വാരിക്കൂട്ടിയ മറ്റ് രാജ്യങ്ങള്‍ പോളണ്ട്, റഷ്യ, ഖസാകിസ്ഥാന്‍, സിംഗപ്പൂര്‍, ചെക്ക് റിപ്പബ്ലിക്, കിര്‍ഗിസ്ഥാന്‍ എന്നിവയാണ്.
Tags:    

Similar News