ഉത്സവ സമ്മാനമായി കേന്ദ്ര നികുതിവിഹിതം; കേരളത്തിന് താത്കാലിക ആശ്വാസം

ഏറ്റവും കൂടുതല്‍ നികുതിവിഹിതം ലഭിക്കുന്നത് ഉത്തര്‍പ്രദേശിന്

Update:2023-11-09 15:14 IST

Image : Canva

നികുതിവരുമാനത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള ഈമാസത്തെ വിഹിതം ഉത്സവകാലത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തേ വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ഇക്കുറി നവംബര്‍ പത്തിന് വിഹിതം കൈമാറാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഉത്സവകാലം ആരംഭിക്കുന്നത് പരിഗണിച്ച് നവംബര്‍ ഏഴിന് തന്നെ വിഹിതം കൈമാറിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

കേരളത്തിന് താത്കാലിക ആശ്വാസമേകുന്നതാണ് നടപടി. 1,404.50 കോടി രൂപയാണ് ഈയിനത്തില്‍ കേരളത്തിന് ലഭിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ആകെ വിതരണം ചെയ്യുന്നത് 72,961 കോടി രൂപയാണ്. ഉത്സവകാല പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന നടപടികള്‍ക്കായി ഈ തുക വിനിയോഗിക്കാനാകുമെന്ന് ധനമന്ത്രാലയം അഭിപ്രായപ്പെട്ടു.
കൂടുതല്‍ ഉത്തര്‍പ്രദേശിന്
ഇക്കുറി ഏറ്റവുമധികം നികുതി വിഹിതം ലഭിക്കുന്നത് ഉത്തര്‍പ്രദേശിനാണ് (13,088.51 കോടി രൂപ). ബിഹാറിന് 7,388.44 കോടി രൂപയും മദ്ധ്യപ്രദേശിന് 5,727.41 കോടി രൂപയും ബംഗാളിന് 5,488.88 കോടി രൂപയുമാണ് വിഹിതം.
മഹാരാഷ്ട്രയ്ക്ക് 4,608.96 കോടി രൂപയും രാജസ്ഥാന് 4,396.64 കോടി രൂപയും ലഭിച്ചു. ഗോവ (281.63 കോടി രൂപ), സിക്കിം (283.10 കോടി രൂപ), മിസോറം (364.80 കോടി രൂപ) എന്നിവയാണ് ഏറ്റവും കുറഞ്ഞ നികുതി വരുമാന വിഹിതമുള്ള സംസ്ഥാനങ്ങള്‍.
Tags:    

Similar News