വില വര്‍ധനവ് ചെറുക്കല്‍, ഗോതമ്പ് പൊടിയുടെ കയറ്റുമതിയിലും നിയന്ത്രണം

നേരത്തെ ഗോതമ്പ്(ധാന്യം) കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു

Update:2022-08-25 17:28 IST

ഗോതമ്പ് പൊടിയുടെ കയറ്റുമതിയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയുടേതാണ് തീരുമാനം. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്ന് പത്രക്കുറിപ്പിലൂടെ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര വിപണിയിലെ വിലക്കയറ്റവും ഗോതമ്പന്റെ ഉല്‍പ്പാദനത്തില്‍ ഉണ്ടായ ഇടിവും പരിഗണിച്ചാണ് തീരുമാനം. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മെയ് മാസം ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. അന്ന് ഗോതമ്പ്, മസ്ലിന്‍ പൊടികളുടെ കയറ്റുമതിക്ക് നല്‍കിയ ഇളവുകളാണ് ഇപ്പോള്‍ പിന്‍വലിച്ചത്.

ആഗോളതലത്തില്‍ ഗോതമ്പ് കയറ്റുമതിയില്‍ മുഖ്യപങ്കുവഹിക്കുന്ന രാജ്യങ്ങളാണ് റഷ്യയും യുക്രെയ്‌നും. യുദ്ധത്തെ തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതി പ്രതിസന്ധിയിലായി. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 200 ശതമാനത്തോളം ഉയര്‍ന്നിരുന്നു. രാജ്യാന്തര വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഇന്ത്യയിലും ഗോതമ്പ് വില ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ക്ഷാമവും വിലക്കയറ്റവും പരിഗണിച്ച് ഇന്ത്യ കയറ്റുമതി നിരോധിച്ചത്. കയറ്റുമതി നിരോധനം ഇന്ത്യ പുനപരിശോധിക്കണമെന്ന് നേരത്തെ അന്താരാഷ്ട്ര നാണയനിധി ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News