യുദ്ധക്കപ്പല്‍ നവീകരിക്കാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ₹300 കോടിയുടെ കരാര്‍

അടുത്തിടെ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 10,000 കോടി രൂപയുടെ മിസൈല്‍ യാന കരാറും ഷിപ്പ്‌യാര്‍ഡിന് ലഭിച്ചിരുന്നു

Update:2023-06-10 12:24 IST

image:@https://cochinshipyard.in/

നാവികസേനയുടെ കപ്പല്‍ നവീകരണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 300 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. കപ്പലിന്റെ അറ്റകുറ്റപ്പണി (MR/Mid Life Upgrade) നടത്തി 24 മാസത്തിനകം കൈമാറണമെന്ന കരാറാണ് ലഭിച്ചതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ ഇന്നലെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അറിയിച്ചു. ഏറ്റവും കുറഞ്ഞ തുകയ്ക്ക് നവീകരണം നടത്താനുള്ള എല്‍-വണ്‍/ ലീസ്റ്റ് ബിഡ്ഡര്‍ കരാറാണ് രാജ്യത്തെ മറ്റ് ഷിപ്പ്‌യാര്‍ഡുകളെ മറികടന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്വന്തമാക്കിയത്.

ആയുസ് കൂട്ടല്‍
നാവികസേനാ കപ്പലിന്റെ ആയുസ് ദീര്‍ഘിപ്പിച്ച് കാര്യക്ഷമത കൂട്ടുന്ന നടപടിയാണ് എം.ആര്‍/മിഡ് ലൈഫ് അപ്‌ഗ്രേഡിംഗ്. നിലവിലുള്ള പഴയ സാങ്കേതികവിദ്യ പൂര്‍ണമായി മാറ്റി പുതിയത് നല്‍കുന്നത് ഉള്‍പ്പെടെയുള്ളതാണ് ഈ പ്രവര്‍ത്തനം. വാഹനങ്ങളില്‍ ബി.എസ്-2ല്‍ നിന്ന് ബി.എസ്-6ലേക്ക് മാറുന്നത് പോലെ പുതിയ ടെക്‌നോളജി കരസ്ഥമാക്കുന്നതടക്കമുള്ള  നവീകരണമാണിത്.
മികവുകളുടെ കരാര്‍
കഴിഞ്ഞ മാര്‍ച്ചില്‍ നാവികസേനയ്ക്കായി വരുംതലമുറ മിസൈല്‍ യാനങ്ങള്‍ (ന്യൂ ജനറേഷഷന്‍ മിസൈല്‍ വെസല്‍ - എന്‍.ജി.എം.വി) നിര്‍മ്മിക്കാനുള്ള 10,000 കോടി രൂപയുടെ കരാര്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ലഭിച്ചിരുന്നു. ലോകത്തെ ആദ്യ സീറോ എമിഷന്‍ കണ്ടെയ്‌നര്‍ വെസല്‍ നിര്‍മ്മിക്കാനുള്ള കരാറും ആ മാസം നോര്‍വേയില്‍ നിന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നേടിയിരുന്നു. 550 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡറാണിത്.
കുറഞ്ഞ ചെലവ്, വലിയ നിലവാരം, ഹരിത ഭാവി
കപ്പല്‍ശാലയുടെ ഉന്നത നിലവാരം, വൈദഗ്ദ്ധ്യം, വിശ്വാസ്യത, മികവുറ്റ അടിസ്ഥാനസൗകര്യം തുടങ്ങിയ മികവുകളാണ് ഈ കരാറുകള്‍ ലഭിക്കാനുള്ള നേട്ടത്തിന് പിന്നിലെന്ന് കപ്പല്‍ശാലയുടെ വക്താവ് പ്രതികരിച്ചു. കുറഞ്ഞ ചെലവില്‍, ലോകോത്തര നിലവാരത്തില്‍ കപ്പല്‍ അറ്റകുറ്റപ്പണി-നിര്‍മ്മാണം നടത്താനുള്ള വൈദഗ്ദ്ധ്യം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുണ്ട്.
ആഗോളതലത്തിലാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ മത്സരം. അതുകൊണ്ടാണ്, നോര്‍വേയില്‍ നിന്ന് ലോകത്തെ ആദ്യ ഹരിത വെസലിനുള്ള കരാര്‍ ലഭിച്ചത്. ഹരിത ഇന്ധനോപയോഗം പ്രോത്സാഹിപ്പിക്കുകയും ഭാവിയിലെ സുസ്ഥിരത ഉറപ്പാക്കുകയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കാഴ്ചവയ്ക്കുന്നത്. ഹൈഡ്രജന്‍ അടക്കമുള്ള ഹരിത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന യാനങ്ങളുടെ നിര്‍മ്മാണം ഉന്നമിടുന്ന ഗവേഷണ, വികസന (R and D) സംഘവും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞവാരം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത് 0.81 ശതമാനം നഷ്ടത്തോടെ 540.3 രൂപയിലാണ്. വെള്ളിയാഴ്ചത്തെ വ്യാപാര സെഷന്‍ കഴിഞ്ഞശേഷമാണ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. അടുത്തവാരം ഓഹരിവില ഉയരാന്‍ ഇത് സഹായിച്ചേക്കും.
Tags:    

Similar News