കേരളപ്പിറവിക്ക് ഹോട്ടലുകള്‍ക്ക് ഇരുട്ടടി; ഗ്യാസിന് വില വീണ്ടും കൂട്ടി
ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില കൂടിയേക്കും; വീട്ടാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല
ഹോട്ടലുകളിലും വ്യാവസായിക ആവശ്യത്തിനും ഉപയോഗിക്കുന്ന 19 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറിന്റെ വില തുടര്‍ച്ചയായ രണ്ടാംമാസവും കൂട്ടി പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വന്നു.
19 കിലോഗ്രാം സിലിണ്ടറിന് 100.5 മുതല്‍ 101 രൂപവരെയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ വില 1,842 രൂപയായി. തിരുവനന്തപുരത്ത് 1,863 രൂപ. കോഴിക്കോട്ട് 1,874 രൂപ.
കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് 160.5 രൂപ കുറച്ചശേഷം ഒക്ടോബറില്‍ 204 രൂപ കൂട്ടിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും വില വര്‍ധിപ്പിച്ചത്.
വന്‍ തിരിച്ചടി
കേരളപ്പിറവി ആഘോഷ ദിനത്തിലെ ഈ വില വര്‍ധന ഹോട്ടല്‍/റെസ്‌റ്റോറന്റ് മേഖലയ്ക്ക് വലിയ പ്രാമുഖ്യമുള്ള കേരളത്തിലെ സംരംഭകര്‍ക്ക് വലിയ തിരിച്ചടിയാണ്. സംസ്ഥാനത്ത് ഏകദേശം രണ്ടുലക്ഷത്തോളം വാണിജ്യ എല്‍.പി.ജി സിലിണ്ടര്‍ ഉപയോക്താക്കളുണ്ട്. ഇതില്‍ പാതിയും ഇന്ത്യന്‍ ഓയില്‍ ഉപയോക്താക്കളാണ്. സംസ്ഥാനത്തെ പല ഹോട്ടലുകളും തിരക്കേറിയ തട്ടുകടകളും പ്രതിദിനം രണ്ട് വാണിജ്യ എല്‍.പി.ജി സിലിണ്ടര്‍ വരെ ഉപയോഗിക്കാറുണ്ട്. സിലിണ്ടര്‍ വാങ്ങാന്‍ കൂടുതല്‍ പണം വകയിരുത്തേണ്ടി വരുമെന്ന തിരിച്ചടിയാണ് ഇവരെ കാത്തിരിക്കുന്നത്; ഇത് ലാഭത്തെ ബാധിക്കും. എല്‍.പി.ജി വില കൂടിയതിനാല്‍ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാനും ഹോട്ടലുകള്‍ നിര്‍ബന്ധിതരായേക്കും.
ഗാര്‍ഹിക സിലിണ്ടറിന് വില മാറ്റമില്ല
ഗാര്‍ഹിക ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില തുടര്‍ച്ചയായ രണ്ടാംമാസവും മാറ്റമില്ലാതെ നിലനിറുത്തി. കഴിഞ്ഞ ഓഗസ്റ്റ് 30ന് 200 രൂപ കുറച്ചശേഷം വില പരിഷ്‌കരിച്ചിട്ടില്ല. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരാണ് അന്ന് വില കുറച്ചത്.
കൊച്ചിയില്‍ 910 രൂപയും കോഴിക്കോട്ട് 911.5 രൂപയും തിരുവനന്തപുരത്ത് 912 രൂപയുമാണ് നിലവില്‍ വില (5% ജി.എസ്.ടി പുറമേ).
കേരളത്തില്‍ 1.07 കോടി ഗാര്‍ഹിക എല്‍.പി.ജി ഉപയോക്താക്കളാണുള്ളത്. ഇതില്‍ 3.41 ലക്ഷം പേര്‍ ഉജ്വല യോജന ഉപയോക്താക്കളാണ്. ഇവര്‍ക്ക് സിലിണ്ടറൊന്നിന് 300 രൂപ സബ്‌സിഡിയുണ്ട്.