മുഖ്യ വ്യവസായ വളര്‍ച്ച 6 മാസത്തെ താഴ്ചയില്‍

വളം ഉത്പാദനത്തില്‍ 23.5% വളര്‍ച്ച; നെഗറ്റീവിലേക്ക് വീണ് ക്രൂഡോയിലും പ്രകൃതിവാതകവും

Update:2023-06-01 14:16 IST

Image : Canva

കഴിഞ്ഞ സാമ്പത്തിക വര്‍ഷവും (2022-23) ജനുവരി-മാര്‍ച്ച് പാദത്തിലും കാഴ്ചവച്ച മികച്ച ജി.ഡി.പി വളര്‍ച്ച നടപ്പുവര്‍ഷം (2023-24) ആവര്‍ത്തിക്കുക പ്രയാസമായിരിക്കുമെന്ന് വ്യക്തമാക്കി ഏപ്രിലില്‍ മുഖ്യ വ്യവസായ മേഖലയുടെ (Core Sector) വളര്‍ച്ച ആറ് മാസത്തെ താഴ്ചയായ 3.5 ശതമാനത്തിലേക്ക് ഇടിഞ്ഞു. 2022 ഏപ്രിലില്‍ 9.5 ശതമാനവും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 3.6 ശതമാനവുമായിരുന്നു വളര്‍ച്ചയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 0.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ശേഷം തുടര്‍ച്ചയായി മുന്നേറുന്നതിനിടെയാണ് ഈ വര്‍ഷം ഫെബ്രുവരി മുതല്‍ വളര്‍ച്ച കുറഞ്ഞ് തുടങ്ങിയത്. ജനുവരിയിലെ 9.7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനത്തിലേക്ക് ഫെബ്രുവരിയിലെ വളര്‍ച്ച കുറഞ്ഞിരുന്നു.

വളത്തില്‍ നേട്ടം, ക്രൂഡോയിലില്‍ ക്ഷീണം
ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചികയില്‍ (ഐ.ഐ.പി/IIP) 40 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായമേഖലയില്‍ കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണുള്ളത്.
കല്‍ക്കരിയുടെ വളര്‍ച്ച 2022 ഏപ്രിലിലെ 30.1 ശതമാനതതില്‍ നിന്ന് 9 ശതമാനത്തിലേക്ക് ഇടിഞ്ഞു. ക്രൂഡോയില്‍ നെഗറ്റീവ് 0.9 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 3.5 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 6.4 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 2.8 ശതമാനത്തിലേക്കാണ് പ്രകൃതിവാതകോത്പാദന വളര്‍ച്ച ഇടിഞ്ഞത്. 9.2 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 1.5 ശതമാനത്തിലേക്ക് റിഫൈനറി ഉത്പന്നങ്ങളും തളര്‍ന്നു.
സ്റ്റീല്‍ 2.5ല്‍ നിന്ന് 12.1 ശതമാനത്തിലേക്കും സിമന്റ് 7.4ല്‍ നിന്ന് 11.6 ശതമാനത്തിലേക്കും വളര്‍ച്ച മെച്ചപ്പെടുത്തിയപ്പോള്‍ വളം ഉത്പാദനം ഉയര്‍ന്നത് 8.8ല്‍ നിന്ന് 23.5 ശതമാനത്തിലേക്കാണ്. വൈദ്യുതോത്പാദനം 11.8 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 1.4 ശതമാനത്തിലേക്ക് ഇടിഞ്ഞു.
Tags:    

Similar News