കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാമ്പത്തിക പാക്കേജ് രക്ഷയാകുമോ? കാത്തിരിപ്പില്‍ എംഎസ്എംഇ മേഖല

Update: 2020-05-05 11:07 GMT

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊരു ഭാഗം വരും എംഎസ്എംഇകള്‍. നിലവിലുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 110 ദശലക്ഷത്തിലധികം പേരാണ് ചെറുകിട, ഇടത്തരം സംരംഭ മേഖലയില്‍ തൊഴിലെടുക്കുന്നത്. കൊറോണയെ നേരിടാന്‍ ജര്‍മനിയെയും ഇറ്റലിയെയും പോലുള്ള രാജ്യങ്ങളുടെ സാമ്പത്തിക പാക്കേജുകള്‍ അവരുടെ മൊത്തം ജിഡിപിയുടെ 30 ശതമാനത്തോളം വരും. അമേരിക്കയിലേതും തരക്കേടില്ലാത്ത പാക്കേജാണ്. നിലവില്‍ ഇന്ത്യ പ്രഖ്യാപിച്ച പാക്കേജ് നമ്മുടെ ജിഡിപിയുടെ ഒരു ശതമാനത്തിലും താഴെയാണ്. മറ്റു രാജ്യങ്ങളെ തട്ടിച്ചു നോക്കിയാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇതിലുമൊക്കെ ഏറെ താഴെയാണ്. അതിനാല്‍ തന്നെ വലിയൊരു പാക്കേജിനുള്ള സാധ്യതയും പരിമിതമാണ്.

ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായ ഇന്ത്യയിലെ ചെറുകിട ബിസിനസുകളുടെ പുനരുജ്ജീവനത്തിനായി മൂന്ന് ട്രില്യണ്‍ രൂപയുടെ സാമ്പത്തിക പാക്കേജിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഇന്ത്യയ്ക്കായുള്ള രണ്ടാം സാമ്പത്തിക പാക്കേജിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിര്‍മല സീതാരാമനും ചര്‍ച്ച നടത്തി. ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭകര്‍ക്കായുള്ള (എംഎസ്എംഇ) ഉത്തേജന നടപടികളാണു വേണ്ടതെന്നാണ് വിലയിരുത്തല്‍. 11 കോടി പേര്‍ക്കെങ്കിലും തൊഴിലും മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 30 ശതമാനവും ഈ മേഖലയിലാണ്.

സര്‍ക്കാര്‍, കോര്‍പറേറ്റ് മേഖലകളിലും വായ്പാവിപണിയിലും ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നാഷനല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്ലൈന്‍ (എന്‍ഐപി) പദ്ധതികള്‍ക്കു സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ വരുമാനം തീര്‍ത്തും കുറയുന്ന സ്ഥിതിയില്‍, പ്രതിസന്ധി മേഖലകളിലുള്ളവര്‍ക്കു പണം നല്‍കിയുള്ള ആശ്വാസ നടപടികള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എങ്കിലും ദുരിതാശ്വാസ പാക്കേജിനായി തങ്ങള്‍ ധനമന്ത്രിക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശകള്‍ അയച്ചിട്ടുണ്ട്, ഇത് ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി ഗഡ്കരിയും പറഞ്ഞു. കേന്ദ്ര മന്ത്രിമാരുമായി കൂടിയാലോചിച്ച് വരും ദിനങ്ങളില്‍ എംഎസ്എംഇ മേഖലകളില്‍ പാക്കേജുകള്‍ അവതരിപ്പിക്കപ്പെടുമെന്നു തന്നെയാണ് സംസ്ഥാന സര്‍ക്കാരുകളും പ്രതീക്ഷിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News