കേന്ദ്രത്തിന് പിന്നെയും ബമ്പര്‍ ലോട്ടറി! ലക്ഷ്യം കവിഞ്ഞ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതം

പൊതുമേഖലാ ഓഹരി വില്‍പനയില്‍ പക്ഷേ നിരാശ

Update:2024-03-02 12:40 IST

Image : Narendra Modi and Nirmala Sitharaman Twitter and Canva

ഒരുവശത്ത് പൊതുമേഖലാ ഓഹരി വില്‍പന നീക്കം ലക്ഷ്യംകാണാതെ മന്ദഗതിയിലാണെങ്കിലും മറുവശത്ത് പൊതുമേഖലാ കമ്പനികളില്‍ നിന്നുള്ള ലാഭവിഹിതം വാരിക്കൂട്ടി കേന്ദ്രസര്‍ക്കാര്‍. നടപ്പുവര്‍ഷം (2023-24) ധനകാര്യേതര കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ (CPSE) നിന്നുള്ള ലാഭവിഹിതമായി കേന്ദ്രം ബജറ്റില്‍ ലക്ഷ്യംവച്ചത് (Revised Estimate) 50,000 കോടി രൂപയാണ്.
നടപ്പുവര്‍ഷം ഏപ്രില്‍-ഫെബ്രുവരിയില്‍ തന്നെ ഇതുമറികടന്ന് 51,556 കോടി രൂപ ലഭിച്ചെന്ന് ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (DIPAM) വ്യക്തമാക്കി. ഈ ട്രെന്‍ഡ് കണക്കിലെടുത്താല്‍ നടപ്പുവര്‍ഷത്തെ ആകെ ലാഭവിഹിതം 55,000 കോടി രൂപ കടക്കുമെന്നാണ് കരുതുന്നത്.
കണക്കുകളിലെ ആശ്വാസവിഹിതം!
2019-20നെ മാറ്റിനിറുത്തിയാല്‍ തുടര്‍ന്നിങ്ങോട്ട് പ്രതീക്ഷിച്ചതിലും അധികം ലാഭവിഹിതമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കേന്ദ്രത്തിന് കിട്ടുന്നത്.
2019-20ല്‍ 48,256 കോടി രൂപ പ്രതീക്ഷിച്ചെങ്കിലും 35,543 കോടി രൂപയേ കിട്ടിയുള്ളൂ. 2020-21ല്‍ 34,717 കോടി രൂപ ലക്ഷ്യമിട്ടിടത്ത് 39,608 കോടി രൂപ ലഭിച്ചു. 2021-22ല്‍ ലക്ഷ്യം 46,000 കോടി രൂപയായിരുന്നെങ്കിലും 59,294 കോടി രൂപ കേന്ദ്രം വാരിക്കൂട്ടി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷവും (2022-23) 'ലോട്ടറി'യായിരുന്നു കേന്ദ്രത്തിന്. 43,000 കോടി രൂപ പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 59,533 കോടി രൂപ.
പാളുന്ന ഓഹരി വില്‍പന
ലാഭവിഹിതം പ്രതീക്ഷിച്ചതിലധികം കിട്ടുമ്പോഴും പൊതപുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് പണം സമാഹരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം പാളുകയാണ്. നടപ്പുവര്‍ഷം പൊതുമേഖലാ ഓഹരി വില്‍പനയിലൂടെ 30,000 കോടി രൂപയാണ് കേന്ദ്രം ലക്ഷ്യംവയ്ക്കുന്നത്. എന്നാല്‍, ഇതുവരെ സമാഹരിക്കാനായത് 12,609 കോടി രൂപ മാത്രം. ഐ.ഡി.ബി.ഐ ബാങ്കിന്റെ ഉള്‍പ്പെടെ ഓഹരി വില്‍പന നീളുന്നതാണ് കേന്ദ്രത്തിന് തിരിച്ചടിയാണ്.
Tags:    

Similar News