ഡെല്‍ഹിക്കാര്‍ക്ക് പ്രിയം വിസ്‌കിയോട്
ക്രിസ്മസ്-പുതുവത്സര ആഴ്ച്ചയില്‍ കുടിച്ചുതീര്‍ത്തത് 218 കോടി രൂപയുടെ മദ്യം
പുതുവത്സര ദിവസം മാത്രം കേരളത്തില്‍ വിറ്റ മദ്യം 107.14 കോടിയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ഡെല്‍ഹിയിലെ റെക്കോര്‍ഡ് മദ്യ വില്‍പ്പനയുടെ കണക്കും വന്നു. ആഘോഷം കൊഴുപ്പിക്കാന്‍ മദ്യം ഉപയോഗിക്കുന്നവരില്‍ ഡെല്‍ഹിയും പിന്നോട്ടല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ക്രിസ്മസ്-ന്യൂഇയര്‍ ആഴ്ച്ചയില്‍ 218 കോടി രൂപയുടെ 1.10 കോടി ബോട്ട്ല്‍ മദ്യമാണ് ഡെല്‍ഹിയിലെ വിവിധ ഔട്ട്ലെറ്റുകള്‍ വഴി വിറ്റത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് വിസ്‌കിയാണെന്നും അധികൃതര്‍ പറയുന്നു. പുതുവത്സര ആഘോഷ ദിവസം മാത്രം 20.30 ലക്ഷം ബോട്ട്ല്‍ മദ്യം വിറ്റുപോയി.
എക്സൈസ് ഡ്യൂട്ടി, വാറ്റ് ഇനത്തില്‍ നിന്ന് ഡിസംബര്‍ മാസം 560 കോടി രൂപയുടെ വരുമാനമാണ് ഡെല്‍ഹി സര്‍ക്കാറിന് ലഭിച്ചത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പുതുവത്സരത്തിന് 95.67 കോടിയുടെ മദ്യമാണ് വില്‍പ്പന നടത്തിയിരുന്നത്. ഈവര്‍ഷം തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന (1.12 കോടി) നടന്നത്.