യുവാക്കളുടെ പങ്കാളിത്തം വര്‍ധിച്ചു; തിളങ്ങി കരാര്‍ തൊഴില്‍ മേഖല

ഇത്തരം കരാര്‍ ജീവനക്കാരില്‍ പകുതിയും 25 വയസ്സില്‍ താഴെയുള്ളവരാണ്

Update: 2023-01-14 07:55 GMT

കരാര്‍ (ഗിഗ്) ജീവനക്കാരുടെ ഡിമാന്‍ഡ് 2022- ല്‍ പത്തിരട്ടിയും അവരുടെ പങ്കാളിത്തം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയും വര്‍ധിച്ചതായി ഗിഗ് വര്‍ക്ക് പ്ലാറ്റ്ഫോമായ ടാസ്‌ക്മോയുടെ സമീപകാല റിപ്പോര്‍ട്ട്. കൂടാതെ 2019-2022 കാലയളവില്‍ ഈ കരാര്‍ സമ്പദ് വ്യവസ്ഥയിലെ യുവജന പങ്കാളിത്തം എട്ട് മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം കരാര്‍ ജീവനക്കാരില്‍ 49 ശതമാനവും 25 വയസ്സില്‍ താഴെയുള്ളവരാണ്. സ്ത്രീകളുടെ പങ്കാളിത്തം മുന്‍ വര്‍ഷത്തെ 18 ശതമാനത്തില്‍ നിന്ന് 2022 ല്‍ 36 ശതമാനമായി വര്‍ധിച്ചു.

പരമ്പരാഗത തൊഴിലുടമ-തൊഴിലാളി ബന്ധത്തിന് പുറത്തുള്ള ജോലി ചെയ്യുന്ന അല്ലെങ്കില്‍ ഒരു ജോലി വിന്യാസത്തില്‍ പങ്കെടുക്കുകയും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമ്പാദിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് കരാര്‍  ജീവനക്കാരന്‍ (Gig worker). ഗിഗ് സമ്പദ് വ്യവസ്ഥയില്‍ ഫ്രീലാന്‍സര്‍മാര്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ജീവനക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, മറ്റ് ചില താല്‍ക്കാലിക കരാര്‍ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഇത്തരം ജോലികള്‍ക്ക് വ്യാപകമായ സ്വീകാര്യതയുള്ളതിനാല്‍ യുവാക്കളുടെ പങ്കാളിത്തം വര്‍ധിക്കുന്നുവെന്നും അവര്‍ ഇങ്ങനെയുള്ള ജോലികള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്നും ടാസ്‌ക്‌മോയുടെ സഹസ്ഥാപകന്‍ പ്രശാന്ത് ജനാദ്രി പറഞ്ഞു.

പല സ്ഥാപനങ്ങളിലും അടുത്തിടെ ഉണ്ടായ കൂട്ടരാജി, സ്ഥിര ജോലിക്ക് പുറമെ ആളുകള്‍ രണ്ടാമതൊരു ജോലി കൂടി ചെയ്യുന്ന മൂണ്‍ലൈറ്റിംഗ്, പിരിച്ചുവിടല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ആളുകളെ ഇത്തരം ജോലികളിലേക്ക് ആകര്‍ഷിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. സ്വയം തിരഞ്ഞെടുക്കാന്‍ കഴിയുന്ന ജോലി സമയം, അധിക വരുമാനം, എളുപ്പത്തില്‍ ജേലി ലഭിക്കുന്നത് തുടങ്ങിയ ഘടകങ്ങളും ആശയത്തിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിയില്‍ പങ്കുവഹിച്ചു.

Tags:    

Similar News