കാര്‍ഗോ വിമാനങ്ങളില്ലാതിരുന്നിട്ടും പഴം പച്ചക്കറി കയറ്റുമതിയില്‍ നേട്ടവുമായി കേരളം
മാര്‍ച്ചില്‍ കയറ്റിയയച്ചത് 5266 ടണ്‍
വ്യോമയാന മാര്‍ഗമുള്ള ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി മേഖലയില്‍ മുന്നേറ്റവുമായി കേരളം. ഈവര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ കേരളത്തിലെ നാലു വിമാനത്താവളങ്ങള്‍ വഴി കയറ്റിയയച്ചതു 13950 ടണ്‍ ഭക്ഷ്യോല്‍പന്നങ്ങള്‍. ഇതില്‍ ഭൂരിഭാഗവും പഴം പച്ചക്കറിയിനങ്ങളാണ്.
മത്സ്യം, മുട്ട, മാംസം, പൂക്കള്‍ എന്നിവയാണ് മറ്റുള്ളവ. പഴംപച്ചക്കറി കയറ്റുമതി പ്രധാനമായും കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങള്‍ വഴിയാണ് നടക്കുന്നത്. സംസ്ഥാനത്തു നിന്നും ജനുവരിയില്‍ 4392 ടണ്ണും ഫെബ്രുവരിയില്‍ 4292 ടണ്ണും കയറ്റുമതി ചെയ്തപ്പോള്‍ മാര്‍ച്ചില്‍ വ്യോമയാന മാര്‍ഗം വിദേശത്തേക്ക് കയറ്റിയയച്ചത് 5266 ടണ്ണാണ്.
ഒന്നാം സ്ഥാനം കൊച്ചിക്ക്
കൊച്ചി രാജ്യാന്തര വിമാനത്താവളമാണ് കയറ്റുമതിയില്‍ മുന്നില്‍. മൂന്നുമാസം കൊണ്ട് സിയാലിലൂടെ 5808 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് കയറ്റിയയച്ചത്. കോഴിക്കോട് 3646 ടണ്‍, തിരുവനന്തപുരം 3520 ടണ്‍, കണ്ണൂര്‍ 976 ടണ്‍ എന്നിങ്ങനെയാണു മറ്റു വിമാനത്താവളങ്ങളിലെ പച്ചക്കറി, പഴവര്‍ഗ കയറ്റുമതി. മത്സ്യം, മുട്ട കയറ്റുമതി പ്രധാനമായും കൊച്ചി വഴിയാണ്. ഗള്‍ഫ് രാജ്യങ്ങളാണു പ്രധാന വിപണിയെങ്കിലും ദുബൈയില്‍ എത്തിച്ച ശേഷം യു.കെ, അയര്‍ലന്‍ഡ്, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്കും അയയ്ക്കാറുണ്ട്.
കാര്‍ഗോ വിമാനങ്ങളില്ലാതെയാണ് സംസ്ഥാനം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പണ്‍ സ്‌കൈ പോളിസി പ്രകാരം അന്താരാഷ്ട്ര ചരക്ക് വിമാനങ്ങള്‍ ബോംബെ, ഡല്‍ഹി, ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, കൊല്‍കൊത്ത എന്നീ ആറു വിമാനത്താവളങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളവും ഈ പട്ടികയിലില്ല. യാത്രാവിമാനങ്ങളില്‍ പരിമിതമായ സ്ഥലസൗകര്യമുപയോഗിച്ച് 5070 ടണ്‍ വരെ കൊണ്ടുപോവുകയാണ് സംസ്ഥാനം ചെയ്യുന്നത്.
വേണം പരിശോധനാ സംവിധാനം-എക്സ്പോര്‍ട്ട് ഫോറം
ഭക്ഷ്യവസ്തുക്കള്‍ വിദേശത്തേക്ക് കയറ്റിയയക്കുന്നതിനു മുമ്പ് പരിശോധന നടത്തി അംഗീകാരം നേടണം. ഇതിന് കേരളത്തില്‍ സൗകര്യമില്ല. എന്‍.എ.ബി.എല്‍ (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലാബ്സ്) അംഗീകാരമുള്ള ലാബുകളുടെ സേവനത്തിനായി ചെന്നൈ, ബെംഗളൂരു എന്നിവയെയാണ് ആശ്രയിക്കുന്നത്. പലപ്പോഴും പരിശോധനാ ഫലം വരുമ്പോഴേക്കും ഇവിടെ പഴംപച്ചക്കറി ഇനങ്ങള്‍ കേടുവന്നു തുടങ്ങും.
പരിഹാര മാർഗം
എക്സ്പോര്‍ട്ട് ഇന്‍സ്പെക്ഷന്‍ ഏജന്‍സി (ഇ.ഐ.എ) സൗകര്യം കേരളത്തില്‍ ആരംഭിച്ചാല്‍ ഈ പ്രശ്നം മറികടക്കാമെന്ന് കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളങ്ങളിലും പരിസരത്തും വിപുലമായ സൗകര്യങ്ങളുള്ള കോള്‍ഡ് സ്റ്റോറേജുകള്‍ ഇല്ലാത്തതും മറ്റൊരു പരിമിതിയാണ്.
ലാബ് റിപ്പോര്‍ട്ട് കിട്ടുന്നത് വൈകുന്നതും ആവശ്യത്തിനുള്ള വൈഡ് ബോഡി വിമാന സൗകര്യങ്ങളുടെ അപര്യാപ്തയും മൂലം ഇവിടുത്തെ കയറ്റുമതിക്കാര്‍ ബംഗളൂരു വിമാനത്താവളത്തെ ആശ്രയിക്കുന്ന അവസ്ഥയുമുണ്ട്. നിലവില്‍ ഫ്‌ളൈനാസ്, എയര്‍ അറേബ്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഒമാന്‍ എയര്‍ എന്നിവയുടെ ചെറുവിമാനങ്ങളാണ് കോഴിക്കോട് നിന്നും സര്‍വിസ് നടത്തുന്നത്. പലപ്പോഴും ഈ വിമാനങ്ങളിലെ സൗകര്യം കയറ്റുമതിക്കാരുടെ ആവശ്യത്തിന് തികയാതെ വരുന്നതായി കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം പറയുന്നു.