സംസ്ഥാന ബജറ്റിലൂടെ ഡോ.തോമസ് ഐസക്ക് മുന്നോട്ട് വച്ച പദ്ധതികളും ആശയങ്ങളുമൊക്കെ വളരെയേറെ മികച്ചതാണെങ്കിലും സംസ്ഥാനത്തിന്റെ മോശമായ സാമ്പത്തിക സ്ഥിതി കാരണം അവയൊക്കെ എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന സംശയം സാമ്പത്തിക വിദഗ്ധര്‍ ഉന്നയിക്കുന്നു. സംസ്ഥാനത്തിന്റെ വരുമാനം ഉയര്‍ത്താനുള്ള ശ്രമത്തോടൊപ്പം ധനകാര്യ അച്ചടക്കം പാലിക്കുന്നതിന്റെ ആവശ്യതകതയെക്കുറിച്ചും ബജറ്റില്‍ ഐസക്ക് ഊന്നിപ്പറയുന്നുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാരിന്റെ ചെലവ് പരമാവധി വര്‍ദ്ധിപ്പിക്കുകയെന്നതാണ് തന്റെ സമീപനമെന്ന് തോമസ് ഐസക്ക് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ അദ്ദേഹം നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. അവയൊക്കെ സംസ്ഥാന സമ്പദ്ഘടനക്ക് ഉത്തേജകമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ സംശയമുണ്ടാകില്ല.
കാരണം അത്രത്തോളം വിപുലമായ തോതിലാണ് വിവിധ പദ്ധതി-പദ്ധതിയേതര പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം പണം വാരിക്കോരി ചെലവഴിച്ചിരിക്കുന്നത്. വികസന പദ്ധതികകള്‍ക്കൊപ്പം ക്ഷേമ പെന്‍ഷന്‍ തുക ഉയര്‍ത്തുകയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നവീകരിക്കുകയും ചെയ്തതിട്ടുണ്ട്. നവകേരള നിര്‍മ്മാണത്തിനായി 1000 കോടിയും പ്രളബാധിത പഞ്ചായത്തുകള്‍ക്കായി 250 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്.
വമ്പന്‍ പദ്ധതികള്‍ക്കുള്ള ഫണ്ട്
സംസ്ഥാനം അതിരൂക്ഷമായ ധനപ്രതിസന്ധിയിലാണെന്ന് പറയുന്നതോടൊപ്പം തന്നെ അനേകം വലിയ പദ്ധതികള്‍ ബജറ്റിലൂടെ ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഐ.ടി രംഗത്ത് അടുത്ത 2 വര്‍ഷം കൊണ്ട് 1.16 കോടി ചതുരശ്ര അടി സ്ഥലം, 7 വര്‍ഷത്തിനുള്ളില്‍ 55000 കോടി രൂപ ചെലവുള്ള സമാന്തര റെയില്‍പ്പാത തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ, കിഫ്ബി ധനസഹായത്തോടെ 6000 കോടി ചെലവിലുള്ള തീരദേശ ഹൈവേ തുടങ്ങിയ അനേകം പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. വികസന പദ്ധതികള്‍ക്കായി കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും കിഫ്ബിയെ അമിതമായി ആശ്രയിക്കുന്നൊരു സമീപനമാണ് ബജറ്റില്‍ പ്രകടമാകുന്നത്.
'കഴിഞ്ഞ വര്‍ഷത്തെ റവന്യൂ ചെലവ് വെട്ടിക്കുറച്ചുകൊണ്ട് മുന്നോട്ട് പോകുന്നൊരു സര്‍ക്കാര്‍ കിഫ്ബിയുടെ ഫണ്ടിംഗിലൂടെയാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്' സാമ്പത്തിക വിദഗ്ധനായ ഡോ.ബി.എ.പ്രകാശ് പറഞ്ഞു. ഇത്തരം പദ്ധതികള്‍ക്കെല്ലാം പണം കണ്ടെത്താന്‍ കിഫ്ബിക്ക് കഴിയുമോ എന്നതാണ് ഏറ്റവും പ്രധാനം. 50 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ പാസ്സാക്കാന്‍ പണമില്ലാത്ത അവസ്ഥായാണ് ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ സംസ്ഥാനത്തുള്ളതെന്നും ഡോ.പ്രകാശ് ചൂണ്ടിക്കാട്ടുന്നു.
ഈ സാമ്പത്തിക വര്‍ഷം തന്നെ കിഫ്ബിയുടെ പദ്ധതികളില്‍ 10,000 കോടി രൂപയോളം കൊടുത്തുതീര്‍ക്കേണ്ടി വരുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടുണ്ട്. 'എന്നാല്‍ ഇതിലേക്കായി എവിടെ നിന്നും പണം ലഭിക്കുമെന്നത് പറഞ്ഞിട്ടില്ല. ബജറ്റില്‍ നിന്നും അത് കൊടുക്കുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലാകും' ഡോ. പ്രകാശ് ചൂണ്ടിക്കാട്ടി.
വികസന പദ്ധതികളില്‍ ഭൂരിഭാഗവും ബജറ്റ് ഫണ്ട് ഉപയോഗിച്ചല്ല സര്‍ക്കാര്‍ നിറവേറ്റാനൊരുങ്ങുന്നത്. എന്നാല്‍ ബജറ്റില്‍ ലക്ഷ്യമിടുന്ന അത്രത്തോളം തുക ഇത്തരം പദ്ധതികള്‍ക്കായി നല്‍കാന്‍ കിഫ്ബിക്ക് കഴിയുമോ എന്നതാണ് സംശയം. കാരണം കിഫ്ബിയുടെ ഫണ്ട് സമാഹരണമെന്നത് തീര്‍ച്ചയായും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെയും റേറ്റിംഗിനെയുമൊക്കെ ആശ്രയിച്ചാണിരിക്കുന്നത്.
അതാണ് ഇതൊരു സ്വപ്‌ന ബജറ്റാണോയെന്ന സംശയം ഉയര്‍ത്തുന്നത്. ഇനി അഥവാ മറിച്ചാണെങ്കില്‍ കേരളത്തിന്റെ തരിത വികസനത്തിനുള്ള ഒരു ഉത്തേജകമായി ബജറ്റ് മാറിയേക്കാം. അതറിയണമെങ്കില്‍ ഇനിയും ഒരു വര്‍ഷം കാത്തിരുന്നേ മതിയാകൂ.