പരസ്യ വരുമാനത്തില്‍ വിഹിതം തിരിച്ചുപിടിച്ച് അച്ചടി മാധ്യമങ്ങള്‍; ഡിജിറ്റലും കുതിപ്പില്‍
ചാനലുകളുടെ എണ്ണം കൂടുന്നതനുസരിച്ച് വരുമാനത്തില്‍ വളര്‍ച്ച ഉണ്ടാകുന്നില്ല
ഏപ്രില്‍-മെയ് ഇന്ത്യയിലെ മാധ്യമരംഗത്തിന് ഏറ്റവും പ്രധാനപ്പെട്ട മാസമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനൊപ്പം പൊതു തിരഞ്ഞെടുപ്പ് കൂടി എത്തിയതോടെ വന്‍ വരുമാന വര്‍ധനയാണ് പരസ്യ, മാധ്യമ മേഖല പ്രതീക്ഷിക്കുന്നത്. വന്‍കിട മാധ്യമ സ്ഥാപനങ്ങള്‍ മുതല്‍ നാട്ടിന്‍പുറത്തെ സാദാ യുട്യൂബര്‍ക്ക് വരെ തിരഞ്ഞെടുപ്പില്‍ നിന്ന് പരസ്യ വരുമാനത്തിന്റെ ഒരുപങ്ക് ലഭിക്കുമെന്നതാണ് സത്യം.
യു.എസ് ആസ്ഥാനമായ മീഡിയ നിക്ഷേപ കമ്പനിയായ ഗ്രൂപ്പ് എം റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം പരസ്യ മേഖലയിലെ വരുമാനം 1,55,386 കോടി രൂപയാകും. മുന്‍ വര്‍ഷത്തേക്കാള്‍ ഏകദേശം 14,423 കോടി രൂപ കൂടുതല്‍. ആഗോളതലത്തില്‍ വളര്‍ച്ച 5.3 ശതമാനമായിരിക്കേ ഇന്ത്യയിലിത് ഇരട്ടി വേഗത്തില്‍ 10.2 ശതമാനമായിരിക്കും.
പൊതു തിരഞ്ഞെടുപ്പ് തന്നെയാകും ഇന്ത്യയില്‍ പരസ്യ വരുമാനത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ ചാലകശക്തിയായി മാറുന്നത്. ഗ്രൂപ്പ് എമ്മിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഡിജിറ്റല്‍ മീഡിയയാകും പരസ്യ വരുമാനത്തിലും വളര്‍ച്ചയിലും ഇത്തവണ വലിയ ആധിപത്യം പുലര്‍ത്തുന്നത്. 88,502 കോടി രൂപയായിരിക്കും ഡിജിറ്റല്‍ മേഖലയുടെ സംഭാവന. മുന്‍ വര്‍ഷത്തേക്കാള്‍ 13 ശതമാനത്തിന്റെ വളര്‍ച്ച ഡിജിറ്റലിന് ഉണ്ടാകും.
അച്ചടി മാധ്യമങ്ങളുടെ തിരിച്ചുവരവ്
മീഡിയ പരസ്യ വരുമാനത്തിന്റെ 57 ശതമാനം വിഹിതം ഡിജിറ്റല്‍ സ്വന്തമാക്കും. വലിയ സ്വാധീനം ചെലുത്തിയിരുന്ന ടിവി ചാനലുകളുടെ ആധിപത്യം കുറയുന്നതിന് 2024 സാക്ഷിയാകുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വലിയ ഇവന്റുകള്‍ ഉണ്ടെങ്കിലും ടിവി മേഖലയില്‍ വളര്‍ച്ച ഉണ്ടാകില്ല. മീഡിയ രംഗത്തെ വരുമാനത്തിന്റെ വിഹിതത്തില്‍ 29 ശതമാനത്തിലേക്ക് ടിവി ചാനലുകള്‍ താഴും.
ടിവി ചാനലുകളുടെ സ്വാധീനവും വരുമാനവും വലിയ തോതില്‍ കുറയുമെന്നതിന്റെ സൂചനകളാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. അതേസമയം, പരമ്പരാഗത മാധ്യമമായ പ്രിന്റ് കൂടുതല്‍ വളര്‍ച്ച നേടുമെന്ന് ഗ്രുപ്പ് എം കണക്കുകൂട്ടുന്നു. അച്ചടി മാധ്യമങ്ങളുടെ വിശ്വാസ്യത തന്നെയാണ് പരസ്യ മേഖലയില്‍ വളര്‍ച്ച നേടാന്‍ സഹായിക്കുന്നത്. 15,350 കോടി രൂപയിലേക്ക് പരസ്യ വരുമാനം 2024ല്‍ വര്‍ധിക്കും.
മുന്‍ വര്‍ഷത്തേക്കാള്‍ 4 ശതമാനം കൂടുതലാണിത്. ആകെ പരസ്യ വരുമാനത്തിന്റെ 10 ശതമാനമാകും അച്ചടി മാധ്യമങ്ങള്‍ സ്വന്തമാക്കുക. ഔട്ട്‌ഡോര്‍ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം 3,399 കോടി രൂപയാകും. 12 ശതമാനം വളര്‍ച്ചയുണ്ടാകും. റേഡിയോ (2,029 കോടി രൂപ), സിനിമ (879 കോടി രൂപ) എന്നിങ്ങനെയാകും മറ്റ് മേഖലകളില്‍ നിന്നുള്ള വരുമാന കണക്ക്.
ചാനലുകള്‍ക്ക് തിരിച്ചടി
പത്ര സ്ഥാപനങ്ങള്‍ മരിക്കുമെന്നും ആ സ്ഥാനം ടിവി ചാനലുകള്‍ സ്വന്തമാക്കുമെന്നും 20 വര്‍ഷം മുമ്പേ പ്രവചനമുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയും പ്രതിസന്ധിയും ഇന്ത്യയിലെ പ്രിന്റ് മീഡിയയെ വലിയതോതില്‍ ഏശിയില്ലെന്നാണ് കണക്ക്. വരുമാനത്തിന്റെ കാര്യത്തില്‍ ടിവി രംഗത്ത് വളര്‍ച്ചയില്ലെന്നതും പ്രിന്റ് മേഖല വളര്‍ച്ച നേടുമെന്നതും ശ്രദ്ധേയമായ കണക്കുകളാണ്.
ചാനലുകളുടെ എണ്ണം കൂടുന്നതനുസരിച്ച് വരുമാനത്തില്‍ വളര്‍ച്ച ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വാര്‍ത്താ ചാനലുകളുടെ റേറ്റിംഗും കോവിഡിന് ശേഷം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ചാനല്‍ പരസ്യങ്ങള്‍ക്കായി കമ്പനികള്‍ നീക്കിവയ്ക്കുന്ന ബജറ്റ് കുറയാനുള്ള സാധ്യതകളും കാണുന്നുണ്ട്. പരസ്യ മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടാകുമ്പോഴും ചാനലുകളുടെ തളര്‍ച്ച പ്രകടമായി തുടങ്ങിയെന്നത് ശ്രദ്ധേയമാണ്.