മാന്ദ്യമുണ്ടെങ്കിലും 9.1 % ശരാശരി ശമ്പള വര്‍ദ്ധന ഉണ്ടാകുമെന്ന് സര്‍വേ

Update:2020-02-18 14:36 IST

സമ്പദ് വ്യവസ്ഥയില്‍ തളര്‍ച്ചയുണ്ടെങ്കിലും ഇന്ത്യന്‍ വ്യവസായ മേഖലയിലെ 40 ശതമാനം കമ്പനികളും ജീവനക്കാരുടെ വേതനത്തില്‍ 10 ശതമാനമോ അതിലധികമോ വര്‍ദ്ധനവിനൊരുങ്ങുന്നതായി സര്‍വേ റിപ്പോര്‍ട്ട്. അതേസമയം, നിലവിലെ മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ച വാഹനമേഖലയില്‍ ശരാശരി ശമ്പള വര്‍ധന 2018 ലെ 10.1 ശതമാനത്തില്‍ നിന്ന് 2020 ല്‍ 8.3 ശതമാനമായി കുറഞ്ഞേക്കും.

പ്രമുഖ ആഗോള പ്രൊഫഷണല്‍ സേവന സ്ഥാപനമായ അവോണ്‍ പിഎല്‍സി 20 വ്യവസായങ്ങളിലെ ആയിരത്തിലധികം കമ്പനികളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് 24-ാം പതിപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇ-കൊമേഴ്സ്, പ്രൊഫഷണല്‍ സേവന സ്ഥാപനങ്ങള്‍ 2020 ല്‍ 10 ശതമാനം ശമ്പള വര്‍ദ്ധന നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കില്‍, ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ 7.6 ശതമാനമാണ് വാഗ്ദാനം ചെയ്യപ്പെടുന്നത്.

സര്‍വേ കണ്ടെത്തലുകള്‍ പ്രകാരം, 2020 ല്‍ കമ്പനികള്‍ നല്‍കുന്ന ശരാശരി ശമ്പള വര്‍ദ്ധനവ് 9.1 ശതമാനമായിരിക്കും. 2019 നെ അപേക്ഷിച്ച് 0.2 ശതമാനം കുറവാണിത്. ഇത് സമ്പദ് വ്യവസ്ഥയിലെ ബലഹീനതയെ പ്രതിഫലിപ്പിക്കുന്നു.

'2019 ല്‍ സാമ്പത്തിക വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, ഇന്ത്യയിലെ വ്യവസായികള്‍ ക്രിയാത്മക വീക്ഷണമാണ് സ്വീകരിക്കുന്നത്. ശമ്പള വര്‍ദ്ധനവ് ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. വളര്‍ന്നുവരുന്ന മറ്റ് സമ്പദ്വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ഭേദപ്പെട്ട ശമ്പള വര്‍ദ്ധനവിന് ഒരു കാരണം ഉയര്‍ന്ന പണപ്പെരുപ്പ നിരക്കു തന്നെ. അതേസമയം, കഴിവും നൈപുണ്യവും പ്രയോജനപ്പെടുത്താനുള്ള ത്വരയും ഇതിനു പിന്നിലെ ഘടകമാണ് '-അവോണിലെ റിവാര്‍ഡ് സൊല്യൂഷന്‍സ് വിഭാഗം മേധാവി ടിസെറ്റല്‍ ഫെര്‍ണാണ്ടസ് അഭിപ്രായപ്പെട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News