'സര്‍ക്കാര്‍ പിടിവാശിയിലാണ്!' കെ - റെയില്‍ പദ്ധതിയിലെ സാങ്കേതിക പിഴവുകള്‍ വിശദമാക്കി ഇ.ശ്രീധരന്‍
കെ റെയില്‍ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിച്ച് മെട്രോമാന്‍.
കെ-റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്കുള്ളത് പ്രായോഗികത പരിശോധിക്കാതെയുള്ള പിടിവാശിയെന്ന് ഇ. ശ്രീധരന്‍. റെയില്‍വേ ഒരു കേന്ദ്രവിഷയമാണ്, ഏതാണ് ഗേജ്, എവിടെല്ലാം സ്റ്റേഷന്‍, എത്രയാ കര്‍വ് തുടങ്ങിയവയ്‌ക്കെല്ലാം കേന്ദ്രത്തിന്റെ അനുമതി വേണം. ഇതൊന്നും നോക്കിയിട്ടല്ല കെ റിയിലുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
' സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. പദ്ധതിയുടെ പ്രത്യാഘാതങ്ങളോ സാങ്കേതികമായ പ്രശ്നങ്ങളോ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടില്ല. എലവേറ്റഡ് പാതയാണ് കേരളത്തിന് അനുയോജ്യം. നാടിന്റെ ഭാവിക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാറിന്റെ ധര്‍മ്മം ' -ഇ ശ്രീധരന്‍ പറഞ്ഞു.
റെയില്‍വേ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് കേന്ദ്രമാണ്. അത് സിപിഎം ഗവണ്‍മെന്റാണെങ്കിലേ കിട്ടൂ. വേറെ വല്ല സര്‍ക്കാറുമാണെങ്കില്‍ കിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ ചെലവ് കുറച്ചു കാണിക്കാനാണ് ശ്രമം. നാടിന് വേണ്ടതല്ല സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിന് ഇഷ്ടമുള്ളതാണ് നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതില്‍ രഹസ്യ അജണ്ടയുണ്ടെന്നും പദ്ധതിയിലെ സാങ്കേതിക പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സില്‍വര്‍ലൈന്‍ പദ്ധതി തന്റെ പിടിവാശിയല്ലെന്നും നാടിന്റെ ആവശ്യമാണെന്നും ഇന്നലെ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇടതു സര്‍ക്കാര്‍ ജനവിരുദ്ധമായ ഒന്നും ചെയ്യില്ല, ജനങ്ങള്‍ പദ്ധതിക്കൊപ്പമാണ്. ജന താല്‍പര്യത്തിനുവേണ്ടിയുള്ള നടപടികള്‍ എതിര്‍പ്പിന്റെ പേരില്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്കായി സ്ഥാപിക്കുന്ന സര്‍വേക്കല്ലുകള്‍ കോണ്‍ഗ്രസ് പിഴുതെറിയുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രഖ്യാപനത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.