ശമ്പളത്തിനും പെന്‍ഷനും കാശില്ല; ₹2,000 കോടി കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ദൈനംദിന ചെലവുകള്‍ക്ക് പോലും കാശില്ലാതെ കേരളം ഗുരുതര സ്ഥിതിയിലേക്ക് നീങ്ങിയേക്കും

Update: 2023-07-29 13:51 GMT

Image : Facebook/ KN Balagopal, Nirmala Sitharaman

ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാനായി വീണ്ടും കടം വാങ്ങാന്‍ തയ്യാറെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബര്‍ വരെ 15,390 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതില്‍ 12,500 കോടി രൂപ ഇതിനകം എടുത്ത് കഴിഞ്ഞു. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം 5,500 കോടി രൂപയാണ് കടമെടുത്തത്. പുതുതായി 2,000 കോടി രൂപ കൂടി കടമെടുക്കാനാണ് തീരുമാനം. ഇതിനായുള്ള ലേലം ഓഗസ്റ്റ് ഒന്നിന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും.

ഇതുകൂടി കഴിഞ്ഞാല്‍ ഇനി ബാക്കിയുള്ളത് 890 കോടി രൂപ മാത്രം. ഫലത്തില്‍ കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ ഡിസംബര്‍ വരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാകും നേരിടുക. ദൈനംദിന ചെലവുകള്‍ക്ക് പോലും പണമില്ലാതെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം പോകും.
കേന്ദ്രം കനിയണം
ഓണം പടിവാതിലില്‍ എത്തിക്കഴിഞ്ഞു. സപ്ലൈകോയ്ക്കുള്ള കുടിശിക പോലും സര്‍ക്കാര്‍ വീട്ടാനുണ്ട്. സബ്‌സിഡി സാധനങ്ങള്‍ വാങ്ങാന്‍ പണം നേരത്തേ നല്‍കണം. കെ.എസ്.ആര്‍.ടി.സിക്ക് ഇനി പണം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചട്ടപ്രകാരം എടുക്കാവുന്ന കടത്തിന് പുറത്ത് അഡ് ഹോക് വായ്പയായി കുറഞ്ഞത് 10,൦൦൦ കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കേന്ദ്രം അനുവദിച്ചില്ലെങ്കില്‍ ഇത്തവണത്തെ ഓണം പോലും പ്രതിസന്ധിയിലാകാനാണ് സാദ്ധ്യത.


Tags:    

Similar News