മുന്നില്‍ സാമ്പത്തിക മാന്ദ്യമെന്ന് വിദഗ്ധര്‍; നിങ്ങള്‍ എങ്ങനെ തയ്യാറെടുക്കണം

സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാന്‍ ചില മുന്‍കരുതലുകള്‍ നമ്മേ സഹായിക്കും

Update:2022-12-27 18:30 IST

 image: @canva

മഹാമാന്ദ്യം അഥവാ 'ദി ഗ്രേറ്റ് ഡിപ്രഷന്‍' (The Great Depression) എന്ന് കേട്ടിട്ടില്ലേ. 1929 ല്‍ ആരംഭിച്ച ഇത് 1933 വരെ നീണ്ടുനിന്നു. വ്യാവസായിക ലോകത്തെ ബാധിച്ച ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമായിരുന്നു ഇത്. 1929 ലെ ഈ മഹാമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു 2008-ലെ സാമ്പത്തിക മാന്ദ്യം. ഇത് ജൂണ്‍ 2009 വരെ ഏകദേശം ഒന്നര വര്‍ഷം നീണ്ടുനിന്നു. പിന്നീട് കോവിഡ് പിടിമുറിക്കിയപ്പോഴും ലോക സമ്പദ് വ്യവസ്ഥ വലിയ പ്രതിസന്ധി നേരിട്ടു. ഇപ്പോഴിതാ അടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ വരവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ആഗോള മാന്ദ്യം (Global Recession)  2023-ല്‍ ആരംഭിക്കുമെന്ന് പല ഏജന്‍സികളും പ്രവചിക്കുന്നുണ്ട്. പണപ്പെരുപ്പത്തിന് മറുപടിയായി ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ ഒരേസമയം പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിനാല്‍ 2023-ല്‍ ലോകം ആഗോള മാന്ദ്യത്തിലേക്ക് നീങ്ങിയേക്കാമെന്ന് 2022 സെപ്തംബറിലെ ലോകബാങ്കിന്റെ പഠന റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആഗോള വളര്‍ച്ച 2021 ലെ 6.0 ശതമാനത്തില്‍ നിന്ന് 2022-ല്‍ 3.2 ശതമാനമായും 2023-ല്‍ 2.7 ശതമാനമായും കുറയുമെന്ന് വേള്‍ഡ് ഇകണോമിക് ഫോറം ഒക്ടോബറില്‍ പ്രവചിച്ചിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തുവന്ന സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് (CEBR) റിപ്പോര്‍ട്ടും പറയുന്നത് 2023-ല്‍ ആഗോള മാന്ദ്യം ആരംഭിക്കുമെന്നാണ്.

എന്താണ് സാമ്പത്തിക മാന്ദ്യം

ലോകത്തിലെ എല്ലാ രാജ്യങ്ങളുടേയും വളര്‍ച്ചയില്‍ പല തരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ചില രാജ്യങ്ങളില്‍ ചിലപ്പോള്‍ വളര്‍ച്ചയില്‍ മാന്ദ്യം കുറേക്കാലം ഉണ്ടായെന്ന് വരില്ല. എന്നാല്‍ മറ്റ് ചില രാജ്യങ്ങളില്‍ കുറേക്കാലം സാമ്പത്ത് വ്യവസ്ഥയെ മാന്ദ്യം ബാധിച്ചിട്ടുണ്ടാകം. ഒരു പരിധിക്കപ്പുറം മാന്ദ്യം ഇത്തരത്തില്‍ തുടരാം. ഇങ്ങനെ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്ന സാമ്പത്തിക പ്രവര്‍ത്തനത്തിലെ ഗണ്യമായ ഇടിവാണ് സാമ്പത്തിക മാന്ദ്യം.

മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (GDP), മൊത്ത-ചില്ലറ വില്‍പ്പന, വരുമാനം, തൊഴില്‍, വ്യാവസായിക മേഖല എന്നീ മേഖലകളില്‍ സാധാരണയായി ഇത് ദൃശ്യമാണ്. തൊഴിലില്ലായ്മ അതിതീവ്രമായി വളരുക, വിലക്കയറ്റം ഉണ്ടാവുക, കാര്‍ഷികത്തകര്‍ച്ച ഉണ്ടാവുക, ജോലി നഷ്ടപ്പെടുക, ചില്ലറ വില്‍പ്പന കുറയുക എന്നിവയെല്ലാം മാന്ദ്യം പിടിമുറുക്കുന്നതോടെ രാജ്യത്ത് സംഭവിക്കുന്നു. ഒരു പാഠപുസ്തക നിര്‍വചനത്തിനപ്പുറം മാന്ദ്യം യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടാക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും ചെറുതല്ല.

തയ്യാറെടുക്കണം നാം

സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാന്‍ ചില മുന്‍കരുതലുകള്‍ നമ്മേ സഹായിക്കും. സമ്പദ് വ്യവസ്ഥ കുതിച്ചുയരുകയാണെങ്കിലും സ്തംഭനാവസ്ഥയിലാകുകയാണെങ്കിലും വേണ്ടത്ര പണം നീക്കിവെക്കേണ്ടത് പ്രധാനമാണ്. ഇത് അപ്രതീക്ഷിതമായ തൊഴില്‍ നഷ്ടമോ മറ്റ് അടിയന്തിര സാഹചര്യങ്ങളോ നേരിടോന്‍ നിങ്ങളെ സഹായിക്കും. സാമ്പത്തിക മാന്ദ്യത്തിന് തയ്യാറെടുക്കാനുള്ള ചില മുന്‍കരുതലുകള്‍ ഇതാ.

മുന്‍കരുതലുകള്‍ എടുക്കാം

സാമ്പത്തിക മാന്ദ്യത്തിന് തയ്യാറെടുക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പ്രതിമാസ അടിസ്ഥാനത്തില്‍ നിങ്ങളുടെ ബജറ്റ് വീണ്ടും വിലയിരുത്തുക എന്നത്. കൂടുതല്‍ പണം ലാഭിക്കാനുള്ള മറ്റ് വഴികളെക്കുറിച്ച് ക്രിയാത്മകമായി ചിന്തിക്കുക. ബാക്കി തുക ഉപയോഗിച്ച് നിങ്ങളുടെ പ്രതിമാസ ചെലവുകള്‍ കൈകാര്യം ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ പണം കഴിയുന്നത്ര ലാഭിക്കുകയും ചെയ്യാം. മാത്രമല്ല അടിയന്തിര സാഹചര്യങ്ങളോ ഉണ്ടായാല്‍ പോലും നിങ്ങളുടെ പ്രതിമാസ ബില്ലുകളും മറ്റും അടയ്ക്കാനാകും.

മറ്റൊന്നാണ് അടിയന്തിര ഫണ്ട് നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങളുടെ വരുമാനത്തില്‍ നിന്നും നല്ലൊരും ശതമാനം തുക അടിയന്തിര ഫണ്ടായി നിങ്ങള്‍ നീക്കിവയ്ക്കണം. മൂന്നോ ആറോ മാസത്തെ ചെലവുകള്‍ വഹിക്കാന്‍ മതിയായ പണമുള്ള ഒരു അടിയന്തിര ഫണ്ട് ഉണ്ടായിരിക്കണം എന്നതാവണം നിങ്ങളുടെ ലക്ഷ്യം. വായ്പ തിരിച്ചടയ്ക്കുന്നതിന് മുന്‍ഗണന നല്‍കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. ബാലന്‍സുകള്‍ പരിശോധിച്ച് നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കുന്നതിന് ആവശ്യമായ പണം ഉണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ക്ലിയര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

പുതിയ കാര്‍ വാങ്ങുക, നിങ്ങളുടെ വീട് പുനര്‍നിര്‍മ്മിക്കുക, അല്ലെങ്കില്‍ ചെലവേറിയ അവധിക്കാലം ആഘോഷിക്കുക എന്നിവയെക്കുറിച്ച് കഴിയുന്നതും ചിന്തിക്കാതിരിക്കുക. മാന്ദ്യ കാലത്ത് ഇതുണ്ടാക്കുന്ന സാമ്പത്തിക ഞെരുക്കം വളരെ വലുതായിരിക്കും. അനാവശ്യ ചെലവുകള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലത്. ഈ ഫണ്ടുകള്‍ നിങ്ങളുടെ അടിയന്തര സമ്പാദ്യത്തിലേക്ക് മാറ്റുന്നതാണ് നല്ലത്. കഴിയുമെങ്കില്‍ ഒന്നിലധികം വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുകയോ സൃഷ്ടിക്കുകയോ ചെയ്യുക. മാന്ദ്യത്തെ പ്രതിരോധിക്കുന്ന ധാരാളം ജോലികള്‍ കണ്ടെത്താന്‍ ശ്രമിക്കുക. കാരണം മാന്ദ്യം മൂലം നിങ്ങളുടെ കമ്പനി തൊഴിലാളികളെ പിരിച്ചുവിടുകയാണെങ്കില്‍ പിടിച്ചു നില്‍ക്കേണ്ടതും അനിവാര്യമാണല്ലോ.

സാമ്പത്തിക സുരക്ഷിതത്വം ഇല്ലെങ്കില്‍ അത് നമ്മുടെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കും. ബജറ്റ്, സേവിംഗ്‌സ്, നിക്ഷേപങ്ങള്‍ എന്നിവയില്‍ കൃത്യമായി ശ്രദ്ധിക്കുക. അതായത് എത്രയും വേഗത്തില്‍ നിങ്ങള്‍ ഒരു സാമ്പത്തിക പദ്ധതി ഉണ്ടാക്കുക. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു പ്ലാനിനെ അടിസ്ഥാനമാക്കി നിങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കുന്നതാണ് നല്ലത്. ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാകുന്നത് നല്ല രീതിയില്‍ നിങ്ങളെ സഹായിക്കും. അവ നിങ്ങള്‍ക്ക് സുരക്ഷിതത്വവും, ഏത് മാന്ദ്യത്തിനും സ്വയം തയ്യാറെടുക്കാനും സഹായിക്കും.

വീണ്ടെടുക്കലിലേക്ക് നാം

സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള തിരിച്ചുവരവ് മാന്ദ്യത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. പക്ഷേ മാന്ദ്യത്തിന് മുമ്പുള്ള നിലയിലേക്കുള്ള പൂര്‍ണ്ണമായ സാമ്പത്തിക വീണ്ടെടുക്കലിലേക്ക് പിന്നെയും ഏറെ ദൂരമുണ്ട്. അതായത് മാന്ദ്യം അവസാനിച്ചുവെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞതിന് ശേഷവും സാമ്പത്തിക സ്ഥിതി വീണ്ടെടുത്ത് സാധാരണ സ്ഥിതിയിലെത്താന്‍ നാം വീണ്ടും കാത്തിരിക്കണം. അതുകൊണ്ട് തന്നെ ഒരു സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള ഈ മുന്നോരുക്കങ്ങള്‍ നാം മറക്കരുത്.

Tags:    

Similar News