കേന്ദ്ര ബജറ്റിന് കൗണ്ട് ഡൗണ്‍

Update:2020-01-20 10:51 IST

കേന്ദ്ര ബജറ്റ് രേഖകളുടെ അച്ചടി ആരംഭിക്കുന്നതിനു മുന്നോടിയായി നോര്‍ത്ത് ബ്ലോക്കിലെ പരമ്പരാഗത 'ഹല്‍വ' ചടങ്ങ് ഇന്ന്. ഫെബ്രുവരി ഒന്നിനുള്ള ബജറ്റ് അവതരണത്തിന്റ് കൗണ്ട് ഡൗണിനും ഇതോടെ തുടക്കമാകുന്നു.

ധനമന്ത്രി നിര്‍മ്മല സീതാരാമനും മറ്റ് ധനമന്ത്രാലയ ഉദ്യോഗസ്ഥരും 'ഹല്‍വ' ചടങ്ങില്‍ പങ്കെടുക്കും. ധനകാര്യ മന്ത്രാലയത്തില്‍ത്തന്നെ വലിയൊരു പാത്രത്തില്‍ തയ്യാറാക്കുന്ന ഹല്‍വ മുഴുവന്‍ ജീവനക്കാര്‍ക്കും നല്‍കുന്നു.ഈ ഹല്‍വ വിളമ്പുകയും ഭക്ഷിക്കുകയും ചെയ്യുന്നതോടെ താല്‍ക്കാലിക തടവറയായി മാറും ധനകാര്യ മന്ത്രാലയം.ബജറ്റ് നിര്‍മ്മാണവും അച്ചടി പ്രക്രിയയുമായി നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അനുബന്ധ ജീവനക്കാരും മന്ത്രാലയത്തില്‍ നിന്നു പുറത്തുപോകില്ല.ഫെബ്രുവരി ഒന്നിന് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതുവരെ അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനും കഴിയില്ല.ധനമന്ത്രാലയത്തിലെ വളരെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ പുറത്തു പോകാന്‍ അനുവാദമുള്ളൂ.

സെപ്റ്റംബര്‍ പാദത്തില്‍ ജിഡിപി വളര്‍ച്ച ആറര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിനാല്‍ 2020 ബജറ്റ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണയകമാകും. ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പ് പുറത്തിറക്കാനിരിക്കുന്ന ഡിസംബര്‍ പാദത്തിലെ ജിഡിപി കണക്കുകളിലും പ്രതീക്ഷ അര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സാമ്പത്തിക വര്‍ഷത്തെ മൊത്തം ജിഡിപി വളര്‍ച്ച അഞ്ച് ശതമാനത്തിന്റെ താഴെയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഉപഭോക്തൃ ആവശ്യവും ആഗോള മാന്ദ്യവും മൂലം സമ്പദ്വ്യവസ്ഥ ഉലഞ്ഞിരിക്കുകയാണ്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറവ് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ സര്‍ക്കാര്‍ നിരവധി നീക്കങ്ങള്‍ നടത്തി. പൊതുമേഖലാ ബാങ്കിംഗ് മേഖലയിലെ എക്കാലത്തെയും വലിയ ലയനവും നടന്നു.പക്ഷേ, കാര്യമായ ഫലങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.അതേസമയം, ഈ സാമ്പത്തിക വര്‍ഷത്തിലെ പരോക്ഷ നികുതി പിരിവ് ലക്ഷ്യങ്ങള്‍ പാളി.

വരുന്ന സാമ്പത്തിക വര്‍ഷം മുന്‍നിര്‍ത്തിയുള്ള സര്‍ക്കാരിന്റെ മനസ്സിലിരുപ്പ് ഇനിയും 10 ദിനങ്ങള്‍ക്കകം രാജ്യത്തിനു വ്യക്തമാകും.
ധനക്കമ്മി ലക്ഷ്യം നിലനിര്‍ത്തുക അസാധ്യമാകുമെന്ന അഭിപ്രായം ശക്തമായി നില്‍ക്കുമ്പോഴാണ് പുതിയ ബജറ്റ് വരുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകും ബജറ്റെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല സംശയം.ജനങ്ങളുടെ കയ്യില്‍ ചെലവാക്കാന്‍ പണം എത്തിക്കുകയെന്ന വെല്ലുവിളിയും ധനമന്ത്രിക്ക് ഏറ്റെടുത്തേ പറ്റൂ. നിരവധി നികുതി വിദഗ്ധരാണ് ആദായനികുതി ഘടനയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്നത്. ഉപഭോഗവും ഡിമാന്‍ഡും പുനരുജ്ജീവിപ്പിക്കാന്‍ ഇത് അനിവാര്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News