ഗ്രാമീണ ഇന്ത്യയില്‍ മുരടിപ്പ്: ഉപഭോഗ സൂചിക ഇടിഞ്ഞു

Update: 2019-10-18 09:21 GMT

ഗ്രാമീണ ഇന്ത്യാ തലത്തിലുള്ള ഉപഭോഗ നിരക്ക് സെപ്റ്റംബര്‍ പാദത്തില്‍ ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു. പ്രധാനമായും ഉത്തരേന്ത്യയിലാണ് പ്രതിസന്ധി രൂക്ഷമെന്ന് നീല്‍സണ്‍ വിപണി ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വലുപ്പത്തില്‍ നാലാം സ്ഥാനത്താണ് അതിദ്രുത ഉപഭോക്തൃ സാമഗ്രികളുടെ ഉത്പാദനവും വിപണനവും നടക്കുന്ന എഫ്എംസിജി മേഖല. രണ്ടു വര്‍ഷത്തിനുള്ളില്‍ മികച്ച വളര്‍ച്ചാനിരക്ക് ഈ മേഖല നേടുമെന്ന വിപണി വിദഗ്ധരുടെ പ്രവചനം ഈ വര്‍ഷവും പുറത്തുവന്നതിനിടയിലാണ് ഉപഭോഗ സൂചിക ആശാവഹമല്ലാത്ത കണക്കുകള്‍ രേഖപ്പെടുത്തുന്നത്.

എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ പണം ചെലവാക്കുന്നത് ഗ്രാമീണ ഇന്ത്യയാണ്. എഫ്എംസിജി മേഖലയുടെ വിറ്റുവരവില്‍ 36 ശതമാനം വരും ഗ്രാമീണ ഇന്ത്യയില്‍ നിന്നുള്ളത്. ഇന്ത്യയുടെ നഗര പ്രദേശങ്ങളെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം അധിക വളര്‍ച്ചയാണ് മുന്‍ വര്‍ഷങ്ങളില്‍ ഗ്രാമീണ ഇന്ത്യയിലുണ്ടായിരുന്നത്.

ഗ്രാമീണ ഇന്ത്യാ തലത്തില്‍ ഇക്കഴിഞ്ഞ ജൂലൈ- സെപ്റ്റംബര്‍ കാലത്തെ ഉപഭോഗ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമേയുള്ളൂ. 2018 മൂന്നാം പാദത്തിലെ വളര്‍ച്ചാ നിരക്ക് 20 ശതമാനമായിരുന്നു.നഗര തലത്തിലാകട്ടെ 2018 മൂന്നാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് 14 ശതമാനമായിരുന്നത് ഈ വര്‍ഷം സമാന കാലയളവില്‍ എട്ട് ശതമാനം മാത്രം.

നഗര പ്രദേശങ്ങളേക്കാള്‍ വളര്‍ച്ചയില്‍ ഗ്രാമീണ ഇന്ത്യ പിന്നിലാണ്. കൃഷി, മഴയുടെ ക്രമത്തിലുണ്ടായ വലിയ മാറ്റം തുടങ്ങിയവയാണ് ഗ്രാമീണ ഇന്ത്യയെ തളര്‍ത്തിയ ഘടകങ്ങള്‍.വിളകള്‍ക്കു വില താഴ്ന്നതോടെ വരുമാനം കുറഞ്ഞത് ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിച്ചു. വരുമാനം കുറയുന്നത് കര്‍ഷകരെ മാത്രമല്ല, ഭൂരഹിതരായ കൂലിപ്പണിക്കാരെയും വിഷമത്തിലാഴ്ത്തി. ഈ വിഭാഗങ്ങളില്‍ വരുന്നു ഗ്രാമീണ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും.

Similar News