സെമിഫൈനലിൽ പതറി ബിജെപി; തിരിച്ചു വരാൻ പൊതു ഖജനാവ് ധൂർത്തടിക്കുമോ?

Update: 2018-12-12 05:39 GMT

ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ 2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ടതിന് ഒരു കാരണമുണ്ട്. ഹിന്ദി ഹൃദയഭൂമിയിയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അവസാന പോരാട്ടമായ പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്ന വിശ്വാസം തന്നെ.

സെമിഫൈനലിൽ പതറിയതോടെ അധികാരം നിലനിർത്താൻ ബിജെപി എല്ലാ വഴിയും തേടുമെന്നുറപ്പ്. ജനപിന്തുണ ഉറപ്പാക്കാൻ ക്ഷേമ പദ്ധതികളും ഇളവുകളും വാരിക്കോരി നൽകാൻ ഭരണ കക്ഷി ശ്രമിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ധനക്കമ്മി, ബജറ്റ്

ഇത്തരത്തിൽ പൊതു ഖജനാവ് ധൂർത്തടിക്കപ്പെടാനുള്ള വലിയ സാധ്യത സാമ്പത്തിക വിദഗ്ധർ മുന്നിൽ കാണുന്നു. ഉയർന്ന എണ്ണ ഇറക്കുമതി ചെലവും കുറഞ്ഞ നികുതി വരുമാനവും കാരണം ഇപ്പോൾത്തന്നെ സമ്മർദ്ദത്തിലായിരിക്കുന്ന ധനക്കമ്മി, ഇതുമൂലം വീണ്ടും ഉയരുമെന്നാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്.

2019 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി ജിഡിപിയുടെ 3.3 ശതമാനമായി നിലനിർത്തുകയാണ് ലക്ഷ്യം. എന്നാൽ നിലവിലെ സാഹചര്യങ്ങൾ മൂലം ഇത് 3.5 ശതമാനത്തിലെത്തുമെന്നാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ പറയുന്നത്. ആദ്യ ആറ് മാസത്തെ ധനകമ്മി ടാർഗറ്റ് മറികടന്നു കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

അടുത്ത ബജറ്റ് ജനപ്രിയമായിരിക്കും എന്നുറപ്പാണ്. ഒരുപാട് സൗജന്യങ്ങളും ഇളവുകളും ഉൾപ്പെടെയായിരിക്കും ബജറ്റിന്റെ വരവ്. ഇതിനായി ആർബിഐയുടെ കരുതൽ ധനം ഉപയോഗപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണ്‌ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു ഒരു ദിവസം മുൻപ് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചതെന്നാണ് അഭ്യൂഹം.

ഇനി ലക്ഷ്യം മോദി ഇമേജ് പുതുക്കിപ്പണിയുക

മോദി ഇമേജ് പുതുക്കിപ്പണിയുക എന്നതിന് ഇനി പ്രാധാന്യം വർദ്ധിക്കുന്നതുകൊണ്ട് അപ്രതീക്ഷിതമായ നീക്കങ്ങൾ ഉണ്ടാകാം. വിജയ് മല്യയെയും നിരവ് മോദിയെയും പോലുള്ളവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് മൂർച്ചകൂടും. ആറ് മാസങ്ങൾക്ക് ശേഷമുള്ള പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ കൂടെ അസംബ്ലി തെരഞ്ഞെടുപ്പുകൾ നടത്താതിരിക്കാനും സാധ്യതയുണ്ട്.

കർഷക രോഷം തണുപ്പിക്കാൻ

കർഷക രോഷമാണ് ബിജെപിയ്ക്ക് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ഒരു കാരണം. ഇനി കർഷകരുടെ പിന്തുണനേടാനായി ബാങ്ക് വായ്പ എഴുതിത്തള്ളൽ പോലുള്ള വൻ പദ്ധതികൾ വരാനുള്ള സാധ്യതയും ഉണ്ട്.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ശക്തമായി തിരിച്ചുവരുന്നുണ്ടെന്ന സൂചനകളെ കണ്ടില്ലെന്ന് നടിക്കാനാണ് ബിജെപി എപ്പോഴും ശ്രമിച്ചത്. എന്തായാലും ബിജെപിയുടെ അമിത ആത്മവിശ്വാസത്തിനേറ്റ ആദ്യപ്രഹരമാണ് ഈ സംസ്ഥാനങ്ങളിലെ ജനവിധികൾ.

Similar News